കണ്ണൂരില്‍ ലോറി കയറി ഇടിഞ്ഞു താഴ്ന്ന ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതല്ലാ.. വസ്‌തുത ഇതാണ്..
വിവരണം
കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും അതെ തുടര്‍ന്നുള്ള ദുരിതങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാതയിലും സംസ്ഥാന പതായിലുമൊക്കെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെടുന്നതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പുതുതായി പുനര്‍നിര്‍മ്മിച്ച റോഡില്‍ ചരക്ക് ലോറി ഇടിഞ്ഞു താഴ്ന്ന് കുടുങ്ങിയെന്നതാണ് വലിയ വാര്‍ത്തയായിരിക്കുന്നത്. കണ്ണൂരില്‍ നടന്ന സംഭവം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലീഡര്‍ കെ.സുധാകരന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയുടെ ഒരു ഭാഗത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട് മരുമോന്‍ പൊളിയാണ് എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് മന്ത്രിയായി ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് നടത്തിയ അഴിമതിയുടെ ഫലമാണിതെന്ന വ്യാഖ്യാനത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് 7,400ല്‍ അധികം റിയാക്ഷനുകളും 3,300ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാര്‍ത്തയിലുള്ള റോഡ് ഇടിഞ്ഞു താഴ്ന്ന് ചരക്ക് ലോറി കുടുങ്ങിയ ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
കണ്ണൂര്‍ ലോറി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും തന്നെ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ പൂര്‍ണ്ണരൂപവും ഒരു ഷോര്‍ട്ട് വീഡിയോയും കണ്ടെത്താന്‍ കഴിഞ്ഞു. യൂട്യൂബില്‍ അവര്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയാണ്- കണ്ണൂരില്‍ ടാറിട്ട കോര്‍പ്പൊറേഷന്‍ റോഡില്‍ താഴ്ന്ന് ഇറങ്ങി ലോറി.. ഇതില്‍ നിന്നും റോഡ് കോര്‍പ്പൊറേഷന് കീഴില്‍ നിര്‍മ്മിച്ചതാണെന്ന് വ്യക്തം. അതായത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ (പഞ്ചായത്ത്, നഗരസഭ, കോര്‍പ്പൊറേഷന്‍) അതാത് എന്‍ജിനീയറിങ് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പുമായി ബന്ധമില്ലാ. ചില തദ്ദേശ റോഡുകള്‍ പ്രത്യേക ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ബിഎം ആന്‍ഡ് ബിസി വര്‍ക്കുകള്‍ ചെയ്യാറുണ്ടെങ്കിലും ഭൂരിഭാഗം തദ്ദേശ റോഡുകളും അവര്‍ തന്നെ ടെന്‍ഡര്‍ ക്ഷണിച്ച് കോണ്‍ട്രാക്ടര്‍മാരെ കൊണ്ട് നിര്‍മ്മിക്കുന്നതാണ്. ഇത് സ്ഥിരീകരിക്കാനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-
കണ്ണൂര്‍ നഗരത്തിലെ തകര്‍ന്ന റോഡ് കോര്‍പ്പൊറേഷന്‍റെ കീഴില്‍ നിര്‍മ്മിച്ചതാണ്. ഇതിന് പൊതുമരാമത്ത് വകുപ്പുമായി യാതൊരു ബന്ധവുമില്ലാ. മറിച്ചുള്ള പ്രചരണങ്ങല്‍ അടിസ്ഥാന രഹിതമാണ്.
മാത്രമല്ലാ കണ്ണൂര്‍ കോര്‍പ്പൊറേഷന്‍ ഭരിക്കുന്നത് യുഡിഎഫാണ്. കോര്‍പ്പൊറേഷന്‍ പ്രദേശമായ താളിക്കാവിലാണ് റോഡ് തകര്‍ന്നത്. ഇതിനെതിരെ കോര്‍പ്പൊറേഷന് മുന്നില്‍ ഇന്ന് (ജൂലൈ 7) എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധം സംഘടപ്പിച്ചതായി പ്രദേശിക ഓണ്‍ലൈന്‍ മാധ്യമമായ കേരള ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത നല്‍കിയിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക എന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-
മാതൃഭൂമി വാര്‍ത്തയുടെ പൂര്‍ണ്ണരൂപം (വാര്‍ത്തയില്‍ തന്നെ കോര്‍പ്പൊറേഷന്‍ റോഡാണിത് എന്ന് വ്യക്തമാക്കുന്നുണ്ട്) -
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മാതൃഭൂമി വാര്‍ത്തയുടെ ഒരു ഭാഗം ഈ ഷോര്‍ട്ട് വീഡിയോയില്‍ നിന്നുമുള്ളതാണ്-
നിഗമനം
കണ്ണൂര്‍ കോര്‍പ്പൊറേഷന്‍റെ റോഡ് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച റോഡാണ് ലോറിയ കയറിയപ്പോള്‍ ഇടിഞ്ഞു താഴ്ന്നത്. ഈ റോഡ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കണ്ണൂരില്‍ ലോറി കയറി ഇടിഞ്ഞു താഴ്ന്ന ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതല്ലാ.. വസ്‌തുത ഇതാണ്..
Written By: Dewin CarlosResult: False