കര്‍ഷക സമര വേദികളില്‍ നിന്നും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ചു തുടങ്ങിയ ഒരു ചിത്രമാണിത്.

പ്രചരണം

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിലേയ്ക്ക് ആളുകള്‍ ചെറിയ പാത്രങ്ങളും ഗ്ലാസുകളും നീട്ടുന്നതും കാറിനുള്ളിലുള്ള വ്യക്തി അവയിലേയ്ക്ക് മദ്യം പകര്‍ന്നു നല്‍കുന്നതുമായ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം അനുസരിച്ച് ദൃശ്യങ്ങള്‍ നിലവിലെ കര്‍ഷക സമര വേദിയില്‍ നിന്നുള്ളതാണ് എന്ന് അവകാശപ്പെടുന്നു. ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർഷകരാണ് എന്ന വ്യാജേന കൂടെക്കൂടി മദ്യവും, മയക്കുമരുന്നും നൽകി പാവം കർഷകരെയും ദിവസക്കൂലിക്ക് ആളെയും കൊണ്ടുവന്ന് സമരം ചെയ്യുകയാണ് ഈ ഖാലിസ്ഥാൻ തീവ്രവാദികൾ അതിന് കൂട്ട് മാധ്യമങ്ങളും, തീവ്രവാദികളും, സുടാപ്പികളും, കമ്മ്യൂണിസ്റ്റുകാരും, ആക്ടിവിസ്റ്റുകളും, പ്രതിപക്ഷ പാർട്ടികളും ഇതെവിടെ ചെന്ന് അവസാനിക്കുമോ എന്തോ? ഭാരതത്തെ നശിപ്പിക്കാൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ് കാര്യം അഴിമതിയില്ലാത്ത ഭരണം അവർക്ക് സഹിക്കുന്നില്ല. രാമക്ഷേത്രമുയർന്നത് അവർക്ക് സഹിക്കുന്നില്ല. രാജ്യം പുരോഗതിയിലേക്ക് പോകുന്നത് അവർക്ക് സഹിക്കുന്നില്ല. മോദിജിയുടെ ഭരണം ഒട്ടും ദഹിക്കുന്നില്ല അത് തന്നെയാണ് കാരണം”

FB postarchived link

വീഡിയോയെ കുറിച്ച് വിശദമായി അന്വേഷിച്ചപ്പോള്‍ ഇത് നിലവിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ളതല്ലെന്നും പഴയ വീഡിയോ ആണെന്നും വ്യക്തമായി.

വസ്തുത ഇങ്ങനെ

ഞങ്ങള്‍ വീഡിയോ വിവിധ കീ ഫ്രെയിമുകളാക്കിയ ശേഷം പ്രധാനപ്പെട്ട ചില ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ 2020 ഏപ്രില്‍ മാസം മുതല്‍ ഈ വീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി.

മദ്യം ലഭിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍ ആരും മാസ്ക് ധരിച്ചിട്ടില്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. അതായത് മാസ്ക് നിര്‍ബന്ധമാക്കുന്നതിന് മുമ്പേയുള്ള വീഡിയോ ആണിത് എന്നനുമാനിക്കുന്നു.

പ്രസ്തുത വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണ്, ഏതു സന്ദര്‍ഭത്തിലെതാണ് എന്ന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ലഭ്യമായാലുടന്‍ ഞങ്ങള്‍ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്. ഏതായാലും 2020 മുതല്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല. 2020 ഏപ്രില്‍ മുതല്‍ പ്രചരിക്കുന്ന വീഡിയോ ആണിത്.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പരസ്യമായി മദ്യ വിതരണം നടത്തുന്ന ദൃശ്യങ്ങള്‍ നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല…

Written By: Vasuki S

Result: False