വിവരണം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ന്യൂമോണിയ രോഗബാധ മൂര്‍ച്ഛിച്ചതായിരുന്നു മരണ കാരണം. എല്ലാ മാധ്യമങ്ങളും വളരെ പ്രധാന്യത്തോടെ തന്നെ യെച്ചൂരിയുടെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി യെച്ചൂരി മരണപ്പെട്ട വാര്‍ത്ത ഒന്നാം പേജില്‍ നല്‍കാതെ പകരം പരസ്യമാണ് നല്‍കിയതെന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സിപിഐ മുഖപത്രമായ ജനയുഗം പ്രധാനവാര്‍ത്തയായി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ദേശാഭിമാനി പരസ്യം നല്‍കിയെന്നതാണ് വിമര്‍ശനം.

സ്വന്തം അഖിലേന്ത്യാ സെക്രട്ടറി മരിച്ചിട്ട് ദേശാഭിമാനിക്കു മുഖ്യം പരസ്യം തന്നെ.. എന്ന തലക്കെട്ട് നല്‍കി വി ഹേറ്റ് സിപിഎം എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -

Facebook PostArchived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി മരണപ്പെട്ട വാര്‍ത്ത സിപിഎം മുഖപത്രം ദേശാഭിമാനി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയില്ലേ? എന്താണ് പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ സീതാറാം യെച്ചൂരി മരണപ്പെട്ട ദിവസമറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ദേശാഭിമാനി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. 2024 സെപ്റ്റംബര്‍ 12ന് വൈകിട്ട് 3.05ന് ആണ് യെച്ചൂരിയുടെ മരണമെന്നാണ് വാര്‍ത്തയിലെ വിവരം. അതായത് വൈകിട്ട് അതായത് അടുത്ത ദിവസമായ സെപ്റ്റംബര്‍ 13ന് പുറത്തിറങ്ങിയ പത്രത്തിലാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കേണ്ടത്. പ്രചരണത്തില്‍ ഉപയോഗിച്ചിരിക്കുന്ന വൈറ്റ് മാര്‍ട്ട് എന്ന സ്ഥാപനത്തിന്‍റെ പരസ്യചിത്രം പ്രസിദ്ധീകരിച്ച പത്രത്തില്‍ തന്നെ 12 എന്ന തീയതി കാണാന്‍ സാധിക്കും. ദേശാഭിമാനി ഇ-പേപ്പര്‍ പരിശോധിച്ചതില്‍ നിന്നും ഇത് സെപ്റ്റംബര്‍ 12ന് പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ഒന്നാം പേജാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചു.

സെപ്റ്റംബര്‍ 12ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച ഒന്നാം പേജ് ഇതാണ്

സെപ്റ്റംബര്‍ 13നാണ് യെച്ചൂരിയുടെ മരണ വാര്‍ത്ത ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്. 13ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ ഒന്നാം പേജിലെ വാര്‍ത്ത അവരുടെ ഇ-പേപ്പറില്‍ നിന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. റെഡ് സല്യൂട്ട് എന്ന തലക്കെട്ടോടെ സീതാറാം യെച്ചൂരിയുടെ വലിയ ചിത്രം സഹിതമാണ് അന്നത്തെ പത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പിന്നീട് ദേശാഭിമാനി ഓണ്‍ലൈനുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. 13ന് പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ എല്ലാ എഡീഷനുകളിലും സതീറാം യെച്ചൂരിയുടെ മരണ വാര്‍ത്ത തന്നെയാണ് ഒന്നാം പേജില്‍ നല്‍കിയതെന്നും അതിന് തലേദിവസമാണ് വൈറ്റ് മാര്‍ട്ടിന്‍റെ പരസ്യം പ്രസിദ്ധീകരിച്ചതെന്നും അവര്‍ പ്രതികരിച്ചു.

സെപ്റ്റംബര്‍ 13ന് ദേശാഭിമാനി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച യെച്ചൂരിയുടെ മരണ വാര്‍ത്ത

നിഗമനം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണവാര്‍ത്ത ദേശാഭിമാനി സെപ്റ്റംബര്‍ 13ന് തന്നെ ഒന്നാം പേജില്‍ പ്രധാനനവാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് സെപ്റ്റംബര്‍ 12ന് പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ചിത്രമാണെന്ന് സ്ഥരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.