ഈ സുനാമി റഷ്യയിലെതല്ല, ഫിന്‍ലാന്‍ഡില്‍ 8 കൊല്ലം മുമ്പുണ്ടായതാണ്…

False അന്തര്‍ദേശീയം | International

2025 ജൂലൈ 30 ന് റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഹവായ് എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.  ഈ പ്രദേശങ്ങളിലെ തീരദേശ നിവാസികൾ ജാഗ്രത പാലിക്കാനും കുടിയൊഴിപ്പിക്കലിന് തയ്യാറാകാനും അധികൃതർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഭൂകമ്പത്തെത്തുടർന്ന്, റഷ്യ നേരിട്ട കെടുതികളുടെ നിരവധി സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിന് ശേഷമുള്ള സുനാമി എന്ന പേരില്‍ പ്രചരിക്കുന്ന ഒരു  വീഡിയോ നമുക്ക് പരിശോധിക്കാം. 

പ്രചരണം 

ഒരു തീരപ്രദേശത്ത് സുനാമി തിരമാല ആഞ്ഞടിക്കുന്നതും തീരത്തുണ്ടായിരുന്ന ഏതാനുംപേര്‍ ഓടി രക്ഷപ്പെടുന്നതും കാണിക്കുന്ന വീഡിയോയ്ക്ക്  കാണിക്കുന്ന 29 സെക്കൻഡ് ദൈർഘ്യമാണുള്ളത്. റഷ്യയില്‍ ഭൂകമ്പത്തിന് ശേഷമുണ്ടായ സുനാമിയുടെ ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*- 30 – 07 – 2025 -*

*ഭൂകമ്പം: റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ (വീഡിയോ)*

മോസ്‌കോ: ഭൂകമ്പത്തെ തുടര്‍ന്നു റഷ്യന്‍ തീരങ്ങളില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോകുറില്‍സ്‌ക് മേഖലയിലാണ് തിരകള്‍ ഉണ്ടായത്. കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണിത്. പസിഫിക് സമുദ്രത്തില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.റഷ്യയിലെ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി തിരകള്‍ ജപ്പാനിലും എത്തി. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സൂനാമി തിരകള്‍ എത്തിയത്. ജപ്പാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്. പസഫിക് സമുദ്രത്തില്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകളുണ്ടാകുമെന്നു ജപ്പാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കല്‍ നടപടികളും ആരംഭിച്ചു.”

FB postarchived link

എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും ദൃശ്യങ്ങള്‍ പഴയതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ന്യൂസ്‌ഫ്ലെയർ എന്ന യൂട്യൂബ് ചാനലില്‍ നാല് വർഷം മുമ്പ് അതായത് 2021 മെയ് 10 ന് അപ്‌ലോഡ് ചെയ്‌ത ഇതേ വീഡിയോ ലഭിച്ചു. 

അടിക്കുറിപ്പും വിവരണവും അനുസരിച്ച് ഈ ദൃശ്യങ്ങൾ അടുത്തിടെയുള്ളതല്ല. 2017 ജൂലൈയിൽ ഗ്രീൻലാൻഡിന്‍റെ പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച സുനാമിയാണിത്‌. തക്കസമയത്ത് ഓടിമാറി മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും നടുക്കം  മത്സ്യത്തൊഴിലാളികളുടെ നടുക്കം വിട്ടുമാറിയില്ല എന്ന്  വിവരണത്തിലുണ്ട്.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ, 2017 ജൂൺ 17-ന് ഗ്രീൻലാൻഡിലെ ഉമിയമ്മാക്കു നുനാത്ത് ഉപദ്വീപിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിനെക്കുറിച്ചുള്ള യുനെസ്കോ റിപ്പോർട്ട് ലഭിച്ചു. ഈ മണ്ണിടിച്ചില്‍ 90 മീറ്ററിലധികം ഉയരമുള്ള തിരമാലകൾക്ക് കാരണമായി. ഏഴ് മിനിറ്റിനുള്ളിൽ സുനാമി നുഗാറ്റ്സിയാഖ് ഗ്രാമത്തിൽ ആഞ്ഞടിച്ചു, നാല് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും 11 കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു. ഏകദേശം 200 താമസക്കാരെ രക്ഷാ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഉമ്മന്നാക്കിലേക്ക് മാറ്റി.

എട്ട് വർഷം മുമ്പ് ഗ്രീൻലാൻഡിൽ ഉണ്ടായ സുനാമിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  റഷ്യയിൽ അടുത്തിടെയുണ്ടായ ഭൂകമ്പവുമായി ഇതിന് യാതൊരു ബന്ധവുമില്ല.

നിഗമനം 

റഷ്യയില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്. 2017 ല്‍ ഫിന്‍ലന്‍ഡിലുണ്ടായ സുനാമിയുടെതാണ് ദൃശ്യങ്ങള്‍. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഈ സുനാമി റഷ്യയിലെതല്ല, ഫിന്‍ലാന്‍ഡില്‍ 8 കൊല്ലം മുമ്പുണ്ടായതാണ്…

Fact Check By: Vasuki S 

Result: False

Leave a Reply