(1971-72 -ൽ തലശ്ശേരിയിൽ നടന്ന വർഗീയ കലാപത്തിന് പിന്നിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ട് എന്നവകാശപ്പെടുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.

പ്രചരണം

കണ്ണൂര്‍ കലാപ സമയത്ത് കണ്ണൂരിലെ എഎസ്പിയായി നിയമിതനായ യുവ ഐപിഎസ് അജിത് ഡോവൽ (നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) പിണറായിയെ ജയിലിൽ കൈകാര്യം ചെയ്തുവെന്നും മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് മോചിപ്പിച്ചെന്നും കുറിപ്പ് വ്യക്തമാക്കുന്നു. വിവരണം ഇങ്ങനെ: “വിജയൻ വാ വിട്ടു കരഞ്ഞു, "എന്നെ ഒന്നും ചെയ്യല്ലേ സാറേ, എന്നോട് ക്ഷമിക്കണേ." ഭയന്ന് ലോക്കപ്പിൽ മൂത്രവും ഒഴിച്ചു.

SP പറഞ്ഞു, "നിന്നെപ്പോലുള്ള തെരുവു ഗുണ്ടകളും നിങ്ങളുടെ മേലാളന്മാരും കൂടി നടത്തുന്ന കലാപം, ഇപ്പോൾ തന്നെ നിർത്തിയേക്കണം. ഇല്ലെങ്കിൽ, ഈ നിറച്ച തോക്കിൻ്റെ കാഞ്ചി ഞാൻ വലിക്കും. നിന്റെ തലച്ചോറ് തലയുടെ പുറകിലൂടെ പുറത്തേക്ക് തെറിക്കും."

"ശരി സർ!", വിജയൻ പറഞ്ഞു. വഴിയിൽ വച്ച് അഴിഞ്ഞ പോയ മുണ്ട് കൊടുത്തിട്ട്, ലോക്കപ്പിലെ മൂത്രം തുടക്കാൻ പറഞ്ഞു. കേസ്സ് ചാർജ് ചെയ്യാതെ വിജയനെ വിട്ടയച്ചു. ഉടനെ തലശ്ശേരി കലാപവും അവസാനിച്ചു.

അന്നത്തെ ആ SP യാണ് ഇന്ത്യയുടെ ഇന്നത്തെ ദേശീയ സുരക്ഷയുടെയും NIA യുടേയും ചുമതലയുള്ള അജിത് ഡോവൽ!”

FB postarchived link

എന്നാല്‍ വ്യാജ പ്രചരണമാണിതെന്നും വെറും കെട്ടുകഥയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇതാണ്

ഏതാണ്ട് 2020 മുതല്‍ ഈ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് എവിടെ നിന്നുള്ളതാണ്, ആരാണ് എഴുതിയത് എന്നുള്ള വിശദാംശങ്ങള്‍ ഒന്നുംതന്നെ ലഭ്യമല്ല. 2020 ജൂലൈ 13 ന് ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച ഒരു ഫേസ്ബുക്ക് കുറിപ്പിന്‍റെ മലയാള പരിഭാഷയാണിത് എന്നു അനുമാനിക്കുന്നു. ഏതായാലും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.

1971-72 കാലഘട്ടത്തിൽ തലശ്ശേരിയിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടതായും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ അജിത് ഡോവലിനെ നിയോഗിച്ചതായും വാര്‍ത്തകളുണ്ട്. കൂടാതെ കണ്ണൂർ കലാപത്തെ ആസ്പദമാക്കി എഴുതിയ പുസ്തകത്തിൽ Kannur: Inside India’s Bloodiest Revenge Politics എന്ന പുസ്തകത്തിൽ കലാപം അമർച്ച ചെയ്യാൻ അജിത് ഡോവൽ നടത്തിയ ഇടപെടലുകളെ കുറിച്ച് പറയുന്നുണ്ട്. ഉള്ളടക്കത്തില്‍ ഒരിടത്തും പിണറായി വിജയനെ ഡോവല്‍ അറസ്റ്റ് ചെയ്തതായി പരാമര്‍ശമില്ല. മുന്‍ സിപിഎം നേതാവും മന്ത്രിയുമായിരുന്ന എം.വി രാഘവന്‍റെ ആത്മകഥയായ . 'ഒരു ജന്മം: എം.വി.ആറിന്റെ ആത്മകഥ' എന്ന പുസ്തകത്തില്‍ തലശേരി കലാപത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. 'തലശ്ശേരി കത്തുന്നു' എന്ന തലക്കെട്ടില്‍ കലാപത്തെക്കുറിച്ച് വിശദമായി പറയുന്നു. എന്നാല്‍ ഇതിലും പിണറായി വിജയന് പങ്കുണ്ടെന്ന് ഒരിടത്തും പറയുന്നില്ല. സിപിഎം വിട്ടതിന് ശേഷമാണ് എം.വി രാഘവന്‍ ആത്മകഥ എഴുതിയത്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിനോട് പ്രചരണത്തിന്‍റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: പിണറായി 1970 ല്‍ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ അത് വാർത്ത പ്രാധാന്യം നേടുമായിരുന്നു. 1972 ജനുവരി 2 മുതൽ ജൂലൈ ഒൻപത് വരെയാണ് ഡോവൽ തലശേരി എഎസ്പിയായി ചുമതലയില്‍ ഉണ്ടായിരുന്നത്. ആർഎസ്എസ് പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്‌ണന്‍റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായും കൊല നടന്നത് ഈ കലാപകാലത്തായിരുന്നുവെന്നും ദുഷ്പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ആ കൊലപാതകം നടന്നത് 1969ലായിരുന്നു. അന്ന് അജിത് ഡോവൽ തലശേരി എഎസ്പിയായി ചുമതലയില്‍ ഉണ്ടായിരുന്നില്ല.”

1975ലാണ് അന്ന് എംഎൽഎയായിരുന്ന പിണറായി അറസ്റ്റ് ചെയ്യപ്പെടുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ചതിനായിരുന്നു എന്ന് വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നു.

തലശ്ശേരിയിൽ നടന്ന 1971-1972 വർഗീയ കലാപങ്ങളെ സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സർക്കാർ രേഖകളിൽ ലഭ്യമാണ്. 1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്തുവെന്നും മാപ്പ് പറഞ്ഞപ്പോള്‍ വെറുതെ വിട്ടു എന്നും പ്രചരിക്കുന്നത് വെറും കെട്ടുകഥയാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്തു, മാപ്പ് പറഞ്ഞതിനാല്‍ വെറുതെവിട്ടു’- പ്രചരിക്കുന്നത് വെറും കെട്ടുകഥ...

Written By: Vasuki S

Result: Misleading