കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളന റാലിയില്‍ അതിഥി തൊഴിലാളികള്‍ പങ്കെടുത്തോ..? വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്…

പ്രാദേശികം | Local രാഷ്ട്രീയം | Politics

സിപിഎമ്മിന്‍റെ 24 മത് പാർട്ടി കോൺഗ്രസ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്ത് സംഘടിപ്പിച്ചിരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സമ്മേളനം പാർട്ടി പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിന്‍റെ പ്രചരണ സമയത്ത് പാർട്ടി പ്രവർത്തകരുടെ അഭാവത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളെ റാലിയില്‍ പങ്കെടുപ്പിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പാര്‍ട്ടി പതാകയുമേന്തി റാലിയില്‍  പങ്കെടുക്കുന്ന പ്രവര്‍ത്തകനോട്  മാധ്യമ പ്രവര്‍ത്തക “ചേട്ടാ പ്രചരണം എങ്ങനെ ഉണ്ടായിരുന്നു” എന്ന് ചോദിക്കുന്നതും അയാള്‍ താന്‍ ഹിന്ദിക്കാരന്‍ ആണെന്നും ഒറീസയില്‍ നിന്നുള്ളതാണെന്ന് മറുപടി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണ റാലിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “CPM സംസ്ഥാന സമ്മേളനം,,, കൊല്ലം,,

ജനലക്ഷങ്ങൾ പങ്കെടുക്കുന്നു..

സമ്മേളത്തിന് പ്രചരണം നടത്തുന്ന കൊല്ലംകാരൊക്കെ എത്ര മനോഹരമായിട്ടാണ് ഹിന്ദിയും ബംഗാളിയും ഒഡിയയും സംസാരിക്കുന്നത്…

FB postarchived link

എന്നാല്‍ ഇത് പഴയ ദൃശ്യങ്ങള്‍ ആണെന്നും കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ഞങ്ങൾ വീഡിയോ ഈ ഫ്രെയിമകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ദൃശ്യങ്ങൾ 2021 ഏപ്രിൽ അഞ്ചിന് ഒരു ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഇതേ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് പങ്കുവെച്ചതായി കണ്ടു. 

കണ്ണൂ൪ അഴീക്കോട് മണ്ഡലത്തിൽ ” അതിഥി ” തൊഴിലാളികളെ ഇറക്കി സിപിഎം ചെങ്കടൽ’ എന്നാണ് തലക്കെട്ട്‌. 

വീഡിയോയിൽ ഒരു ബാനര്‍ വ്യക്തമായി കാണാം. ബാനറിൽ അഴിക്കോട് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെവി സുമേഷിനെ വിജയിപ്പിക്കുക എന്നെഴുതിയിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർത്ഥിയായി കെവി സുമേഷ് അഴിക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നുംതന്നെ ലഭ്യമായിട്ടില്ല. ഏതായാലും 2021 മുതല്‍ ലഭ്യമായ ദൃശ്യങ്ങളാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

നിഗമനം 

കൊല്ലത്ത് നടന്ന സിപിഎം പാര്‍ട്ടി സമ്മേളന റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭാവത്തില്‍ അന്യ സംസ്ഥാന തൊഴിലാളി പങ്കെടുക്കുന്നു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ 2021 ഏപ്രില്‍ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. സിപിഎം സംസ്ഥാന സമ്മേളനവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളന റാലിയില്‍ അതിഥി തൊഴിലാളികള്‍ പങ്കെടുത്തോ..? വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്…

Written By: Vasuki S 

Result: False