
വിവരണം
“കേരളത്തിലെ വിപ്ലവ കൊയന്മാർക്കു കുളിരു കോരാൻ … ഇതിലും വലുതൊന്നും വേണ്ടി വരില്ല …?” എന്ന അടിക്കുറിപ്പോടെ Alialikkas Ali എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ ഏപ്രിൽ ഒന്നിന് പ്രസിദ്ധികരിച്ച ഈ പോസ്റ്റിന്‍റെ ഒപ്പം പങ്കുവെച്ച ചിത്രത്തിൽ സി.പി.എം മുൻ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്നതു കാണാം. ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 2600 ലധികം ഷെയറുകളാണ്. ബിജെപിയും സി.പി.എമ്മും കേരളത്തിലും അതുപോലെ തന്നെ ദേശീയ രാഷ്ട്രീയത്തിലും കനത്ത എതിരാളികളാണ്. സി.പി.എം നേതാക്കൾ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ കർശനമായ പ്രചരണം നടത്തുമ്പോൾ സി.പി.എമ്മിന്‍റെ മുൻ ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായ മുതിർന്ന നേതാവ് പ്രകാശ് കാരാട്ട് മോദിയെ കെട്ടിപ്പിടിക്കുന്നു ചിത്രങ്ങൾ യാഥാർത്ഥമാണോയെന്ന് സംശയം ഉണ്ടാകുന്നു. ഈ ചിത്രത്തിന്‍റെ യാഥാർഥ്യം കണ്ടെത്താനായി നമുക്ക് ഈ ചിത്രം പരിശോധിച്ചു നോക്കാം.
വസ്തുത വിശകലനം
ഈ ചിത്രത്തിനെ കുറിച്ച് കൂടതലറിയാനായി ഞങ്ങൾ ചിത്രം ഗൂഗിൾ reverse image അന്വേഷണത്തിനു വിധേയമാക്കി. അതിന്റെ ഫലങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. :

പരിശോധന ഫലങ്ങളിൽ ഞങ്ങൾക്ക് യഥാർത്ഥ ചിത്രം ലഭിച്ചു. ഈ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശ് കാരാട്ടിനെയല്ല രാജ്നാഥ് സിങ്ങിനെയാണ് കെട്ടിപ്പിടിക്കുന്നത്.

2013 സെപ്റ്റംബറിൽ നടന്ന ബി.ജെ.പി പ്രതിനിധി സമ്മേളനത്തിൽ അന്ന് ബി.ജെ.പി അധ്യക്ഷനും ഇന്നത്തെ കേന്ദ്ര ആഭ്യന്തരകാര്യമന്ത്രിയുമായ രാജ്നാഥ് സിംഗ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി യും നിലവിൽ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ 2014 ലോക് സഭ തെരെഞ്ഞെടുപ്പിൽ എൻ .ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിനിധി സമ്മേളനത്തെത്തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അന്നത്തെ വാർത്താ സമ്മേളനത്തിന്‍റെ വീഡിയോ വീഡിയോ താഴെ നല്കിട്ടുണ്ട്.
അന്നത്തെ വാർത്താ സമ്മേളനത്തിലെടുത്ത ചിത്രമാണിത്. ഇതേ ചിത്രത്തിൽ രാജ്‌നാഥ് സിംഗിൻ്റെ മുഖം നീക്കം ചെയ്ത ശേഷം കാരാട്ടിൻ്റെ മുഖം കൂട്ടിച്ചേർത്തു വച്ചതാണ്

നിഗമനം
ഈ ചിത്രം വ്യാജമാണ്. പ്രകാശ് കാരാട്ടിന്റെ മുഖം സംയോജിപ്പിച്ചതാണെന്ന് വ്യക്തമാണ്. മോദിയെ രാജ്‌നാഥ് സിംഗ് കെട്ടിപ്പിടിക്കുന്ന ചിത്രം 2013 സെപ്റ്റംബറിൽ നടന്ന ബി.ജെ.പി പ്രതിനിധി സമ്മേളനത്തെ തുടർന്ന് മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. വായനക്കാർ ഇത്തരം പോസ്റ്റുകൾ വസ്തുത പരിശോധിക്കാതെ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:നരേന്ദ്ര മോദിയെ പ്രകാശ് കാരാട്ട് കെട്ടിപ്പിടിക്കുന്ന ചിത്രം യഥാർത്ഥമാണോ…?
Fact Check By: Harish NairResult: False
