ത്രിപുര സുന്ദരിയുടെ ശ്രീ യന്ത്രം അല്ലെങ്കിൽ ശ്രീ ചക്രത്തിന് ഹൈന്ദവ ആരാധനയില്‍ വലിയ പ്രാധാന്യമുണ്ട്. ഒരു കേന്ദ്രബിന്ദുവിന് ചുറ്റും ഒമ്പത് ത്രികോണങ്ങള്‍ പല വലിപ്പത്തില്‍ വരച്ചെടുത്താണ് ശ്രീ ചക്രത്തിന്‍റെ നിര്‍മ്മിതി. ഈ ത്രികോണങ്ങളിൽ നാലെണ്ണം ശിവനെയും അഞ്ച് ത്രികോണങ്ങൾ ആദിപരാശക്തിയെ പ്രതിനിധീകരിക്കുന്നു. ശ്രീചക്രം വേദവിധിപ്രകാരം പൂജിച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. ശ്രീയന്ത്രത്തിന്‍റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു രൂപഘടന അമേരിക്കയില്‍ കാണപ്പെട്ടുവെന്ന് അവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

“അമേരിക്കയിലെ ഒരു തടാകം വറ്റിയപ്പോൾ കണ്ടെത്തിയ ഭീമാകാരമായ ശ്രീ ചക്രം. 9000 അടി ഉയരത്തിൽ നിന്ന് പകർത്തിയ ഈ ശ്രീ ചക്രത്തിന് 13 മെെൽ നീളവും വീതിയും, ഇതിലെ ഓരോ വരയ്ക്കും 10 ഇഞ്ച് വീതിയും 3 ഇഞ്ച് താഴ്ചയുമുണ്ട്.ചെറിയ ഒരു ശ്രീ ചക്രം വരയ്ക്കാൻ വേണ്ട സമയവും പ്രയാസവും ഓർത്താൽ മനസ്സിലാകും ഇത്ര വലിയ ഒരു ശ്രീ ചക്രം ചമയ്ക്കുവാൻ വേണ്ട സമയവും കഴിവും. ക്രിസ്തുവിനു മുൻപ് വരയ്ക്കപ്പെട്ട ഈ ശ്രീ ചക്രം, ഹിന്ദു എത്ര നൂറ്റാണ്ട് മുമ്പ് അമേരിക്കയിൽ ഉള്ളതായി തെളിയിക്കുന്നു.....🕉🙏” എന്ന വിവരണത്തോടെ ഏതാനും ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

FB postarchived link

അമേരിക്കയില്‍ പുരാതന കാലത്ത് ഹിന്ദു ഉണ്ടായിരുന്നുവെന്നും ക്രിസ്തുവിന് മുമ്പ് വരയ്ക്കപ്പെട്ട ശ്രീയന്ത്രമാണിതെന്നുമാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

എന്നാല്‍ പൂര്‍ണ്ണമായും തെറ്റായ വിവരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ ചിത്രം ഉള്‍പ്പെടുത്തി ചില വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ലഭിച്ചു. ഇത് പൌരാണിക കാലത്തെ നിര്‍മ്മിതിയല്ല. കലാകാരനായ ബില്‍ വിതര്‍സ്പൂണ്‍ 1990 ല്‍ തന്‍റെ സഹായികളുമായി ചേര്‍ന്ന് പത്തു ദിവസം കൊണ്ട് ഒറിഗണ്‍ മരുഭൂമിയില്‍ പൂര്‍ത്തീകരിച്ച രൂപഘടനയാണിത്.

