തിരുവനന്തപുരം ഷോര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ ബോധരഹിതരായ സംഭവത്തില്‍ ഉമ തോമസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..
വിവരണം
തിരുവനന്തപുരം ഷോര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍, ട്രെയിനില്‍ യാത്രക്കാര്‍ ബോധരഹിതരായി എന്ന മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയ്ക്ക് തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ പ്രതികരണം എന്ന പേരില്‍ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആര്‍ക്കാ ഇത്ര പെട്ടെന്ന് തിരുവനന്തപുരം പോവേണ്ടതെന്ന് ഉമ തോമസ് പ്രതികരണം നടത്തിയെന്ന പേരിലാണ് പോസ്റ്റ്. കണ്ണൂര്‍ ആര്‍മി എന്ന പ്രൊഫൈലില്‍ നിന്നും വണ്‍ വന്‍ ആര്‍മി എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -
Facebook Post | Archived Screenshot |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉമ തോമസ് എംഎല്‍എ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഉമ തോമസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഉമ തോമസ് എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചാല്‍ യാത്ര ക്ലേശം സുഗമമായി പരിഹരിക്കാന്‍ സാധിക്കുമെന്നും ഉമ തോമസ് പറഞ്ഞു.
നിഗമനം
ഉമ തോമസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടില്ലായെന്ന് അവര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. മറ്റ് മാധ്യമങ്ങളും ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.