അഫ്ഗാനിസ്ഥാനിലെ ഏതാണ്ട് മുഴുവൻ പ്രവിശ്യകളും താലിബാൻ അധീനതയിലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ താലിബാൻ ക്രൂരതകളെ തുറന്നുകാട്ടുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഈയിടെ വാട്സ്ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. വീഡിയോയിൽ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടി ബന്ധിതനായ ഒരു യുവാവിനെ നേർക്ക് നിർദാക്ഷിണ്യം വെടിയുതിർത്ത് കൊല്ലുന്ന അതിക്രൂര ദൃശ്യങ്ങളാണ് ഉള്ളത്.

താലിബാൻ പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാൻ ജനങ്ങളോട് ചെയ്യുന്ന ക്രൂരത എന്നമട്ടിൽ ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികൾ രക്ഷപെടാൻ അനുവദിക്കാതെ കൊല്ലുന്നു.

ഇതും , ഇതിനപ്പുറം ക്രൂരതകളും - കേരള ക്രൈസ്തവർക്ക് - ഹിന്ദുക്കൾക്ക് ഉണ്ടാകാതിരിക്കണമെങ്കിൽ ഐക്യത്തോടെ ജനത്തെ ബോധവത്ക്കരിക്കണം. പ്രതിരോധ നടപടികൾ ഏർപ്പെടുത്തണം.

OR

വലിയ സഹനം - പീഢനം മുമ്പിൽ അടുത്തു കൊണ്ടിരിക്കുന്നത്‌തടയുന്നില്ലെങ്കിൽ ........

archived link

വീഡിയോയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങൾക്ക് വാട്സാപ്പിൽ സന്ദേശം ലഭിച്ചിരുന്നു.

വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ളതല്ല എന്ന് വ്യക്തമായി.

വസ്തുത ഇങ്ങനെ

ഞങ്ങള്‍ വീഡിയോയില്‍ നിന്നും ചില ഫ്രെയിമുകള്‍ വേര്‍തിരിച്ച് എടുത്ത ശേഷം അതില്‍ നിന്നും പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ദൃശ്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായി. സിറിയയില്‍ ഐഎസ് നടത്തിയ ക്രൂരതയുടെതാണ് വീഡിയോ.

2017 ല്‍ യുകെയിലെ സണ്‍ എന്ന മാധ്യമം വീഡിയോയെ കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ഖിലാഫത് കിടാവുകൾ” എന്ന പേരില്‍ പുറത്തിറക്കിയതിനേക്കാൾ നടുക്കുന്ന ദൃശ്യങ്ങളുള്ള മറ്റൊരു ശൈശവ ബാലന്‍റെ വീഡിയോയുമായി ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും വരുന്നു. ഒരു അമ്യൂസ്മെൻറ് പാര്‍ക്കില്‍ ചങ്ങലയിൽ ബന്ധിക്കപ്പെട്ട തടവുകാരനെ തീരെ ചെറിയ കുട്ടി വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്. ഐഎസ് സോഷ്യൽ മീഡിയ ചാനലുകളിൽ “ചിലപ്പോൾ അവരുടെ സ്വന്തം രക്തത്തോടൊപ്പം” എന്നപേരിൽ വീഡിയോ പ്രത്യക്ഷപ്പെട്ടു. “അവൻ തന്‍റെ രക്തത്താൽ എന്നെ പുനരുജ്ജീവിപ്പിച്ചു” എന്ന പേരിലും ഇതേ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതായി വാർത്തകളുണ്ട്. സിറിയയിലെ ഡെയർ ഇസെർ എന്നാ സ്ഥലത്താണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. വീഡിയോയിൽ വധിക്കപ്പെട്ട തടവുകാർ കുര്‍ദിഷ് പോരാളികൾ ആണെന്ന് പറയപ്പെടുന്നു.” മറ്റു പല മാധ്യമങ്ങളും ഇതേ വാര്‍ത്ത വീഡിയോയെ കുറിച്ച് നല്‍കിയിട്ടുണ്ട്.

ഐഎസ് തീവ്രവാദികളുടെ യുടെ നേതൃത്വത്തിൽ നടന്ന കിരാത പ്രവർത്തി ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ താലിബാന്‍ നടപ്പിലാക്കിയത് എന്ന പേരിൽ പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ശൈശവം വിട്ടുമാറാത്ത ബാലന്‍ ഒരു യുവാവിനെ വെടിവെച്ചു കൊല്ലുന്ന നടുക്കുന്ന ദൃശ്യം അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതൃത്വത്തിൽ നടത്തിയ ഏതെങ്കിലും ക്രൂര പ്രവൃത്തിയുടെതല്ല. സിറിയയിൽ ഐഎസ് തീവ്രവാദികളുടെ നേതൃത്വത്തിൽ നടന്ന ഈ ക്രൂരത ഐഎസ് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിലൂടെ 2017 ല്‍ പുറത്തു വന്നതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഐഎസ് തീവ്രവാദികളുടെ സിറിയയിലെ ക്രൂരതയുടെ പഴയ വീഡിയോ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത എന്ന പേരില്‍ പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False