സ്റ്റീൻസ് പർവതത്തിന് കിഴക്ക് വരണ്ട തടാകത്തിൽ ഏകദേശം കാൽ മൈൽ വീതിയുള്ള ഒരു ഭീമൻ ചിത്രഗ്രാഫ് പ്രത്യക്ഷപ്പെട്ടതായി 1990 സെപ്റ്റംബർ 12-ന് ബോയ്‌സ് ടിവി വാര്‍ത്ത സംപ്രേഷണം ചെയ്തു. പുരാതന ഹിന്ദു ധ്യാന ഉപകരണമായ 'ശ്രീ യന്ത്ര' ആകൃതിയിലും അനുപാതത്തിലും ജ്യാമിതീയ ഗുണങ്ങളിലും സമാനമാണ്. ഈ ചിഹ്നത്തിന് കാൽ മൈലിൻ്റെ നീളവും 13.3 മൈൽ ലൈനുകളും ഉണ്ടായിരുന്നു.

ഐഡഹോ എയർ നാഷണൽ ഗാർഡിന്‍റെ പൈലറ്റ്, ലെഫ്റ്റനന്‍റ് ബിൽ മില്ലർ, 1990 ഓഗസ്റ്റ് 10-ന് ഒരു വിമാനത്തിൽ യാത്ര ചെയ്യവേയാണ് ശ്രീ യന്ത്രം കാണുന്നത്. ഡോൺ ന്യൂമാന്‍, അലൻ ഡെക്കര്‍ എന്ന രണ്ട് ഗവേഷകർ 1990 സെപ്തംബർ 15-ന് സൈറ്റ് സന്ദർശിച്ചു, ഈ ചിഹ്നം ഏകദേശം 3 ഇഞ്ച് ആഴത്തിൽ പതിഞ്ഞതായി റിപ്പോർട്ട് ചെയ്തു, അതേസമയം അവരുടെ സ്വന്തം ടയർ ട്രാക്കുകൾ ഉപരിതലത്തിൽ 1/4 ഇഞ്ച് ആഴത്തില്‍ മാത്രമേ അടയാളങ്ങൾ അവശേഷിപ്പിച്ചുള്ളു.

ശ്രീ യന്ത്ര രൂപഘടനയെ കുറിച്ചുള്ള ലേഖനം ഇങ്ങനെ: “1990-ൽ ഒറിഗോൺ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ കൊത്തുപണിക്ക് പിന്നിലെ സത്യം വെളിപ്പെടുത്തുന്ന ഒരു ഡോക്യുമെന്‍ററി 2019 മെയ് 9-ന് അയോവയിലെ ഫെയർഫീൽഡിലെ ഐക്കൺ ഗാലറിയിൽ പ്രദർശിപ്പിച്ചു. 27 വർഷത്തിലേറെയായി ശ്രീ യന്ത്ര രൂപകൽപ്പനയെക്കുറിച്ചുള്ള ഈ കൗതുകകരമായ കഥ പൊതുജനശ്രദ്ധ പിടിച്ചുപറ്റയിരുന്നു. ജിം ആൻസ്‌ലി സംവിധാനം ചെയ്‌ത് പീറ്റർ കൊയോട്ട് വിവരണം നല്‍കുന്ന “ശ്രീ യന്ത്ര: ദി ഒറിഗൺ ഡെസേർട്ട് മിസ്റ്ററി” ഇപ്പോൾ യൂട്യൂബിൽ സൗജന്യമായി കാണാനാകും.

ഒറിഗൺ മരുഭൂമിയിൽ നിന്ന് എടുത്ത രഹസ്യാന്വേഷണ ഫോട്ടോകൾ പഠിക്കുന്ന എയർ നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരാണ് ഡിസൈൻ ആദ്യം കണ്ടെത്തിയത്. വരണ്ട തടാകത്തിൽ ഒറ്റരാത്രികൊണ്ട് ഇത് പ്രത്യക്ഷപ്പെട്ടതായി ഗാർഡ് പൈലറ്റുമാർ പറഞ്ഞു. കൊത്തുപണി ജ്യാമിതീയമായി പരിപൂർണ്ണമായിരുന്നു, രൂപഘടനയ്ക്ക് 13 മൈൽ നീളത്തില്‍ വലിപ്പം ഉണ്ടായിരുന്നു.

