
രണ്ടു രാജ്യങ്ങള്‍ക്കായി ദേശീയഗാനം രചിക്കാന്‍ ഭാഗ്യ സിദ്ധിച്ച ഒരേയൊരു കവി മാത്രമേ ലോകത്തുള്ളൂ, മറ്റാരുമല്ല ലോക സാഹിത്യത്തിന് തന്നെ മഹത്തായ സംഭാവനകള്‍ നല്‍കിയ രബീന്ദ്ര നാഥ ടാഗോര്‍ ആണത്. ഇന്ത്യയും ബംഗ്ലാദേശും രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും ഇരു രാജ്യങ്ങളും രബീന്ദ്ര നാഥ ടാഗോറിനെ ഒരുപോലെയാണ് ആദരിക്കുന്നത്. ടാഗോര്‍ കൊല്‍ക്കത്തയില്‍ ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിച്ച സര്‍വകലാശാലയാണ് വിശ്വഭാരതി. ടാഗോറിന്‍റെ പേര് സര്‍വകാശാലയുടെ ശിലാഫലകത്തില്‍ നിന്നും നീക്കം ചെയ്തുവെന്ന് ഒരു ആരോപണം പ്രചരിക്കുന്നുണ്ട്.
പ്രചരണം
വിശ്വഭാരതി സർവ്വകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് ടാഗോറിനെ ഒഴിവാക്കി എന്ന വാചകങ്ങളും ടാഗോറിന്‍റെ ചിത്രവും ചേര്‍ത്ത പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്.

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ പ്രചരണവുമായി ബന്ധപ്പെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില വാര്‍ത്തകള്‍ ലഭിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം: “കൊൽക്കത്തയിലെ വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകനും ഇന്ത്യയിലെ ആദ്യത്തെ നൊബേൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്‍റെ പേരില്ലാത്ത വിവാദ ഫലകങ്ങൾ മാറ്റിസ്ഥാപിക്കും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതൻ ടൗൺഷിപ്പിനെ ഉൾപ്പെടുത്തിയതിന്‍റെ അടയാളമായി ഒക്ടോബറിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തിയുടെയും പേരുകൾ ഉൾക്കൊള്ളുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ഈ നീക്കം പ്രതിഷേധത്തിനും അവ നീക്കം ചെയ്യാനുള്ള ആഹ്വാനത്തിനും കാരണമായി. ഫലകങ്ങൾ ഉടൻ മാറ്റിസ്ഥാപിക്കുമെന്ന് സർവകലാശാല തിങ്കളാഴ്ച അറിയിച്ചു.”
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതൻ ടൗൺഷിപ്പ് ഉൾപ്പെടുത്തിയതിന്‍റെ അടയാളമായി വിശ്വഭാരതി സർവകലാശാലയുടെ കാമ്പസിൽ സ്ഥാപിച്ചതാണ് പുതിയ ശിലാഫലകങ്ങള്‍.
ബംഗാളി ഭാഷയിലെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ യുട്യൂബില്‍ നിന്നും ചില വീഡിയോ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
രബിന്ദ്ര നാഥ ടാഗോറിന്‍റെ പേര് ശിലാഫലകത്തില്‍ നിന്നും നീക്കം ചെയ്തതില്‍ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെയും വൈസ് ചാന്‍സലറുടെയും പേരുള്ള പുതിയ ശിലാഫലകം നീക്കം ചെയ്ത് ടാഗോറിന്‍റെ പേരുള്ളത് പുനസ്ഥാപിക്കുന്നു എന്നാണ് ഉള്ളടക്കം അറിയിക്കുന്നത്. രണ്ടു തൊഴിലാളികള്‍ ശിലാഫലകം ഇടിച്ചുപൊട്ടിച്ച് നീക്കം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പല വാര്‍ത്താ മാധ്യമങ്ങളുടെയും സാമൂഹ്യ മാധ്യമ പേജുകളില്‍ ടാഗോറിന്‍റെ പേരില്ലാത്ത ഫലകം നീക്കം ചെയ്യുന്നതിന്‍റെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ടാഗോറിന്‍റെ പേരുള്ള പുതിയ ശിലാഫലകത്തിന്‍റെ ചിത്രം ഒരിടത്തും കാണാന്‍ സാധിച്ചില്ല, തുടര്‍ന്ന് ഞങ്ങള്‍ വിശ്വഭാരതി സര്‍വകാലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മഹുവ ബാനര്‍ജിയുമായി സംസാരിച്ചു. അവര്‍ അറിയിച്ചത് ഇങ്ങനെ: “രബിന്ദ്ര നാഥ ടാഗോറിന്‍റെ പേരില്ലാതെ ശിലാഫലകം സ്ഥാപിച്ചതിന് ശേഷം പ്രതിഷേധങ്ങള്‍ ഉണ്ടായി. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രകാരം അത് നീക്കം ചെയ്തു. പിന്നീട് ടാഗോറിന്‍റെ മാത്രം പേര് ചേര്‍ത്ത് പുനസ്ഥാപിക്കുകയും ചെയ്തു.
ടാഗോറിന്‍റെ പേരില്ലാതെ സ്ഥാപിച്ച ശിലാഫലകം പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്ത ശേഷം ടാഗോറിന്‍റെ പേരുള്ള ശിലാഫലകം പുനസ്ഥാപിച്ചുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതൻ ടൗൺഷിപ്പ് ഉൾപ്പെടുത്തിയതിന്‍റെ അടയാളമായി വിശ്വഭാരതി സർവകലാശാലയുടെ കാമ്പസിൽ 2023 ഒക്ടോബറില്‍ പുതിയ ശിലാഫലകങ്ങള്‍ സ്ഥാപിച്ചതില്‍ രബിന്ദ്ര നാഥ ടാഗോറിന്‍റെ പേരുണ്ടായിരുന്നില്ല. പിന്നീട് സംഭവം വിവാദമാവുകയും പ്രതിഷേധം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് രബിന്ദ്ര നാഥ ടാഗോറിന്‍റെ മാത്രം പേര് വച്ച് ശിലാഫലകങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. വിവാദ ഫലകങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Title:വിശ്വഭാരതി സർവ്വകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് രബിന്ദ്ര നാഥ ടാഗോറിനെ ഒഴിവാക്കിയോ…? പ്രചരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
Written By: Vasuki SResult: Misleading
