
രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധി ഭാരതത്തില്‍ സാമ്പത്തിക സര്‍വേ നടത്തി ആരുടെ കൈയില്‍ എത്ര പണമുണ്ട് എന്ന് കണ്ടെത്തും എനിട്ട് ഈ പണം ന്യുനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യും എന്ന തരത്തിലാണ് ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി ശരിക്കും പറഞ്ഞത് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “രാഹുൽ ഗാന്ധിയുടെ ഈ പ്രസംഗം കേരളത്തിലെ മതേ തറ മാധ്യമങ്ങൾ മുക്കുകയും, ഇതിന് മോദി കൊടുത്ത മറുപടി വർഗ്ഗീയത എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയും ചെയ്യുന്നു…” പോസ്റ്റിനോടൊപ്പം നല്‍കിയ വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നത് ഇങ്ങനെയാണ്: “രാജ്യത്തിന്‍റെ X-Ray നടത്തിയാല്‍ പാല്‍ എത്രയാണ് പാലില്‍ വെള്ളം എത്രയാണ് എല്ലാം വ്യക്തമാകും (ഹിന്ദി ചോളിന്‍റെ അര്‍ഥം എല്ലാ സത്യം പുറത്ത് വരും). ന്യുനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് എത്ര പങ്കുണ്ടെന്ന് അവര്‍ക്ക് മനസിലാകും. ഇതിന് ശേഷം ഞങ്ങള്‍ രാജ്യത്തിന്‍റെ സമ്പത്തിന്‍റെയും സ്ഥാപനങ്ങളുടെയും സര്‍വേ നടത്തും. ഭാരതത്തിന്‍റെ പണം ആരുടെ കൈയിലാണ് ഏത് സമൂഹത്തിന്‍റെ കൈയിലാണ് എന്ന് ഞങ്ങള്‍ കണ്ടുപിടിക്കും. ഈ ചരിത്രപരമായ നടപടിക്ക് ശേഷം ഞങ്ങള്‍ ഈ വിപ്ലവകരമായ നടപടി എടുക്കും. നിങ്ങളുടെ അധികാരത്തിലുള്ളത് നിങ്ങള്‍ക്ക് നല്‍കുന്ന പണി ഞങ്ങള്‍ ചെയ്യും.”
എന്നാല്‍ രാഹുല്‍ ഗാന്ധി ശരിക്കും അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞുവോ? അതോ അദ്ദേഹത്തിന്‍റെ വീഡിയോ ഏതെങ്കിലും തരത്തില്‍ എഡിറ്റി൦ഗ് ചെയ്തിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ യുട്യൂബില്‍ ലഭിച്ചു. രാഹുല്‍ ഗാന്ധിയുടെ യുട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുള്ളത്. ഏപ്രില്‍ 6, 2024ന് അദ്ദേഹം ഹൈദരാബാദില്‍ നടത്തിയ പ്രസംഗത്തിന്‍റെ ഒരു വീഡിയോ ക്ലിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. മുഴുവന്‍ വീഡിയോ നമുക്ക് താഴെ കാണാം.
മുകളില്‍ നല്‍കിയ വീഡിയോയില്‍ 31 മിനിറ്റ് 54 സെക്കന്‍റ് കഴിഞ്ഞിട്ടാണ് വൈറല്‍ വീഡിയോയില്‍ കാണുന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തുന്നത്. വൈറല്‍ വീഡിയോയില്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന എഡിറ്റ് ചെയ്തതാണ്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറയുന്നത് ഇങ്ങനെയാണ്:
“രാജ്യത്തിന്‍റെ X-Ray നടത്തിയാല്‍ പാല്‍ എത്രയാണ് പാലില്‍ വെള്ളം എത്രയാണ് എല്ലാം വ്യക്തമാകും(ഹിന്ദി ചോളിന്‍റെ അര്‍ഥം എല്ലാ സത്യം പുറത്ത് വരും). പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കും, ദളിതര്‍ക്കും, ആദിവാസികള്‍ക്കും, പൊതുവിഭാഗത്തിലെ പാവപെട്ടവര്‍ക്കും ന്യുനപക്ഷങ്ങള്‍ക്കും ഈ രാജ്യത്ത് അവര്‍ക്ക് എത്ര പങ്കുണ്ടെന്ന് അവര്‍ക്ക് അറിയാന്‍ സാധിക്കും . ഇതിന് ശേഷം ഞങ്ങള്‍ രാജ്യത്തിന്‍റെ സമ്പത്തിന്‍റെയും സ്ഥാപനങ്ങളുടെയും സര്‍വേ നടത്തും. ഭാരതത്തിന്‍റെ പണം ആരുടെ കൈയിലാണ് ഏത് സമൂഹത്തിന്‍റെ കൈയിലാണ് എന്ന് ഞങ്ങള്‍ കണ്ടുപിടിക്കും. ഈ ചരിത്രപരമായ നടപടിക്ക് ശേഷം ഞങ്ങള്‍ ഈ വിപ്ലവകരമായ നടപടി എടുക്കും. നിങ്ങളുടെ അധികാരത്തിലുള്ളത് നിങ്ങള്‍ക്ക് നല്‍കുന്ന പണി ഞങ്ങള്‍ ചെയ്യും.”
രാഹുല്‍ ഗാന്ധി പിന്നോക്ക വിഭാഗത്തില്‍ പെട്ടവരും, ദളിതരും, ആദിവാസികളും, ജനറല്‍ വിഭാഗത്തില്‍ പെട്ട പാവങ്ങളെയും കുറിച്ചും പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന എഡിറ്റ് ചെയ്ത് അദ്ദേഹം ന്യുനപക്ശങ്ങളെ കുറിച്ച് മാത്രമേ പറഞ്ഞുള്ളുവെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയാണ്. എഡിറ്റ് ചെയ്ത വീഡിയോയും യഥാര്‍ത്ഥ വീഡിയോയും തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം.
നിഗമനം
രാഹുല്‍ ഗാന്ധി രാജ്യത്തിലെ പണം ന്യുനപക്ഷങ്ങള്‍ക്ക് നല്‍കും എന്ന തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നത് അദ്ദേഹത്തിന്‍റെ എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ചിട്ടാണ്. അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് രാഹുല്‍ ഗാന്ധി രാജ്യത്തെ പണം മുഴുവന്‍ ന്യുനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് വ്യാജപ്രചരണം…
Written By: Mukundan KResult: Altered