ഏതാനും ആഴ്ചകൾക്കുശേഷം, ഗാർഡ് ഇത് ഒരു സർക്കാർ പദ്ധതിയല്ലെന്നും അന്യഗ്രഹജീവികൾ നിർമ്മിച്ചതല്ലെന്നും വ്യക്തമാക്കി അവര്‍ പത്രക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ ഈ റിപ്പോർട്ട് അസത്യമാണെന്നും സർക്കാർ സത്യം മറച്ചുവെക്കുകയാണെന്നും ചര്‍ച്ചകള്‍ അപ്പോഴേയ്ക്ക് തുടക്കമായി. ബിൽ വിതേഴ്‌സ്‌പൂണിന്‍റെ നേതൃത്വത്തിലുള്ള ഫെയർഫീൽഡ് കലാകാരന്മാരുടെ സംഘം യഥാർത്ഥ സ്രഷ്‌ടാക്കൾ തങ്ങളാണ് എന്നവകാശപ്പെട്ട് മുന്നോട്ട് വന്നപ്പോഴാണ് അഭ്യൂഹങ്ങള്‍ക്ക് അവസാനമായത്.

ശ്രീ യന്ത്ര ഘടനയുടെ ജ്യാമിതിയും ബില്ലിന്‍റെ ഉദ്ദേശശുദ്ധിയും ഈ വിസ്മയകരമായ ഡോക്യുമെന്‍ററിയില്‍ കാണാം.

എന്തിനാണ് മരുഭൂമിയിൽ ശ്രീ യന്ത്രം കൊത്തിയെടുത്തത്?

ബിൽ വിതർസ്പൂൺ: എന്തുകൊണ്ടെന്ന് എന്നോട് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. ശ്രീ യന്ത്രത്തിന്‍റെ മധ്യത്തിൽ ബിന്ദു, ഉത്ഭവസ്ഥാനം. ഈ പോയിന്‍റ് അതീതമാണ്. അത് നിലനിൽക്കുന്നതും ജീവൻ നിറഞ്ഞതുമാണ്. ഒരു യന്ത്ര ചിഹ്നം ദേവതകളെ അല്ലെങ്കിൽ പ്രകൃതി നിയമങ്ങളെ പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്നു. യന്ത്രത്തിൽ നിന്ന് സജീവവും നല്ലതുമായ സ്വാധീനം ഉയർന്നുവരുന്നു. ഒരു ധ്യാനി ആയതിനാൽ, ധ്യാനാനുഭവം വർദ്ധിപ്പിക്കുന്നത് രസകരമായിരിക്കില്ലേ? അപ്പോൾ ഞാൻ ചിന്തിച്ചു, എനിക്ക് ബിന്ദുവിൽ ജീവിക്കണം. എത്ര വലിയ ബിന്ദുവിലാണ് ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നത്?

ബിന്ദുവിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ആളുകൾ എപ്പോഴും ചോദിക്കുന്നു, എനിക്ക് ഉത്തരം നൽകാൻ അറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഞാൻ എത്ര ദിവസം അവിടെ താമസിച്ചുവെന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല, പക്ഷേ ബിന്ദുവിന്‍റെ പുറത്ത് പോയി വിവിധ ത്രികോണങ്ങളിൽ ഇരുന്നു ധ്യാനിച്ചപ്പോഴുള്ളതും ബിന്ദുവിന് ഉള്ളിലിരുന്നു ധ്യാനിച്ചപ്പോഴും രണ്ടുതരം അനുഭൂതിയായിരുന്നു.

ബിന്ദുവിൽ ജീവിക്കുന്ന അനുഭവം എന്തുമായി താരതമ്യം ചെയ്യുന്നു?

