
പ്രചരണം
‘ദോഷമുള്ള ഗ്രഹം’ എന്ന്‍ വിശേഷിപ്പിച്ച് നമ്മള്‍ അല്പം അകറ്റി നിര്‍ത്തിയിരിക്കുന്ന ചൊവ്വ ഗ്രഹത്തിലേയ്ക്കുള്ള പര്യവേഷണത്തിന് മാത്രമായി തന്നെ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പ്രത്യേക ദൌത്യമൊരുക്കിയിട്ടുണ്ട്. നാസയുടെ മാര്‍സ് പെർസിവറൻസ് റോവര്‍ എന്ന പേടകം ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 18 ന് ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിരുന്നു.
ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ ഒരു ബഹിരാകാശ പേടകത്തിന്‍റെ ചില ഭാഗങ്ങളും ഒപ്പം ചൊവ്വ ഗ്രഹത്തിന്‍റെ ഉപരിതലം എന്നപോലെ ഉയര്‍ച്ച-താഴ്ച്ചകളുള്ള ചില ഭാഗങ്ങളും കാണാം. ഈ പ്രദേശത്തിന് ഭൂമിയോട് സാമ്യമുണ്ട്. ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: പേഴ്സി വിയറൻസ് റോവർ പകർത്തിയ ചൊവ്വയുടെ ചിത്ര’ങ്ങൾ…
പോസ്റ്റിന് ലഭിച്ച കമന്റുകളില്‍ പലതും വീഡിയോ അവിശ്വസനീയമാണ് എന്നും ഇത് ചൊവ്വ ഗ്രഹമല്ല എന്നും അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ ഇത് ചൊവ്വയുടെ ഉപരിതലം തന്നെയാണ് എന്നത് സത്യമാണ്. പ്രചാരണത്തെ കുറിച്ചും അതിനു പിന്നിലെ കൌതുകകരമായ യാഥാര്‍ത്ഥ്യത്തെ കുറിച്ചും അറിയാന്‍ ഞങ്ങളോടൊപ്പം ചേരൂ..
വസ്തുത അറിയൂ
ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ നാസയുടെ വെബ്‌സൈറ്റ് പരിശോധിച്ചു.. 2020 മാര്‍ച്ച് 4 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഇത് നാസ അയച്ച ക്യൂരിയോസിറ്റി റോവറിന്‍റെ ദൃശ്യങ്ങളാണ്.
ലേഖനത്തിന്റെ ഉള്ളടക്കത്തിന്‍റെ പരിഭാഷ നോക്കുക: നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിലെ ഏറ്റവും ഉയർന്ന മിഴിവുള്ള പനോരമിക് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. 2019 താങ്ക്സ്ഗിവിംഗ് അവധിക്കാലത്ത് എടുത്ത ആയിരത്തിലധികം ചിത്രങ്ങൾ തുടർന്നുള്ള മാസങ്ങളിൽ ശ്രദ്ധാപൂർവ്വം കൂട്ടിച്ചേർക്കുകയായിരുന്നു. ഈ 1.8 ബില്യൺ പിക്‌സൽ മിഴിവില്‍ സംയോജിപ്പിച്ച ദൃശ്യത്തില്‍ ചൊവ്വയിലെ ലാൻഡ്‌സ്‌കേപ്പ് അടങ്ങിയിരിക്കുന്നു. പനോരമ നിർമ്മിക്കാൻ റോവറിന്റെ മാസ്റ്റ് ക്യാമറ അഥവാ മാസ്റ്റ്ക്യാം അതിന്റെ ടെലിഫോട്ടോ ലെൻസ് ഉപയോഗിച്ചു; അതേസമയം, കുറഞ്ഞ മിഴിവുള്ള 650 ദശലക്ഷം പിക്‌സൽ പനോരമ നിർമ്മിക്കാൻ മീഡിയം ആംഗിൾ ലെൻസിനെ ആശ്രയിച്ചിരുന്നു, അതിൽ റോവറിന്റെ ഡെക്കും റോബോട്ടിക് കൈകളും ഉൾപ്പെടുന്നു. 2019 നവംബര്‍ 24 നും ഡിസംബര്‍ ഒന്നിനും ഇടയിലാണ് ദൃശ്യങ്ങള്‍ ക്യൂരിയോസിറ്റി റോവര്‍ ചിത്രീകരിച്ചത് എന്നും ലേഖനത്തില്‍ പറയുന്നു.
നാസയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നോക്കുക
നാസയുടെ വെബ്‌സൈറ്റിലുള്ള ക്യൂരിയോസിറ്റി റോവറിന്‍റെ ചിത്രവും പെഴ്സിവിയരന്‍സ് റോവെറിന്‍റെതായി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോയില്‍ നിന്നുമെടുത്ത ചിത്രവും തമ്മിലുള്ള താരതമ്യം നോക്കുക. രണ്ടു ചിത്രങ്ങളും ഒരേ റോവറിന്‍റെ തന്നെയാണെന്നും ഒരേ സന്ദര്‍ഭം തന്നെയാണെന്നും വ്യക്തമാകും.
നാസ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം പെഴ്സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ മണ്ണില്‍ കാലുറപ്പിച്ചത് 2021 ഫെബ്രുവരി 18 നാണ്. നാസ റിപ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ ഷോട്ട് കാണുക:
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാസയുടെ ക്യൂരിയോസിറ്റി റോവര്‍ അയച്ച പനോരമിക് ദൃശ്യങ്ങളാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചൊവ്വയിലെത്തിയ പെഴ്സിവറന്‍സ് റോവര്‍ അയച്ച ഒരു ചിത്രം നാസ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.
നാസയുടെ മിഷന്‍ അപ്ഡേറ്റ് എന്ന ബ്ലോഗ് സന്ദര്‍ശിച്ചാല്‍ അവരുടെ എല്ലാ ദൌത്യങ്ങളെ കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കും.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പെഴ്സിവിയറന്‍സ് റോവറിന്‍റെയും അത് പകര്‍ത്തിയ ദൃശ്യങ്ങളുമല്ല. 2019 ല്‍ ചൊവ്വയില്‍ ലാന്‍ഡ് ചെയ്ത ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങളുടെ പനോരമിക് ദൃശ്യങ്ങളാണ്. മാത്രമല്ല, ഇതൊരു വീഡിയോ രൂപത്തില്‍ റോവര്‍ അയച്ചതല്ല, പല ചിത്രങ്ങള്‍ സംയോജിപ്പിച്ച് വീഡിയോ രൂപത്തില്‍ ആക്കിയതാണ്.

Title:ഈ ദൃശ്യങ്ങള്‍ പെഴ്സിവിയറന്‍സിന്‍റെതല്ല, ക്യൂരിയോസിറ്റി റോവറിന്‍റെതാണ്…
Fact Check By: Vasuki SResult: Partly False
