വിവരണം

യുക്തിവാദ സംഘടനയായ എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനമായ ലിറ്റ്‌മസ് 2024ലെ ഒരു സംവാദത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുസ്‌ലിം മത പണ്ഡിതനായ ഷുഹൈബുല്‍ ഹൈതമിയും എസെന്‍സ് ഗ്ലോബല്‍ പ്രതിനിധിയായ പ്രഫ. സി.രവിചന്ദ്രനുമായി യുക്തിസഹമേത്? - സ്വതന്ത്രചിന്തയോ ഇസ്ലാമോ? എന്ന വിഷയത്തില്‍ നടന്ന സംവാദമാണ് ചര്‍ച്ചയായിരിക്കുന്നത്. ഇതില്‍ ഹൈതമിയുടെ മറുപടികള്‍ക്ക് മുന്‍പില്‍ യുക്തിവാദത്തിന് അടിപതറിയെന്നതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളിലെ അവകാശവാദം. എന്നാല്‍ ഇപ്പോള്‍ മുന്‍ മന്ത്രിയും ഇടതുപക്ഷ എംഎല്‍എയുമായ കെ.ടി.ജലീല്‍ യുക്തിവാദികളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പേരിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കെ.ടി.ജലീല്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റ് എന്ന പേരിലാണ് പ്രചരണം.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കെ.ടി.ജലീലിന്‍റെ പേരിലുള്ള ഫെ‌യ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടിന്‍റെ ഉള്ളടക്കം -

രവീന്ദ്രൻ സാറും ഷുഹൈബ് ഹൈതമിയും തമ്മിലുള്ള കോഴിക്കോട് വെച്ച് നടന്ന സംവാദം ശ്രദ്ധയോടെ കേട്ടു. രണ്ട് പേരും നന്നായി പെർഫോം ചെയ്തു. സന്തോഷം അഭിനന്ദനങ്ങൾ.

പക്ഷെ രവീന്ദ്രൻ സാറ് ചോദിച്ച പല ചോദ്യങ്ങളും ഈ അന്തരീക്ഷത്തിൽ തന്നെ വട്ടമിട്ട് കളിക്കും. അതിന് ഹൈതമിക്ക് ഉത്തരമില്ലെങ്കിൽ മറുപടി പറയേണ്ടത് സമുദായ നേതാക്കളാണ്. പാണക്കാട് സ്വദിഖലി തങ്ങളടക്കം.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ടാവുമ്പോഴാണ് ഉത്തരം തേടിയുള്ള യാത്രയിൽ പലരും നാസ്‌തികരും നിരീശ്വരവാദികളുമാകുന്നത്. ഇന്ന് കോഴിക്കോട് നടന്ന സംവാദത്തിൻ്റെ ഏറ്റവും വലിയ ഗുണം കിട്ടിയത് നിരീശ്വരവാദികൾക്കാണ്. അവിടെ കൂടിയിരുന്ന പലരുടെയും ചിന്തകളിൽ ദൈവനിഷേധത്തിൻ്റെ വിത്ത് മുളച്ചുകഴിഞ്ഞു. അതിന് സഹായകമായത് എല്ലാം തികഞ്ഞവർ എന്ന രീതിയിൽ പലരും കൊണ്ടിരുത്തിയ ഹൈതമി കാരണമാണ്. ലീഗനുകൂലിയായ ഹൈത്തമിയുടെ ഓരോ വാക്കിനും പാണക്കാട് തങ്ങൾക്ക് ആണ് ഉത്തരവാദിത്തം.

മനുഷ്യരിൽ ചിന്ത വളർന്നു കഴിഞ്ഞു മതത്തിനു പ്രസക്തി നഷ്ട‌പ്പെട്ട നാളുകളിലേക്കാണ് കാലത്തിന്റെ പോക്ക്. സമുദായത്തെ മതത്തിന്റെ വേലിക്കെട്ടിൽ തളച്ചിടാമെന്ന് ഒരു സമുദായ പണ്ഡിതനും മനക്കോട്ട കെട്ടേണ്ട. പണ്ഡിത വേഷധാരികൾ പണികഴിപ്പിച്ച സവർണ്ണ കോട്ടകൾ തകർന്നു തുടങ്ങി. ശ്രീ രവീന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ.

പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് -

ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന് ലഭിച്ച ഫാക്‌ട് ചെക്ക് അഭ്യര്‍ത്ഥന -

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.ടി.ജലീല്‍ യുക്തിവാദത്തെ അനുകൂലിച്ച് ലിറ്റ്‌മസ് സമ്മേളനത്തിലെ സംവാദത്തെ കുറിച്ച് ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കെ.ടി.ജലീലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചു. എന്നാല്‍ അദ്ദേഹം ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലാ. മാത്രമല്ലാ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരിച്ച് കെ.ടി.ജലീല്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് -

കൃത്രിമ സ്ക്രീൻഷോട്ട്: പിന്നിൽ ജമാഅത്തെ ഇസ്ലാമിയും ലീഗും:

ശുഅയ്ബ് ഹൈതമിയും രവീന്ദ്രനും നടത്തിയ സംവാദവുമായി ബന്ധപ്പെട്ട് എൻ്റെ പേരിൽ ഒരു വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് പ്രചരിപ്പിക്കുന്നവരിൽ മുൻപന്തിയിലുള്ളത് ജമാഅത്തെ ഇസ്ലാമിക്കാരും ലീഗ് സൈബർ വീരൻമാരുമാണ്. എന്നെ തോൽപ്പിക്കാൻ പല വഴികളും നോക്കി. നടക്കില്ലെന്ന് കണ്ടപ്പോഴാണ് ഈ വ്യാജ സ്ക്രീൻഷോട്ടുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഞാൻ പോസ്റ്റ് ചെയ്ത ശേഷം "മുക്കി"യതാണ് ഇതെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ട.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം -

Facebook Post

Archived Screenshot

നിഗമനം

കെ.ടി.ജലീല്‍ എംഎല്‍എയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്. വ്യാജ സ്ക്രീന്‍ഷോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Claim Review :   മുസ്‌ലിം മത പണ്ഡിതനായ ഷുഹൈബുല്‍ ഹൈതമിയും എസെന്‍സ് ഗ്ലോബല്‍ പ്രതിനിധിയായ പ്രഫ. സി.രവിചന്ദ്രനുമായി ‘യുക്തിസഹമേത്? - സ്വതന്ത്രചിന്തയോ ഇസ്ലാമോ?’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ യുക്തിവാദത്തെ പിന്തുണച്ച് കെ.ടി.ജലീലിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്.
Claimed By :  Social Media User
Fact Check :  FALSE