ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴു ഘട്ടങ്ങളായാണ് പൂര്‍ത്തിയാവുക. ഒന്നാം ഘട്ടം ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും പൂര്‍ത്തിയായി. ബാക്കിയുള്ള അഞ്ചു ഘട്ടങ്ങളില്‍ മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 25 നും ഏഴാം ഘട്ടം ജൂൺ 1 നും നടക്കും. വോട്ടെണ്ണൽ നടക്കുക ജൂൺ 4 നാണ്. വോട്ടിംഗിനിടെ പലയിടത്തും അക്രമ സംഭവങ്ങളും ക്രമക്കേടുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വടക്കേ ഇന്ത്യയില്‍ മുസ്ലിം സ്ത്രീ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ പോലീസ് പിടികൂടുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ബുർഖ ധരിച്ച സ്ത്രീകളെ വനിതാ പോലീസ് ചോദ്യം ചെയ്ത ശേഷം കൂട്ടിക്കൊണ്ടു പോകുന്നതു കാണാം. തുടര്‍ന്ന് വരുന്ന ദൃശ്യങ്ങളില്‍ ബൂര്‍ഖ ധരിച്ച സ്ത്രീകളോട് പോലീസ് സംസാരിക്കുന്നതു കാണാം. ബൂര്‍ഖ ധരിച്ച മുസ്ലിം സ്ത്രീകളെ വടക്കേ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വടക്കേഇന്ത്യയിൽ പലസ്ഥലങ്ങളിലും തലയിൽ തട്ടമിട്ട മുസ്ലിം സ്ത്രീകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല എന്ന് മാത്രമല്ലഅറസ്റ്റ്ചെയ്തുകൊണ്ടുപോകുന്നു......🙄🤔😱😱ഇതാണ് ഏകാധിപത്യം.....👇👇”

FB postarchivd link

എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും രണ്ടു കൊല്ലം പഴയ ദൃശ്യങ്ങളാണ് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നതെന്നും അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോയുടെ ചില കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2022 ഫെബ്രുവരി 16 ന് ഒരു ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ കണ്ടെത്തി.

വീഡിയോ സമീപകാലത്തെതല്ലെന്ന് ഇത് വ്യക്തമാക്കുന്നു,

പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഉത്തർപ്രദേശിലെ രാംപൂരിൽ നിന്ന് രണ്ട് വർഷം പഴക്കമുള്ള വീഡിയോയാണിത്.

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ അന്വേഷണം നടത്തിയപ്പോള്‍ ഫെബ്രുവരി 14 നു പോസ്റ്റു ചെയ്ത കറന്‍റ് ടിവി ന്യൂസ് എന്ന പ്രാദേശിക മാധ്യമത്തിന്‍റെ വീഡിയോ ലഭിച്ചു.

വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: "റാംപൂർ - ഡിഎം വ്യാജ വോട്ടുകൾ പരീക്ഷിക്കുന്ന രണ്ട് സ്ത്രീകളെ പിടികൂടി. റാസ ഡിഗ്രി കോളേജിൽ പിടിക്കപ്പെട്ട രണ്ട് യുവതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.”

സംഭവത്തെ കുറിച്ച് അമർ ഉജാല പ്രസിദ്ധീകരിച്ച വാർത്ത ഞങ്ങൾക്ക് ലഭിച്ചു. 2022 ഫെബ്രുവരി 14 ന് പ്രസിദ്ധീകരിച്ച ഈ വാർത്ത പ്രകാരം, “വ്യാജ വോട്ട് ചെയ്യാനെത്തിയ രണ്ട് സ്ത്രീകളെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി. ജില്ലാ മജിസ്ട്രേറ്റിനെയും ബൂത്തിലുണ്ടായിരുന്ന പോലീസുകാരെയും ഇക്കാര്യം അറിയിച്ചു. രണ്ട് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാംപൂരിൽ വോട്ടെടുപ്പ് നടക്കുകയായിരുന്നു. അതിനിടെ, സിറ്റി അസംബ്ലി മണ്ഡലത്തിലെ ഗവൺമെന്‍റ് റാസ ഡിഗ്രി കോളേജിലെ പോളിംഗ് സ്റ്റേഷനില്‍ രണ്ട് സ്ത്രീകൾ വോട്ട് ചെയ്യാനെത്തി. രണ്ട് സ്ത്രീകളും ബുർഖ ധരിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെ ഐഡികൾ പരിശോധിച്ചു. സംശയത്തെത്തുടർന്ന്, ജില്ലാ മജിസ്‌ട്രേറ്റിന് വിവരം നൽകുകയും തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ മന്ദറിന്‍റെ നിർദ്ദേശപ്രകാരം രണ്ട് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിൽ വിതുകയും ചെയ്തു.

ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ഗഞ്ച് ഇൻസ്പെക്ടർ അനിൽ കുമാർ വർമ പറഞ്ഞു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലേ തുടർ നടപടിയുണ്ടാകൂ. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകളെ പിടികൂടിയിട്ടുണ്ടെന്നും ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാർ മന്ദാദ് പറഞ്ഞു.”

സംഭവത്തെ കുറിച്ച് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബൂര്‍ഖ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ സ്ത്രീകളെ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു പോലീസിന് കൈമാറി എന്നാണ് എല്ലാ മാധ്യമ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഉത്തര്‍പ്രദേശില്‍ 2022 ഫെബ്രുവരി 14 ന് നടന്ന റാംപൂര്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബൂര്‍ഖ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ യുവതികളെ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു പോലീസിന് കൈമാറിയ ദൃശ്യങ്ങളാണിത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബൂര്‍ഖ ധരിച്ചെത്തിയ മുസ്ലിം സ്ത്രീകളെ വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും പോലീസ് തടയുന്നു എന്ന വ്യാജ ആരോപണത്തോടെ പഴയ വീഡിയോ പങ്കിടുകയാണ്. 2022 ലെ ഈ വീഡിയോയ്ക്ക് സമീപകാല ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതികളെ പോലീസ് തടഞ്ഞ 2022 ലെ പഴയ വീഡിയോ ലോക്സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം...

Fact Check By: Vasuki S

Result: False