ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബുര്‍ഖ ധരിച്ച സ്ത്രീകള്‍ മാര്‍ച്ച് നടത്തുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഇസ്ലാം പരമ്പരാഗത വേഷമായ ബൂര്‍ഖ ധരിച്ച ഒരു സംഘം സ്ത്രീകള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളുമേന്തി റോഡിലൂടെ റാലി നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലവിലെ കാര്‍ഷിക സമരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ:

”_മുംബൈയിൽ നടന്ന കിസ്സാൻ റാലി.._

_ഈ മുപ്പതുമീറ്റർ ചാക്കിൽ പൊതിഞ്ഞവർക്ക് നിലമൊരുക്കൽ, വിത്തിടൽ, കളപറിക്കൽ, വളമിടൽ, വിളവെടുപ്പ്, ഒന്നിനും ദുഷ്ടൻ മോഡി സമ്മതിക്കുന്നില്ല.._😂😂വിഡ്ഢികളായ ഹിന്ദുക്കളെ കാലിനടിയിലെ മണ്ണ് പൂർണമായും നഷ്ടപ്പെടുന്നതിനു മുൻപ് ഒരു കാര്യം മനസ്സിലാക്കൂ 😔ഹിന്ദുവിന് പലായനം ചെയ്യാൻ വേറെ രാജ്യങ്ങളില്ല.. ഈ ഭൂമിയിൽ സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി കഴിയുന്ന ഓരേ ഒരു മതസ്ഥരെയുള്ളൂ 🤔കശ്മീരിലെ ഹിന്ദുക്കൾ”

FB postarchived link

എന്നാല്‍ 2021 ലെ ഈ വീഡിയോയ്ക്ക് നിലവില്‍ നടക്കുന്ന കാര്‍ഷിക സമരവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2021 ജനുവരിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിട്ടുള്ള ഇതേ വീഡിയോ ലഭ്യമായി.

2021 ജനുവരില്‍ കാര്‍ഷിക സമരത്തെ പിന്തുണച്ചു കൊണ്ട് മുസ്ലിം സംഘടനകള്‍ മുംബൈയില്‍ നടത്തിയ റാലിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഇപ്പോഴത്തെതല്ല.

“ഡൽഹിയിലെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് 100 സംഘടനകളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ‘കിസാൻ അലയൻസ് മോർച്ച’യുടെ ബാനറിന് കീഴിൽ ഒത്തുചേർന്നു. മറൈൻ ലൈനിലെ ഇസ്‌ലാം ജിംഖാനയിൽ നിന്ന് ആരംഭിച്ച മോർച്ച ആസാദ് മൈതാനിയിൽ സമാപിച്ചു. ആക്ടിവിസ്റ്റ് മേധാ പട്കർ, സ്വാഭിമാനി ഷേത്കാരി സംഘടനാ പ്രസിഡന്‍റ് രാജു ഷെട്ടി തുടങ്ങിയ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും പിന്തുണ അറിയിക്കുകയും ന്യൂഡൽഹിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു” എന്ന വിവരണത്തോടെ ഇന്ത്യന്‍ എക്സ്പ്രസ്സ് ഇതേപ്പറ്റി വാര്‍ത്ത നല്കിയിരുന്നു.

“ഫാര്‍മേഴ്സ് പ്രൊട്ടസ്റ്റ് ലൈവ് ഇന്‍ മുംബൈ” എന്ന അടിക്കുറിപ്പില്‍ ഒരു വ്ലോഗര്‍ തന്‍റെ യുട്യൂബ് ചാനലില്‍ 2021 ജനുവരി 17 ന് കാര്‍ഷിക സമരത്തിന് ലഭിച്ച മുസ്ലിം പിന്തുണയെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.

വീഡിയോയുടെ 1:43 മിനിറ്റുകള്‍ മുതല്‍ മുസ്ലിങ്ങള്‍ കാര്‍ഷിക സമരത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കാണാം. മുസ്ലിം സ്ത്രീകളുടെ പങ്കാളിത്തം വീഡിയോയില്‍ വ്യക്തമാണ്. പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള സമാന ദൃശ്യങ്ങള്‍ തന്നെയാണിത് എന്ന് അനുമാനിക്കുന്നു.

ഏതായാലും ദൃശ്യങ്ങള്‍ക്ക് നിലവില്‍ നടക്കുന്ന കാര്‍ഷിക സമരവുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബൂര്‍ഖ ധരിച്ച മുസ്ലിം സ്ത്രീകള്‍ കാര്‍ഷിക സമരത്തിന് പിന്തുണയുമായി റാലി നടത്തിയ വീഡിയോ 2021ലേതാണ്. നിലവിലെ കാര്‍ഷിക സമരവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കാര്‍ഷിക സമരത്തെ പിന്തുണച്ച് ബൂര്‍ഖ ധരിച്ച സ്ത്രീകളുടെ റാലി നിലവിലെതല്ല, രണ്ടുകൊല്ലം പഴയതാണ്...

Fact Check By: Vasuki S

Result: MISLEADING