
കഴിഞ്ഞ 17 വർഷത്തിനിടയിൽ ഇറാനികൾ തങ്ങളുടെ സ്വേച്ഛാധിപത്യ സർക്കാരിനെതിരെ തെരുവിലിറങ്ങിയിട്ടുണ്ട് എങ്കിലും ഇപ്പോൾ നടക്കുന്ന പ്രകടനങ്ങൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ്.
ഇറാന്റെ സമ്പദ്വ്യവസ്ഥ പതനത്തിലാവുകയുണ്ടായി. ഡിസംബർ 28 ന് ഡോളറിനെതിരെ റിയാലിന്റെ മൂല്യം 1.48 ദശലക്ഷമായി കുറഞ്ഞപ്പോള്‍ വ്യാപാരികളുടെ പ്രതിഷേധം രൂക്ഷമായി. താമസിയാതെ സാധാരണ ഇറാനികളും അവരോടൊപ്പം ചേർന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രകടനങ്ങൾ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയും സാമ്പത്തിക ആവശ്യങ്ങൾ എന്നതിൽ നിന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാനുള്ള ആഹ്വാനങ്ങളിലേക്ക് മാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധത്തിന്റെത് എന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
റൌണ്ട് റോഡിന് ചുറ്റും പതിനായിരങ്ങള്‍ കൂടി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അവരുടെ കൈയ്യിൽ ഇറാന്റെ പതാകയുണ്ട്. ഇസ്ലാമിക ഭരണകൂടത്തിനെതിരെ നടക്കുന്ന സമരമാനി ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുജ്ല്ല വിവരണം ഇങ്ങനെ: “ഇറാനിൽ ലക്ഷങ്ങൾ തെരുവിൽ… ഇസ്ലാമിക ഭരണാകുടത്തിനെതിരെ. പട്ടിണിയിലും പണപെരുപ്പത്തിലും ജനങ്ങൾ വലയുന്നു….. ജനങ്ങൾ മരിച്ചു വീഴുന്നു..ഇതിനോടകം 45 പേർ കൊല്ലപ്പെട്ടു… ഇന്റർനെറ്റ് സംവിധാനം നിർത്തു വെച്ചു…”
എന്നാൽ, പ്രചരിക്കുന്ന വീഡിയോ ഇറാനിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. ഇറാന് പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് 2022 ൽ ജർമ്മനിയിൽ നടന്ന മാർച്ചാണിത്.
വസ്തുത ഇതാണ്
വീഡിയോകീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന വീഡിയോ ഒരു എക്സ് പേജിൽ 2022 ഒക്ടോബർ 22ന് പങ്കുവച്ചിട്ടുള്ളതായി കണ്ടു.

ഇറാന് പ്രതിഷേധങ്ങളെ പിന്തുണച്ച് നിരവധി ഇറാനിയൻ പ്രവാസികൾ ബെർലിനിൽ ഒത്തുകൂടി എന്നാണ് അടിക്കുറിപ്പ്.
ഇതേ വീഡിയോ ഉൾപ്പെടുന്ന ഒരു റിപ്പോർട്ട് ഇറാനിയൻ മാധ്യമമായ സിമയ് അസാദി ടിവി 2022 ഒക്ടോബർ 24ന് യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന പതിനായിരക്കണക്കിന് ഇറാനികൾ ഒക്ടോബർ 20ന് ഇറാനിൽ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തെ പിന്തുണച്ച് ബെർലിൻ, ഓസ്ട്രേലിയ, ഇറ്റലി, ഇംഗ്ലണ്ട്, തുർക്കി എന്നിവിടങ്ങളിൽ പ്രകടനം നടത്തിയെന്ന അടിക്കുറിപ്പോടെയാണ് റിപ്പോർട്ട് പങ്കുവച്ചിരിക്കുന്നത്. ബെർലിനിലെ വിക്ടറി സ്ക്വയറിൽ നടന്നത് വളരെ വലിയ പ്രകടനമാണെന്നും അടിക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഇറാനിലെ സ്ത്രീകൾക്കുള്ള കർശനമായ വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ 22 വയസുകാരി മഹ്സ അമിനി കസ്റ്റഡിയിൽ വച്ച് മരിച്ചതിന് പിന്നാലെയാണ് 2022ൽ ഇറാനിൽ ഭരണകൂടത്തിനെതിരായി പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഈ പ്രതിഷേധത്തിന് പിന്തുണയുമായി ലോകത്തിന്റെ പലഭാഗങ്ങളിലും ഇറാനികൾ റാലികൾ സംഘടിച്ചുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിയൻ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബെർലിനിൽ നടന്ന റാലിയിൽ 80,000ൽ അധികം ആളുകൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വീഡിയോയിൽ കാണുന്ന സ്ഥലം ഗൂഗിൾ മാപ്സില്‍ ഞങ്ങള്‍ കണ്ടെത്തി. ബെർലിനിലെ പ്രശസ്തമായ വിക്ടറി കോളമാണ് ഇത്.
ഇറാനിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധമെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് 2022ൽ ജർമ്മനിയിൽ നടന്ന റാലിയുടെ ദൃശ്യമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം എന്ന പേരില്‍ പ്രചരിക്കുന്നത് 2022 ഒക്ടോബര്‍ 22 ന് ജര്‍മനിയിലെ ബര്‍ലിന്‍ വിക്ടറി സ്ക്വയറിൽ ഇറാനിയന്‍ പ്രവാസികള്‍ ഇറാന് പ്രക്ഷോഭത്തെ പിന്തുണച്ച് നടത്തിയ റാലിയുടെ ദൃശ്യങ്ങളാണ്. വീഡിയോ ഇറാനില്‍ നിന്നുള്ളതല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇറാനില്‍ നടന്ന പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്നത് ജര്‍മനിയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…
Fact Check By: Vasuki SResult: False


