പ്രധാനമന്ത്രി ശ്രീരാമ കീര്‍ത്തനം ഉരുവിടുന്ന ദൃശ്യങ്ങള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…
മലയാള ചലച്ചിത്രതാരവും മുൻ രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുവാനും ക്ഷേത്ര ദർശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു. ഗുരുവായൂരിലും തൃപ്രയാറിലും ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൊച്ചിയിലെത്തിയ പ്രധാനമന്ത്രി കൊച്ചിൻ ഷിപ്‌യാഡിൽ ഇന്‍റര്‍നാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാനത്തെ ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരായ 7000 പേർ പങ്കെടുത്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ഈ പരിപാടിക്കു ശേഷം നരേന്ദ്ര മോദി ഡൽഹിയിലേക്കു മടങ്ങി. ഇതിനിടെ അദ്ദേഹം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
ശ്രീരാമ കീർത്തനം പശ്ചാത്തലത്തിൽ കേൾക്കുമ്പോൾ ക്ഷേത്രത്തിനുള്ളിൽ ഇരുന്ന് കീര്‍ത്തനം ഉരുവിടുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മേദി ജി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ രാമകീർത്തനം ചൊല്ലുന്നു..”
എന്നാൽ ഈ ദൃശ്യങ്ങൾ ആന്ധ്രപ്രദേശിൽ നിന്നുള്ളതാണെന്നും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
രണ്ട് ദിവസത്തെ തെക്കേ ഇന്ത്യന്‍ സന്ദർശനത്തിനായി മോദി ആദ്യം എത്തിയത് ആന്ധ്രപ്രദേശിലെ ലേപാക്ഷിയിൽ സ്ഥിതി ചെയ്യുന്ന വീരഭദ്ര ക്ഷേത്രത്തിലാണ്. രാമായണ കഥയില്‍ പരാമര്‍ശിക്കുന്ന ജഡായു എന്ന പക്ഷിക്ക് ശ്രീരാമന്‍ ശാപമോക്ഷം നല്കിയ സ്ഥലം എന്ന നിലയിലാണ് ലേപാക്ഷി പ്രസിദ്ധമായത്. അയോധ്യ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാമായണവുമായി ബന്ധപ്പെട്ട ക്ഷേത്രം എന്ന നിലയ്ക്കാണ് പ്രധാനമന്ത്രി ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ഇവിടുത്തെ ദർശനത്തിന് ശേഷമാണ് അദ്ദേഹം ഗുരുവായൂരിലും തുടർന്ന് രാമസ്വാമി ക്ഷേത്രമായ തൃപ്രയാറിലും സന്ദർശനം നടത്തിയത്.
പോസ്റ്റിലെ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിൽ നിന്നും പകർത്തിയതാണ്. ഭക്തിയോടെ അദ്ദേഹം ശ്രീരാമ കീർത്തനം ശ്രവിക്കുകയും ഉരുവിടുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി മാധ്യമങ്ങൾ വാർത്താ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.
കൂടാതെ പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലും ഇതേ ദൃശ്യങ്ങൾ കൊടുത്തിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ ലേപാക്ഷിയിലെ വീരഭദ്ര ക്ഷേത്രത്തിൽ നിന്നാണെന്ന് വ്യക്തമാക്കിയാണ് ദൃശ്യങ്ങൾ കൊടുത്തിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിന്‍റെ ദൃശ്യങ്ങളും വീഡിയോകളും ദൃശ്യങ്ങളും മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനലില്‍ തൃപ്രയാർ സന്ദർശനത്തിന്‍റെ ദൃശ്യങ്ങളുണ്ട്. വൈറൽ വീഡിയോയിൽ കാണുന്ന വേഷമല്ല തൃപ്രയാർ ക്ഷേത്ര സന്ദർശന സമയത്ത് അദ്ദേഹം ധരിച്ചിരുന്നത് എന്നു വ്യക്തമാകും. ദൃശ്യങ്ങൾ താഴെ കാണാം വസ്ത്രങ്ങളിലെ വ്യത്യാസം നോക്കുക.
ആന്ധ്രപ്രദേശിലെ വീരഭദ്ര ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ ആണിതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി രാമനാമ കീർത്തനങ്ങൾ ഭക്തിയോടെ ഉരുവിടുന്ന ദൃശ്യങ്ങൾ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും പകർത്തിയതല്ല. കേരളത്തിൽ എത്തുന്നതിനു മുമ്പ് അദ്ദേഹം ആന്ധ്രപ്രദേശിലെ ലേപാക്ഷിയിലെ വീരഭദ്ര ക്ഷേത്രം സന്ദർശിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങളാണിത്. തൃപ്രയാർ ശ്രീരാമക്ഷേത്രവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:പ്രധാനമന്ത്രി ശ്രീരാമ കീര്‍ത്തനം ഉരുവിടുന്ന ദൃശ്യങ്ങള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ...
Written By: Vasuki SResult: Misleading