മൈസൂർ ബാംഗ്ലൂര്‍ എക്സ്പ്രസ്സ് പാതയുടെ ചിത്രം കാസര്‍ഗോഡ് തലപ്പാടി- ചെങ്കള ദേശീയപാതയുടെ പേരില്‍ പ്രചരിപ്പിക്കുന്നു
ദേശീയപാത വികസന പദ്ധതി കേരളത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഗതാഗത കുരുക്കുകള്‍ ഒഴിവായി, സുഗമമായ യാത്ര സമയ നഷ്ടമില്ലാതെ സാധ്യമാകും. ചില സ്ഥലങ്ങളില്‍ റോഡ് നിര്‍മ്മാണം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. കാസര്‍ഗോഡ് തലപ്പാടി- ചെങ്കള പാത നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമുള്ള റോഡിന്‍റെ ചിത്രമെന്ന അവകാശവാദത്തോടെ ആറുവരി പാതയുടെ ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
പ്രചരണം
വിസ്താരമേറിയ പത്തുവരി പാതയുടെ ചിത്രമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ പണി പൂര്‍ത്തിയായ ആദ്യ റീച്ചായ കാസര്‍ഗോഡ് തലപ്പാടി-ചെങ്കള പാതയുടെ ചിത്രമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് 45 മീറ്റർ വീതിയിൽ
നടപ്പാക്കാൻ കഴിയുകയില്ലെന്ന് പറഞ്ഞുകൊണ്ട്
ഉമ്മൻചാണ്ടി സർക്കാർ ഇട്ടിട്ട് പോയതും
UDF ഉം BJP യും ഒരേ ശബ്ദത്തിൽ
പിണറായി വിജയനിതു പണിതു പൂർത്തികരിയ്ക്കുവാൻ കഴിയുകയില്ലെന്ന് പറഞ്ഞുകൊണ്ട് വെല്ലുവിളിയ്ക്കുകയും ചെയ്ത കേരളത്തിന്റെ ദേശീയപാത....
2025 ൽ കാസർഗോഡ് മുതൽ
തിരുവനന്തപുരം വരെ ഈ പാത ഇതുപോലെ സൂപ്പറാകും....
ഇത് ആദ്യം പണിപൂർത്തിയായ കാസർഗോഡ് റീച്ചിലെ ദൃശ്യം. ഇത് പിണറായി ഭരണക്കാലം കേരളത്തിന്റെ സ്വപ്നതുല്യ വികസങ്ങളുടെ സുവർണ്ണകാലം 👌👌👌👌👌 👌❤❤❤❤💪💪💪💪💪💪💪💪💪
#𝐋𝐞𝐟𝐭𝐀𝐥𝐭𝐞𝐫𝐧𝐚𝐭𝐢𝐯𝐞
#𝐋𝐃𝐅𝐆𝐎𝐕𝐄𝐑𝐍𝐌𝐄𝐍𝐓🚩”
എന്നാല്‍ കര്‍ണ്ണാടകയിലെ പാതയാണിതെന്നും കേരളവുമായി ഈ പാതയ്ക്ക് ബന്ധമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇത് മൈസൂർ ബാംഗ്ലൂര്‍ എക്സ്പ്രസ്സ് പാതയുടെതാണ് എന്നുള്ള ചില സൂചനകൾ ലഭിച്ചു. ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ ഏരിയല്‍ ട്രാവലര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിൽ മൈസൂർ ബാംഗ്ലൂർ ഹൈവേയുടെ ഒരു വീഡിയോ നൽകിയിരിക്കുന്നത് കണ്ടു. വീഡിയോ ഗോള്‍ഡന്‍ ടോണ്‍ ലൈറ്റിൽ ചിത്രീകരിച്ചതാണ്. പ്രചരിക്കുന്ന ചിത്രം ഇതേ ലൈറ്റിൽ ചിത്രീകരിച്ചതാണ്. ഈ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട് ആണ് പോസ്റ്റിലെ വീഡിയോയില്‍ പ്രചരിപ്പിക്കുന്നത് എന്ന് അനുമാനിക്കാം.
കൂടാതെ ഇത് പത്തുവരി പാതയാണ്. ബാംഗ്ലൂര്‍- മൈസൂര്‍ എക്സ്പ്രസ്സ് വേ പത്തുവരി പാതയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പല ദേശീയ മാധ്യമങ്ങളും ബാംഗ്ലൂര്‍- മൈസൂര്‍ എക്സ്പ്രസ്സ് വേയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. പാതയുടെ ചിത്രം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. ഗൂഗിള്‍ ഏര്‍ത്ത് മാപ്പില്‍ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമാണ്.
എന്നാല്‍ കേരളത്തില്‍ പൂതി നിര്‍മ്മിക്കുന്ന ഹൈവേകള്‍ എല്ലാം ആറുവരിയാണ്. കൂടുതല്‍ വിവങ്ങള്‍ക്കായി ഞങ്ങള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തുള്ള റീജിയണല്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, കാസര്‍ഗോഡ് തലപ്പാടി-ചെങ്കള റോഡ് ആറുവരിയാണെന്ന് അവിടെയുള്ള ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
തലപ്പാടി-ചെങ്കള റോഡ് നിര്‍മ്മാണത്തിന്‍റെ വീഡിയോ ഒരു യുട്യൂബര്‍ പോസ്റ്റു ചെയ്തത് കാണാം.
പോസ്റ്റിലെ ചിത്രത്തിലുള്ളത് ബാംഗ്ലൂര്‍- മൈസൂര്‍ എക്സ്പ്രസ്സ് വേയുടെ ചിത്രമാണ് എന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണമായും തെറ്റാണ്. ചിത്രം കാസര്‍ഗോഡ് തലപ്പാടി-ചെങ്കള ദേശീയപാതയുടെതല്ല. കര്‍ണ്ണാടകയിലെ ബാംഗ്ലൂര്‍- മൈസൂര്‍ എക്സ്പ്രസ്സ് വേയുടേതാണ്. ചിത്രത്തിന് കേരളവുമായി ബന്ധമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:മൈസൂർ ബാംഗ്ലൂര്‍ എക്സ്പ്രസ്സ് പാതയുടെ ചിത്രം കാസര്‍ഗോഡ് തലപ്പാടി- ചെങ്കള ദേശീയപാതയുടെ പേരില്‍ പ്രചരിപ്പിക്കുന്നു
Written By: Vasuki SResult: False