സ്ത്രീകളെ സംഘം ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോകളായും ചിത്രങ്ങളായും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ആളുകള്‍ മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ എന്ന നിലയിലാണ് ഇത്തരം ദൃശ്യങ്ങളുടെ പ്രചരണം. ഒരു സ്ത്രീയെ വാഡി ഉപയോഗിച്ച് റോഡരികില്‍ ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഏതാനും പുരുഷന്മാർ യുവതിയെ നിലത്തിട്ട് തല്ലുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഒരാള്‍ വടി കൊണ്ട് അടിക്കുന്നതും കാണാം. ചുറ്റും നില്‍ക്കുന്നവർ ഇടപെടാതെ തുറിച്ചുനോക്കുമ്പോൾ, കുറച്ച് ആളുകൾ ആക്രമികളെ തടയാൻ ശ്രമിക്കുന്നതായി തോന്നുന്നു. കുറച്ചു കഴിഞ്ഞ് ഫ്രെയിമിൽ കാണുന്ന പോലീസുകാരന്‍ ഒരു നടപടിയും സ്വീകരിക്കുന്നതായി കാണുന്നില്ല. ദൃശ്യങ്ങള്‍ യുപിയിലെതാണെന്നും സംഘപരിവാര്‍ ആണ് ഈ ക്രൂരത കാട്ടുന്നതെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉത്തർപ്രദേശിലെ ഒരു ക്രോസ്റോഡിൽ പോലീസിന്റെ മുന്നിൽ വച്ച് നാല് പേർ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നു.യോഗിയുടെ നാട്ടിൽ നിയമമോ നിയമസംവിധാനമോ ഇല്ല സംഘികൾക്ക് എന്തും ചെയ്യാം അവസാനം ജയ് ശ്രീറാം വിളിച്ചാൽമതി ശിക്ഷയും ഉണ്ടാകില്ല”

FB postarchived link

എന്നാല്‍ സ്ത്രീയെ മര്‍ദ്ദിക്കുന്നതും അവരുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണെന്നും കുടുംബ പ്രശ്നങ്ങളാണ് മര്‍ദ്ദനത്തിന് പിന്നിലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സംഭവം ഉത്തർപ്രദേശിലെ ബൽറാംപൂരിൽ നടന്നതാണെന്ന് സൂചനകള്‍ ലഭിച്ചു. 2020 മെയ് 23 ന് റെഹ്‌റ ബസാർ എന്ന പ്രദേശത്താണ് ഈ ക്രൂരത അരങ്ങേറിയത്.

സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം, സ്ത്രീയെ മർദിക്കുന്നതായി കാണാവുന്ന പുരുഷന്മാരിൽ ഒരാൾ അവരുടെ ഭർത്താവാണ്, മറ്റുള്ളവർ ബന്ധുക്കളാണ് – മൂന്നുപേര്‍ അനന്തിരവന്മാരും രണ്ടുപേര്‍ ഭര്‍തൃ സഹോദരിമാരുടെ ഭര്‍ത്താക്കന്മാരുമാണ്. സുശീലാദേവി എന്ന സ്ത്രീയും ഭർത്താവ് അശോക് കുമാറും തമ്മിൽ വീടിനെക്കുറിച്ചും വീട്ടിലെ ചില വൈദ്യുതി കേബിളുകളെച്ചൊല്ലിയും ഉണ്ടായ തർക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

ജാതീയമായ തലങ്ങള്‍ പ്രശ്നത്തിന് ഇല്ലെന്നും സ്ത്രീ ദളിത് അല്ലെന്നും റെഹ്‌റ ബസാർ പോലീസ് സ്റ്റേഷനിലെ സുരേഷ് ദിവാൻ എന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി വാര്‍ത്ത റിപ്പോര്‍ട്ടുകളിലുണ്ട്. അക്രമികള്‍ ആറുപേരിൽ കുമാർ ഉൾപ്പെടെ നാലുപേരെ സംഭവം നടന്ന ദിവസം തന്നെ അറസ്റ്റ് ചെയ്തതായും മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

2020 മെയ് 23 ന് ബൽറാംപൂർ പോലീസിന്‍റെ ട്വിറ്റർ ഹാൻഡിലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ബൽറാംപൂർ പോലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

വീഡിയോയിൽ കാണുന്ന നടപടിയെടുക്കാത്ത പോലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും എസ്പി വർമ കൂട്ടിച്ചേർത്തു.

നിഗമനം

2020 മെയ് 23 ന് ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ ഭർത്താവും ഭാര്യയും തമ്മിലുള്ള ഗാർഹിക തർക്കമാണ് ദൃശ്യങ്ങളില്‍ കാണുന്ന ക്രൂര മര്‍ദ്ദനത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്ത്രീയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് ആക്രമിക്കുന്നത്. സംഘ പരിവാര്‍ ആളുകളാണ് അക്രമം നടത്തുന്നതെന്ന ആരോപണം പൂര്‍ണ്ണമായും തെറ്റാണ്. സംഭവത്തിൽ ജാതി-വർഗീയ തലങ്ങളില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യുപിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ സംഘപരിവാര്‍ അക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുന്നു...

Written By: Vasuki S

Result: False