തുര്‍ക്കി-സിറിയ ഭൂകമ്പ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനു ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടിരുന്നു. മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നവയും ഇതിലുണ്ട്. അനേകായിരം പേരുടെ ഉറ്റവരെയും ഉടയവരെയും ഭൂകമ്പം തട്ടിയെടുത്തു. ചെറിയ കുട്ടികളും ഇക്കൂട്ടത്തില്‍ പെടും. തുര്‍ക്കിയില്‍ നിന്നുള്ളതാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരിയുടെ വീഡിയോ ആണിത്. പലരും ഇതിനോടകം കണ്ടിട്ടുണ്ടാകും.

പ്രചരണം

ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ശിശുവിന് മൂന്നു വയസുകാരി തന്‍റെ വസ്ത്രം ഉയര്‍ത്തി പാലൂട്ടാന്‍ മാറിടം കാട്ടി ക്കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. തുര്‍ക്കി ഭൂചലനത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളതെന്നൂ സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്: തുർക്കി ഭൂചലനത്തിൽ ഉറ്റവരും ഉടയവരും മാതാപിതാക്കളും നഷ്ട്ടപെട്ട രണ്ട് കുട്ടികൾ അനുജത്തിക്ക് വിശപ്പടക്കാൻ സ്വന്തം മാറിടം കാണിച്ചുകൊടുക്കുന്ന 3വയസുകാരി..

ഒരു നിമിഷം മതി ഈ കാണുന്നത് എല്ലാം നഷ്ടപെടുവാൻ എന്ന ചിന്ത ഉണ്ടാകുവാൻ കണ്ണുനീരോടെ പോസ്റ്റ്‌ ചെയ്യുന്നു...”

FB postarchived link

ദൃശ്യങ്ങള്‍ ഹൃദയസ്പര്‍ശിയാണെങ്കിലും തുര്‍ക്കി ഭൂകമ്പവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഫെബ്രുവരി 6, 7 തീയതികളിലാണ് തുര്‍ക്കി- സിറിയ പ്രദേശങ്ങളില്‍ ഭൂകമ്പമുണ്ടായത്. എന്നാല്‍ ഞങ്ങള്‍ പ്രസ്തുത വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ടിക്ടോക് പ്ലാറ്റ്ഫോമില്‍ 2022 നവംബര്‍ 26 ന് ഇതേ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്നു കണ്ടെത്തി.

വീഡിയോയെ കുറിച്ച് കൂടുതല്‍ വിവരണം ലഭ്യമല്ല. #childrenlaughing humor എന്നു മാത്രമാണ് ടിക്ടോക് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ്. anelya.495 എന്ന ടിക്ടോക് അക്കൌണ്ടില്‍ നിന്നും ഇതേ പെണ്‍കുട്ടിയുടെ മറ്റ് നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2022 നവംബര്‍ മുതല്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് 2023 ഫെബ്രുവരിയില്‍ സംഭവിച്ച തുര്‍ക്കി ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. മൂന്നു വയസ്സുകാരി ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന വീഡിയോയ്ക്ക് 2023 ഫെബ്രുവരിയില്‍ ഉണ്ടായ തുര്‍ക്കി ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ല. 2022 നവംബര്‍ മുതല്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരി- ദൃശ്യങ്ങള്‍ തുര്‍ക്കി ഭൂകമ്പത്തില്‍ നിന്നുള്ളതല്ല...

Fact Check By: Vasuki S

Result: False