പുതിയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും അന്‍വര്‍ പിന്മാറാന്‍ സിപിഎം മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

സിപിഎമ്മും പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള പോര് കടുക്കുകയാണ്. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ തനിക്ക് കഴിയില്ലായെന്ന് തുറന്നടിച്ച അന്‍വര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പൊതുസമ്മേളനം ഉള്‍പ്പടെ വിളിച്ച് ചേര്‍ത്ത് നിലപാട് വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ അന്‍വര്‍ പേടിയില്‍ സിപിഎം, പുതിയ പാര്‍ട്ടി നീക്കത്തില്‍ നിന്നും പിന്മാറാന്‍ മന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി സിപിഎം. അന്‍വറിന്‍റെ നോട്ടം ആഭ്യന്തരമന്ത്രി കസേര, പിണറായിക്ക് അതൃപ്തി.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പൊളിറ്റിക്‌സ് കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അഷ്ഫാക്ക് അഹമ്മദ് മുക്കംത്തൊടി എന്ന വ്യക്തി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം-

Facebook PostArchived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്‍വറിനെ അനുനയിപ്പിക്കാനും മന്ത്രി സ്ഥാനം നല്‍കാനും സിപിഎം ശ്രമം നടത്തിയെന്ന വാര്‍ത്ത 24 ന്യൂസ് നല്‍കിയതാണോ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ 24 ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് അറിയാന്‍ അവരുടെ വെബ്‌സൈറ്റും സമൂഹമാധ്യമങ്ങളിലെ പേജുകള്‍ പരിശോധിച്ചെങ്കിലും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്ട് ക്രെസെന്‍ഡോ മലയാളം 24 ന്യൂസ് വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് 24 പങ്കുവെച്ചതില്ലായെന്നും ഇത് വ്യാജമാണെന്നും അവര്‍ പ്രതികരിച്ചു.

പിന്നീട് മറ്റ് മാധ്യമങ്ങള്‍ ഇത്തരത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇങ്ങനെയൊരു വാര്‍ത്ത തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ് വസ്‌തുത.

നിഗമനം

24 ന്യൂസിന്‍റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.