ആ ശ്രീ യന്ത്രം സൃഷ്ടിക്കുന്നത് എനിക്ക് ഒരു പ്രധാന അനുഭവമായിരുന്നു. 1961-ലോ 1962-ലോ മരണത്തോടടുത്ത അനുഭവമുണ്ടായിട്ടുണ്ട് എനിക്ക്. ഒരിക്കല്‍ വീട്ടിൽ നിർമ്മിച്ച ഫ്ലോട്ടബിൾ ഉപകരണം ഒരു നദിയില്‍ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ ഒരു വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോയപ്പോള്‍ അപകടത്തില്‍ പെട്ട് മുങ്ങിമരിച്ചു എന്നുതന്നെ തോന്നി. എന്നാല്‍ എങ്ങനെയോ ആ ഉപകരണത്തിലേയ്ക്ക് എത്തപ്പെട്ടു, പക്ഷേ അങ്ങനെ ചെയ്യാൻ എന്‍റെ ഭാഗത്ത് നിന്നു പരിശ്രമം ഉണ്ടായില്ല എന്നതാണു സത്യം. ഞാൻ ധാരാളം വെള്ളം ഛർദ്ദിച്ചു, അതൊരു ശക്തമായ അനുഭവമായിരുന്നു. അത് എന്നിൽ വളരെയധികം സ്വാധീനം ചെലുത്തി. ആ അനുഭവത്തിന് ശേഷം ഞാൻ മരണത്തെ ഭയപ്പെട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ബിന്ദുവിൽ ജീവിക്കുന്നത് അതിനപ്പുറം ഒരു കൊടുമുടിയോളമുള്ള അനുഭവമായിരുന്നു.

ശ്രീ യന്ത്രം ഒരെണ്ണം ഉണ്ടാക്കാമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചു, അതിനാൽ ഞാൻ അത് നോക്കുകയും ഇന്ത്യയിലെ ബദരീനാഥിലെ ഒരു പഴയ ക്ഷേത്രത്തിൽ നിന്ന് ഇത് എങ്ങനെ നിർമ്മിക്കാമെന്ന് നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തു. ശ്രീ യന്ത്രത്തെ പൂർണമാക്കുക എന്നത് തികച്ചും അസാധ്യമാണ്. അത് ഇപ്പോഴും പൂർണമല്ല. ഒരെണ്ണം ഉണ്ടാക്കുമ്പോൾ, എല്ലായ്പ്പോഴും ഒരു പിശക് ഉണ്ടാകും.

ഡോക്യുമെന്‍ററി വീഡിയോയില്‍ ബില്‍ ശ്രീയന്ത്ര ഘടനയുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട തന്‍റെ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ബില്‍ വിതര്‍സ്പൂണിന്‍റെ വെളിപ്പെടുത്തലിനെ ആസ്പദമാക്കി പല റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്.

ശ്രീയന്ത്രത്തിന്‍റെ ജ്യാമിതീയ നിര്‍മ്മിതി 1990 ല്‍ ബില്‍ വിതര്‍സ്പൂണ്‍ എന്ന കലാകാരന്‍ വരച്ച് നിര്‍മ്മിച്ചതാണ്. പൌരാണിക കാലത്തെതല്ല.

നിഗമനം

അമേരിക്കയിലെ ഒറിഗോൺ മരുഭൂമിയിൽ കാണപ്പെട്ട ശ്രീചക്ര രൂപഘടന പൌരാണിക കാലത്തെതല്ല. 1990ല്‍ ബില്‍ വിതര്‍സ്പൂണ്‍ എന്ന കലാകാരന്‍ തന്‍റെ ടീമിനൊപ്പം ചേര്‍ന്ന് വരച്ചു സൃഷ്ടിച്ചതാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അമേരിക്കയിലെ മരുഭൂമിയില്‍ പൌരാണിക കാലത്തെ ശ്രീയന്ത്രത്തിന്‍റെ രൂപഘടന കണ്ടെത്തിയെന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിങ്ങനെ...

Written By: Vasuki S

Result: False