
തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ നിന്നും വിഷ പാമ്പിനെ പിടികൂടി എന്ന അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു സ്ത്രീയുടെ ചെവിക്കുള്ളിൽ പുറത്തേയ്ക്ക് തല നീട്ടി പാമ്പ് ഇരിക്കുന്നതും ഫോർ സെപ്സ് ഉപയോഗിച്ച് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തലശ്ശേരിയിൽ നടന്ന സംഭവമാണിത് എന്ന് സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “
തലശ്ശേരി : കോപേർട്ടി ഹോസ്പിറ്റലിൽ സമീപം അമ്പാടി വീട്ടിൽ ലിബിന യുടെ ചെവിയിൽ ഉറങ്ങി കിടക്കുന്ന സമയത്തു ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി
ഇന്ന് 18/2/2025ന് ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു സംഭവം സ്വന്തം വീട്ടിൽ കട്ടിലിൽ കിടന്നതായിരുന്നു ഫയർഫോഴ്‌സ്, ഫോറെസ്റ്റ് കാരും ചേർന്നാണ് പാമ്പിനെ പുറത്ത് എടുത്തത്. ഭാഗ്യത്തിന് കടിയേറ്റില്ല പുറത്തെടുത്തു മണിക്കൂർകൾക്ക് അകം പാമ്പ് (വള്ളിക്കട്ടൻ അഥവാ വളയാരപ്പൻ) ചത്തു. പകൽ ഉറങ്ങുന്നവർ ഒന്ന് ശ്രദ്ധികുക പുറത്തു ചൂട് കൂടുമ്പോൾ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്ക് വരും എല്ലാവരും വീടിനു ചുറ്റും മണ്ണെണ്ണ ഡീസൽ എന്നിവ തെളിക്കുവാൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു”
സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് പലരും ഞങ്ങൾക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഇങ്ങനെയൊരു സംഭവം എവിടെയെങ്കിലും നടന്നതായി വാർത്തകളും മറ്റു റിപ്പോർട്ടുകളും കണ്ടെത്താനായില്ല. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ കണ്ണൂരിലെ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ടു. ഇത്തരത്തിൽ ഒരു വാർത്ത കണ്ണൂരിലോ തലശ്ശേരിയിലോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അവർ നൽകിയ വിശദീകരണം. തുടർന്ന് ഞങ്ങൾ കണ്ണൂർ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് സ്ത്രീയുടെ ചെവിയിൽ നിന്നും പാമ്പിനെ പിടികൂടിയത് എന്ന് സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ല എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ദൃശ്യങ്ങളില്‍ കാണുന്നത് വെള്ളിക്കെട്ടൻ എന്ന ഇനം പാമ്പ് അല്ലെന്നും മഞ്ഞച്ചേര എന്ന വിളിപ്പേരുള്ള Yellow-spotted keelback ന്‍റെകുഞ്ഞാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വീഡിയോ കീ പ്രയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമാനമായ മറ്റുചില വീഡിയോകൾ ലഭിച്ചു.
2020 മുതൽ ഇതേ ദൃശ്യങ്ങൾ പ്രചാരത്തിലുണ്ട് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. വാൽഭാഗം സ്ത്രീയുടെ ചെവിക്കുള്ളിൽ നിന്നും പുറത്തേക്ക് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സ്ത്രീ ധരിച്ചിരിക്കുന്ന വസ്ത്രവും ആഭരണങ്ങളും വൈറല്‍ വീഡിയോയിലേത് തന്നെയാണ്. കൂടാതെ ഞങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ENT വിദഗ്ദ്ധയോട് വീഡിയോയെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെയാണ്: “ഇക്കാണുന്ന വലിപ്പമുള്ള പാമ്പിന് ഒരിക്കലും മനുഷ്യന്‍റെ ചെവിയില്‍ കയറാനാകില്ല. അഥവാ ചെവിക്കുള്ളില്‍ കയറിയാല്‍ തന്നെ അകത്തുനിന്നും കറങ്ങിത്തിരിഞ്ഞ് തല ഇപ്രകാരം വെളിയില്‍ ഇടാനുമാകില്ല. ഇത് വെറും വ്യാജ വീഡിയോ ആണ്. ഒരു ചെറിയ ഉറുമ്പ് നിങ്ങളുടെ ചെവിക്കുള്ളില്‍ കയറിയാല്‍ തന്നെ എത്രമാത്രം അസ്വസ്ഥത ഉണ്ടാക്കും. വീഡിയോ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം, ചെവിക്കുള്ളില്‍ പാമ്പ് ഇരിക്കുന്ന സ്ത്രീക്ക് യാതൊരു ഭാവഭേദവുമില്ല.”
പാമ്പിനെ ചെവിയില്‍ വെച്ചുകൊണ്ടുള്ള മറ്റുപല വീഡിയോകളും പ്രചാരത്തിലുണ്ട്. വെറുതെ പ്രാങ്ക് ചെയ്യാനായി കൃത്രിമ പാമ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ചതാകാം ഇവ.
നിഗമനം
തലശ്ശേരിയില്‍ സ്ത്രീയുടെ ചെവിക്കുള്ളില്‍ നിന്നും ജീവനുള്ള വിഷപ്പാമ്പിനെ പിടികൂടി എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. വെറുതെ പ്രാങ്ക് ചെയ്യാന്‍ സൃഷ്ടിച്ചതാകാം എന്ന് അനുമാനിക്കുന്ന ഈ ദൃശ്യങ്ങള്‍ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘തലശ്ശേരിയില്‍ സ്ത്രീയുടെ ചെവിക്കുള്ളില്‍ വിഷപ്പാമ്പ്…? വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…
Written By: Vasuki SResult: False
