നിസ്സഹായരായ മനുഷ്യരെ ചിലർ അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ആക്രമിക്കുന്നയാളോ ഇരയോ അറിയാതെയാകും പലപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇരകള്‍ക്ക് നീതി ലഭിച്ച വാര്‍ത്തകളും പിന്നീട് വരാറുണ്ട്. ഒരു വ്യക്തി നിസ്സഹായനായ യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഇപ്പോള്‍സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

പ്രചരണം

ഒരാള്‍ യുവാവിനെ എന്തൊക്കെയോ ചോദ്യം ചെയ്യുന്നതും വടികൊണ്ട് അടിക്കുന്നതും കാണാം. സംഭവം നടക്കുന്ന മുറിയില്‍ മറ്റ് വ്യക്തികളുണ്ട് എങ്കിലും അവര്‍ അടിക്കുന്നയാളെ തടയാനോ യുവാവിനെ രക്ഷിക്കാനോ ശ്രമിക്കുന്നില്ല. യുവാവിനോട് കുനിഞ്ഞിരിക്കാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്യുമ്പോള്‍ പിന്നില്‍ വീണ്ടും ക്രൂരമായി അടിക്കുന്നതും കാണാം.

ഉത്തർപ്രദേശിലെ ഇന്‍പുരിൽ നിന്നുള്ള ബിജെപി എംഎൽ എംഎൽഎ ശമ്പളം കൂട്ടി ചോദിച്ചതിന് തന്റെ ജോലിക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആണിത് എന്ന് അവകാശപ്പെട്ട് ഒപ്പം ഉള്ള വിവരണം ഇങ്ങനെ: “ഉത്തർപ്രദേശ് : ഈൻപുർ അസംബ്ലിമണ്ഡലത്തിലെ ബിജെപി എംഎൽഎയുടെ ജോലിക്കാരൻ ശമ്പളം ചോദിച്ചതിന് എംഎൽഎയുടെ മർദ്ദനം

ഇവനെപ്പോലുള്ള രാജ്യദ്രോഹികളാണ് ഈ രാജ്യം ഭരിക്കാൻ കേറിയിരിക്കുന്നത് പാവപ്പെട്ട ദളിതന്‍റെയും പിന്നോക്ക ന്യൂനപക്ഷങ്ങളുടെ സ്ഥിതികൾ നാളെ എന്തായിരിക്കും

ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യുക ഇവന്റെയൊക്കെ തനിനിറം ജനങ്ങൾ കാണട്ടെ”

FB postarchived link

എന്നാൽ തെറ്റായ പ്രചരണമാണ് ഇതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി

വസ്തുത ഇതാണ്

ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ദൃശ്യങ്ങളില്‍ കാണുന്ന ഇരയാക്കപ്പെട്ട വ്യക്തി എം‌എല്‍‌എയുടെ ജോലിക്കാരണല്ലെന്നും അടിക്കുന്നയാള്‍ ബിജെപി എം‌എല്‍‌എ അല്ലെന്നും വ്യക്തമായി. മാത്രമല്ല, ഈന്‍പൂര്‍ എന്നൊരു സ്ഥലം ഉത്തര്‍പ്രദേശില്‍ ഇല്ല.

വീഡിയോയുടെ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഏപ്രിൽ 17-ന് ETV ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

ഈ വാർത്ത പ്രകാരം 2022 ഏപ്രില്‍ മാസം യുപിയിലെ ഷാജഹാൻപൂരിലാണ് സംഭവം നടന്നത്. ഇരയുടെ പേര് രാജീവ് ഭരദ്വാജ്, മുഖ്യപ്രതിയുടെ പേര് പ്രതീക് തിവാരി. ഇവര്‍ തമ്മിലുള്ള പണം ഇടപാടിന്‍റെ പേരിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. കേസിൽ പ്രതീക് തിവാരി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ദൈനിക് ഭാസ്‌കറിലും ജാഗരണിലും വൈറല്‍ വീഡിയോയെക്കുറിച്ചുള്ള വാർത്തകള്‍ വന്നിരുന്നു.

തുടർന്ന് ഞങ്ങൾ ഷാജഹാൻപൂർ പോലീസ് സൂപ്രണ്ട് (സിറ്റി) സഞ്ജയ് കുമാറുമായി ബന്ധപ്പെട്ടു. “ഇത് ബന്ദ ജില്ലയില്‍ നിന്നുള്ളതോ ബി.ജെ.പി നേതാക്കള്‍ ദളിതനെ മർദിച്ച സംഭവമോ അല്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. വീഡിയോയിൽ കാണുന്ന ഇര ദളിത് വിഭാഗത്തിൽ നിന്നുള്ള ആളല്ല, പ്രതികളിൽ ആരും ബിജെപി എം‌എല്‍‌എയോ നേതാക്കളോ അല്ല. ഇരയായ രാജീവ് ഭരദ്വാജും പ്രതി പ്രതീക് തിവാരിയും തമ്മിലുള്ള പണം ഇടപാടിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഈ കേസിൽ 4 പേർ അറസ്റ്റിലായിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു ”.

സംഭവത്തെക്കുറിച്ച് 2022 ഏപ്രിൽ 16ന് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ സദർ ബസാർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിൽ പറയുന്നതനുസരിച്ച്, സംഭവം നടന്നത് 2022 മാർച്ച് 13നായിരുന്നു. പരാതിക്കാരന്‍റെ പേര് രാജീവ് ഭരദ്വാജ് എന്നാണ് നൽകിയിരിക്കുന്നത്, പ്രധാന പ്രതി പ്രതീക് തിവാരിയാണ്.

X പ്ലാറ്റ്ഫോമിലൂടെ എസ്.പി സഞ്ജയ് കുമാർ ഈ വീഡിയോ സംബന്ധിച്ച് സംഭവം നടന്ന സമയത്ത് വിശദീകരണം നൽകിയിരുന്നു.

നിഗമനം

പോസ്റ്റിലെ വീഡിയോയ്‌ക്കൊപ്പം ഉന്നയിക്കുന്ന അവകാശവാദം തെറ്റാണ്. ഈ വീഡിയോ ഷാജഹാൻപൂരിൽ നിന്നുള്ളതാണ്. ഇര ദളിത് സമുദായത്തിൽ നിന്നുള്ള ആളല്ല, മര്‍ദ്ദിക്കുന്നയാള്‍ ബിജെപി എം‌എല്‍‌എയല്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഷാജഹാന്‍പുരില്‍ പണമിടപാടിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തിന്‍റെ പഴയ ദൃശ്യങ്ങള്‍, ശമ്പളം ചോദിച്ചതിന് ബി‌ജെ‌പി എം‌എല്‍‌എ ജോലിക്കാരനെ മര്‍ദ്ദിക്കുന്നു എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False