സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 2020 ല്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ ദൃശ്യങ്ങളാണിത്... നിലവിലേതല്ല...
കർണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്ന് പല ഇടത്തും മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട് എന്നു വാര്‍ത്തകള്‍ അറിയിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നിറയെ പ്രചരിക്കുന്നുണ്ട്. പതിനായിരങ്ങള്‍ പങ്കെടുത്ത ഒരു പോപ്പുലർ ഫ്രണ്ട് ജാഥയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പ്രചരണം
യൂണിറ്റി മാർച്ച് എന്ന് എഴുതിയ ബാനർ പിടിച്ചുകൊണ്ട് യൂണിഫോം ധരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അച്ചടക്കത്തോടെ മാർച്ച് നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇത് പാക്കിസ്ഥാനിലോ അഫ്ഗാനിസ്താനിലോ ആണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. ഇത് താലിബാൻ കേരള ഘടകത്തിന്റെ യൂണിറ്റി മാർച്ച് ആണ്.
ഹിജാബ് വത്കരണം നടത്താൻ മുൻപന്തിയിൽ നിൽക്കുന്ന കോൺഗ്രസ് നേതാക്കൾക്കും സിപിഎം നേതാക്കൾക്കും മതേതര മൊണ്ണകൾക്കും ഷെയർ ചെയ്യുക.
സ്വന്തം ജീവനിൽ തനിയെ പേടി തോന്നിക്കോളും.
Team CASA Kannur”
ഹിജാബ് നിരോധനത്തിനെതിരെ നടത്തുന്ന പ്രകടനമാണിത് എന്ന് തെറ്റിദ്ധരിച്ച് പലരും പോപ്പുലർ ഫ്രണ്ട് മാർച്ചിനെ അപലപിച്ച് കമന്‍റ് ബോക്സിൽ കമന്‍റുകൾ ഇടുന്നുണ്ട്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ മാർച്ച് നടന്നത് ഇപ്പോഴല്ല 2020 ഫെബ്രുവരിയില്‍ ആയിരുന്നു എന്ന് കണ്ടെത്തി
വസ്തുത ഇങ്ങനെ
ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ചിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു വീഡിയോ വാർത്തയുടെ ദൃശ്യങ്ങൾ ലഭിച്ചു.
വെറുപ്പിനെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന സന്ദേശവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പോപ്പുലർ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നത് ഭാഗമായാണ് എറണാകുളത്ത് യൂണിറ്റി മാർച്ചും ബഹുജന റാലിയും സംഘടിപ്പിച്ചത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുള്‍ സത്താർ, ദൃശ്യങ്ങള്‍ പോപ്പുലർ ഫ്രണ്ട് 2020 ഫെബ്രുവരി 17 എറണാകുളം ജില്ലയിൽ നടന്ന യൂണിറ്റി മാർച്ചിലേതാണ് എന്ന് ഞങ്ങളുടെ പ്രതിനിധിയോട് സ്ഥിരീകരിച്ചിട്ടുണ്ട്.
റാലിക്ക് ശേഷമുള്ള സമ്മേളനത്തില്‍ ദളിത് ക്യാമറ എന്ന ന്യൂസ് വെബ്സൈറ്റ് മേധാവിയും ദളിത് ആക്ടിവിസ്റ്റുമായ രവി ചന്ദ്രൻ ബത്രന്‍ പങ്കെടുത്ത് പ്രഭാഷണം നടത്തിയിരുന്നു. സി.എ.എ., എൻ.ആർ.സി നിയമങ്ങൾക്കും ബില്ലിനും എതിരെ പ്രതിഷേധിക്കാനും പോപ്പുലർ ഫ്രണ്ട് ഈ അവസരം ഉപയോഗിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് പി അബ്ദുൽ മജീദ് ഫൈസി ബഹുജനറാലിക്ക് ശേഷം പൊതുസമ്മേളനത്തിൽ സംസാരിച്ചു. ഈ സന്ദർഭത്തിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ കർണാടകയിലെ ഹിജാബ് വിവാദം നടക്കുന്ന സമയത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഈ വീഡിയോയ്ക്ക് നിലവിലെ കർണാടക ഹിജാബ് വിവാദവുമായി യഥാർത്ഥത്തിൽ യാതൊരു ബന്ധവുമില്ല.
നിഗമനം
2020 പോപ്പുലർ ഫ്രണ്ട് എറണാകുളത്ത് നടത്തിയ ബഹുജന റാലിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നിലവിൽ കർണാടകയില്‍ നടക്കുന്ന വിവാദവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 2020 ല്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ ദൃശ്യങ്ങളാണിത്... നിലവിലേതല്ല...
Fact Check By: Vasuki SResult: Missing Context