ഇസ്രായേല്‍ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന പേരില്‍ ഹമാസ് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം
ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധ പോസ്റ്റുകള്‍ ഇതിനോടകം ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫാക്‌ട് ചെക്ക് ചെയ്തിട്ടുണ്ട്.
മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ വൈറലാകുന്നത്. എടാ കള്ളാ ഹമുക്കെ നീ ചത്തപോലെ കിടക്കട വീഡിയോ എടുക്കട്ടെ ഹമാസ് തീവ്രവാദികളുടെ ആക്ടീങ്ങ് എപ്പടി.. എന്ന തലക്കെട്ട് നല്‍കിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. കുറെ മൃതദേഹങ്ങള്‍ പുതപ്പിച്ച് കിടത്തുകയും ഇത് വീഡിയോയില്‍ പകര്‍ത്തുന്ന ക്യാമറമാന്‍ പുതപ്പ് മാറ്റുമ്പോള്‍ ചിരിച്ചുകൊണ്ട് പ്രതികരിക്കുന്ന ജീവനുള്ള ആളുകളാണ് അവിടെ കിടക്കുന്നതെന്ന് മനസിലാകുന്നു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അറബിയില്‍ പുതപ്പിച്ച തുണിയലും എഴുതിയിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെന്ന പേരില്‍ ഹമാസ് ഇറക്കിയ വ്യാജ വീഡിയോയാണിതെന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. അനില്‍ അമ്പാട്ടുകാവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ പലസ്തീന്‍ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോ തന്നെയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ഹമാസ് തീവ്രവാദികളുടെ പുതിയ നാടകം എന്ന തലക്കെട്ടോടെ 2021ല്‍ ഇതെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്ന് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഇത് ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയയ്യുക.
പ്രചരിക്കുന്ന വീഡിയോ ഇന്‍വിഡ്-വീ വേരിഫൈ ഉപയോഗിച്ച് കീ ഫ്രെയിം സെര്‍ച്ച് ചെയ്തിതില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. യൂട്യൂബില്‍ 2013 ഒക്ടോബര്‍ 28ന് പങ്കുവെച്ച വീഡിയോയുടെ പൂര്‍ണ്ണരൂപം -
വീഡിയോയുടെ അടിക്കുറിപ്പ് പരിശോധിച്ച് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തതില്‍ നിന്നും ഇതൊരു പ്രതീകാത്മക വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്‍റേതാണെന്ന് വ്യക്തമായി. അതായത് ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മോര്‍സിയെ സൈന്യം അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുകയും തുടര്‍ന്ന് ഇജിപ്തിന്‍റെ തലസ്ഥാന നഗരി കയിറോയിലെ അല്‍ അസര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന്‍റെതാണ് എന്ന് വ്യക്തമാക്കുന്നു. എല്‍ബാദില്‍ എന്ന ഈജിപ്തിലെ ഒരു മാധ്യമമാണ് 10 വര്‍ഷം മുന്‍പ് ഈ പ്രതിഷേധത്തിന്‍റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
2013 ഈജിപ്തില്‍ സൈന്യം മോര്‍സി സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് നിക്കി അധികാരം ഏറ്റെടുത്തപ്പോള്‍ ഇജിപ്തില്‍ പല ഇടത്തും പ്രതിഷേധമുണ്ടായി. ഇത്തരത്തില്‍ ഒരു പ്രതിഷേധമാണ് നാം വീഡിയോയില്‍ കാണുന്നത്. ഇതിന് ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധവും ഹമാസുമായൊന്നും യാതൊരു ബന്ധവുമില്ലാ.
നിഗമനം
2013ല്‍ ഈജ്പതില്‍ വിദ്യാര്‍ത്ഥികള്‍ പ്രതീകാത്മകമായി നടത്തിയ ഒരു പ്രതിഷേധത്തിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:ഇസ്രായേല്‍ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന പേരില്‍ ഹമാസ് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
Written By: Dewin CarlosResult: False