ഗുജറാത്തില്‍ നിന്നുള്ള റിക്ഷാ അപകടത്തിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…

രാഷ്ട്രീയം | Politics സാമൂഹികം

“തിരഞ്ഞെടുപ്പിൽ തെറ്റായ തീരുമാനമെടുത്താൽ യുപി കേരളത്തെ പോലെ ആകു”മെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വൻ വിവാദത്തിന് വഴി വച്ചിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ബിജെപിയേയും യോഗിയേയും പരിഹസിച്ച് കൊണ്ടും വിമര്‍ശിച്ചു കൊണ്ടും  നിരവധിപ്പേര്‍  പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. മേൽമൂടി ഇല്ലാത്ത ഒരു ഓട്ടോറിക്ഷയിൽ നിറയെ ആളെ കയറ്റി മുന്നോട്ട് നീങ്ങുന്നതും ഉടൻതന്നെ തലകീഴായി മറിയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന സൂചന പ്രകാരം ഇത് ഉത്തർപ്രദേശിൽ നടന്ന സംഭവമാണ്: വിപ്ലവകരമായ മാറ്റമാണ് കഴിഞ്ഞ അഞ്ചുവർഷത്തിൽ ഊപ്പീ ട്രാൻസ്‌പോർട്ട് മേഖലയിൽ 🤣

archived linkFB post

ഞങ്ങൾ  പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ഉത്തര്‍പ്രദേശിലെതല്ലെന്നും മൂന്നു വർഷം മുൻപ് ഗുജറാത്ത് സുരേന്ദ്രനഗറിൽ നടന്ന സംഭവമാണ് എന്നും വ്യക്തമായി. 

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ വിവിധ ഫ്രെയിമുകൾ ആക്കിയ ശേഷം അതിലൊന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിനോക്കി. 2018 മുതൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട് എന്ന് കാണാന്‍ സാധിച്ചു.  എന്നാൽ ഏതു സ്ഥലത്തു നിന്നുള്ളതാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ലഭ്യമായില്ല. ദൃശ്യങ്ങളിൽ ഒരു ക്ഷേത്രത്തിന്‍റെ പേര് നൽകിയിരിക്കുന്നത് കാണാം.  ഇത് ഗുജറാത്തി ഭാഷയിൽ ആണ്.  ഞങ്ങളുടെ ഗുജറാത്തി ടീമുമായി ബന്ധപ്പെട്ട് അപ്പോൾ ഇത് ഗുജറാത്തിലെതാണ് എന്ന് അവർ സ്ഥിരീകരിച്ചു.

ഇൻഖബർ എന്ന ഓൺലൈൻ ന്യൂസിന്‍റെ ട്വിറ്റർ ഹാൻഡിലില്‍ 2018 മാർച്ച് 24ന് ഇതേ വീഡിയോ നൽകിയിട്ടുണ്ട്. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ ചോട്ടിലയില്‍ നടന്നതാണ് എന്ന് അവർ വിവരണത്തിൽ നൽകിയിട്ടുണ്ട്. തുടർന്ന് ഞങ്ങളുടെ ഗുജറാത്തി ടീമിന്‍റെ  സഹായത്തോടെ തിരഞ്ഞപ്പോൾ പ്രാദേശിക ചാനലായ സിറ്റി ന്യൂസ് രാജ്കോട്ടിന്‍റെ യൂട്യൂബ് ചാനലിൽ 2018 മാർച്ച് 24ന് ഈ വീഡിയോ നൽകിയിരിക്കുന്നത് കണ്ടു. 

സുരേന്ദ്രനഗറിലെ ചാമുണ്ഡി ദേവി ക്ഷേത്രത്തിനു സമീപമാണ് സംഭവം നടന്നതെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.

മറ്റൊരു യൂട്യൂബ് ചാനലും 2018 മാർച്ച് 26 ന് ഇതേ വീഡിയോ നൽകിയിട്ടുണ്ട്. “ചോട്ടില ദേവിയുടെ അടുത്ത് നടന്ന റിക്ഷ ആക്സിഡന്‍റ് “ എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

വീഡിയോ ദൃശ്യങ്ങൾ യുപിയിൽ നിന്നുള്ളതല്ല ഗുജറാത്തിൽ നിന്നുള്ളതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ വീഡിയോ യുപിയിൽ നിന്നുള്ളതല്ല, ഗുജറാത്ത് സുരേന്ദ്ര നഗറിലെ ചോട്ടില ദേവി ക്ഷേത്രത്തിനു സമീപം 2018 നടന്ന ഒരു റിക്ഷാ വണ്ടി അപകടത്തിന്‍റെതാണ്.  ഗുജറാത്തിൽ നടന്ന ഈ സംഭവത്തിന് ഉത്തർപ്രദേശുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഗുജറാത്തില്‍ നിന്നുള്ള റിക്ഷാ അപകടത്തിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False