
പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂര്‍ സൈനിക നടപടിയില്‍ തീവ്രവാദികളുടെ 9 ഒളിത്താവളങ്ങള്‍ തകര്‍ത്ത് 70 ലധികം ഭീകരരെ വധിച്ചു. ഓപ്പറേഷന് നേതൃത്വം നല്‍കിയത് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗുമായിരുന്നു. ഈ പശ്ചാത്തലത്തിൽ, ഒരു വനിതാ പൈലറ്റ് ഒരു യുദ്ധവിമാനം പരത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വനിതാ സൈനിക ഉദ്യോഗസ്ഥ യുദ്ധവിമാനത്തില്‍ കയറി അത് പറത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യൻ വനിതാ ഓഫീസറായ സോഫിയ ഖുറേഷിയാണ് ദൃശ്യങ്ങളില്‍ കാണുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ രാജ്യത്തിന്റെ മകൾ #കേണൽ #സോഫിയ ഖുറേഷി ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്… ..
ഇന്ത്യയുടെ, പതാക ലോകത്തിന്റെ നെറുകയിൽ…. എന്നും ഉയർന്നു തന്നെ നിൽക്കട്ടെ.. ”
എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും അമേരിക്കയില്‍ നിന്നുള്ള പഴയ വീഡിയോ ആണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2021 സെപ്റ്റംബർ 20 ന് ഒരു യൂട്യൂബ് ചാനലിൽ “F-35A മിന്നൽ|| ഡെമോ 2021 റെനോ എയർ റേസുകൾ” എന്ന അടിക്കുറിപ്പോടെ അപ്‌ലോഡ് ചെയ്ത ഇതേ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് ലഭിച്ചു.
വീഡിയോയുടെ വിവരണം ഇങ്ങനെ: ”2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച. വളരെ പുക നിറഞ്ഞ ഉച്ചതിരിഞ്ഞ സമയമായിരുന്നു അത്, അതിനാൽ ചില ഷോട്ടുകൾ (എന്‍റെ അഭിപ്രായത്തിൽ) വളരെ തുറന്നുകാണിക്കപ്പെട്ടതായി തോന്നുന്നു. ഒരു വലിയ ജനക്കൂട്ടത്തെ നേരിടേണ്ടി വന്നു, മേജർ ക്രിസ്റ്റിൻ “ബിയോ” വുൾഫ് എയർ കോംബാറ്റ് കമാൻഡ് F-35A ലൈറ്റ്നിംഗ് II പ്രകടനം നടത്തുന്നത് കാണുക.
ദയവായി ശ്രദ്ധിക്കുക: ഇതൊരു എയർ ഷോയാണ്, യഥാർത്ഥ ജീവിതത്തിലെ പോരാട്ടമല്ല. അവർക്ക് വേണമെങ്കിൽ ഇതിനേക്കാൾ വളരെ വേഗത്തിൽ പോകാൻ കഴിയും. തിടുക്കപ്പെടാൻ ഒരു കാരണവുമില്ല. മറ്റ് ഷോ അവതാരകർ വഴിയിൽ നിന്ന് മാറുന്നതുവരെ അവൾക്ക് കാത്തിരിക്കേണ്ടി വന്നു, ഇത് മിക്കവാറും എല്ലാ എയർ ഷോയിലും സാധാരണമാണ്. ഈ നീണ്ട വീഡിയോയുടെ മുഴുവൻ ഉദ്ദേശ്യവും തിരശ്ശീലയ്ക്ക് പിന്നിൽ പോയി മിക്ക വീഡിയോകളിലും നിങ്ങൾ കാണാത്ത എന്തെങ്കിലും കാണിക്കുക എന്നതാണ്.”
വിവരണമനുസരിച്ച്, വീഡിയോയിൽ കാണിച്ചിരിക്കുന്ന വനിതാ പൈലറ്റിന്‍റെ പേര് മേജർ ക്രിസ്റ്റിൻ ബിയോ വുൾഫ് എന്നാണ്. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2023 മാർച്ച് 18 ന് ഒരു യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ലഭിച്ചു. വീഡിയോയിൽ യുഎസ് വ്യോമസേനയിലെ വനിതാ യുദ്ധവിമാന പൈലറ്റ് മേജർ ക്രിസ്റ്റിൻ വോൾഫ് ആണെന്ന് വ്യക്തമാക്കുന്നു.
മേജർ ക്രിസ്റ്റിൻ വോൾഫ് F-35A പറത്തുന്ന മറ്റൊരു വീഡിയോ താഴെ കാണാം.
ക്രിസ്റ്റിന്‍റ കൂടുതല്‍ വീഡിയോകള്‍ ലഭ്യമാണ്.
വൈറൽ വീഡിയോയിലെ സ്ത്രീ യുഎസ് വ്യോമസേനയിലെ വനിതാ യുദ്ധവിമാന പൈലറ്റായ മേജർ ക്രിസ്റ്റിൻ വുൾഫ് ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
കേണല്‍ സോഫിയ ഖുറേഷി യുദ്ധ വിമാനം പറത്തുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് യുഎസ് വ്യോമസേനയിലെ വനിതാ യുദ്ധവിമാന പൈലറ്റായ മേജർ ക്രിസ്റ്റിൻ വുൾഫിന്‍റെ വീഡിയോ ഉപയോഗിച്ചാണ്. ഇന്ത്യന്‍ സൈന്യവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:യുദ്ധവിമാനം പറത്തുന്നത് കേണല്‍ സോഫിയ ഖുറേഷിയല്ല, സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
