
സൈന്യത്തെ അപമാനിച്ച കേസിൽ ഹാജരായ രാഹുൽ ഗാന്ധിയോടൊപ്പം ജഡ്ജ് എടുത്ത സെൽഫി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഒരു വ്യക്തി രാഹുൽ ഗാന്ധിയോടൊപ്പം എടുത്ത സെൽഫി ആണ് ഇത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ മനനഷ്ടക്കേസുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോഡുള്ള കുറ്റാരോപിതൻ ജാമ്യാപേക്ഷയുമായി കോടതിയിൽ ചെന്നപ്പോൾ സെൽഫി എടുക്കാൻ നിൽക്കുന്ന ജഡ്ജി… സൈന്യത്തെ അപമാനിച്ച കേസിൽ വെറും 20000 രൂപയുടെ ബോണ്ടിൽ ജാമ്യവും കൊടുത്തുവിട്ടു…😟😟 ”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് Xൽ ഒരു പോസ്റ്റ് ലഭിച്ചു. ഈ പോസ്റ്റ് പ്രകാരം ഫോട്ടോയിൽ രാഹുൽ ഗാന്ധിക്കൊപ്പം കാണുന്നത് സയ്യദ് മഹ്മൂദ് ഹസ്സൻ എന്ന ഒരു വക്കീലാണ്.
പോസ്റ്റ് കാണാൻ – X | Archived Link
ഞങ്ങൾ ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ ലക്നൗ ഹൈ കോടതിയിൽ ഒരു അഭിഭാഷകനാണ് എന്ന് കണ്ടെത്തി. സയ്യദ് മുഹമ്മദ് മഹ്മൂദ് ഹസ്സൻ എന്നാണ് ഇദ്ദേഹത്തിൻ്റെ പേര്. ഈ കാര്യം ലക്നൗ ബാർ കൗൺസിലിൻ്റെ വെബ്സൈറ്റിൽ നൽകിയ വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഇദ്ദേഹം ബാർ കൌൺസിലിൻ്റെ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
പോസ്റ്റ് കാണാൻ – Facebook | Archived
ഞാൻ ജഡ്ജ് അല്ല മുതിർന്ന അഭിഭാഷകനാണെന്ന് സയ്യദ് മുഹമ്മദ് മഹമൂദ് ഹസ്സൻ NDTVയെ അറിയിച്ചു. എല്ലാവരും സെൽഫി എടുക്കുമ്പോൾ ഞാനും രാഹുൽ ഗാന്ധിയോടൊപ്പം സെൽഫി എടുത്തു എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. Live Law വാർത്ത പ്രകാരം രാഹുൽ ഗാന്ധിയുടെ കേസിൽ ജഡ്ജ് ആയിരുന്നത് എം.പി./എം.എൽ.എ കോടതി അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അലോക് വർമ്മയാണ്.
അലഹാബാദ് ഹൈ കോടതിയുടെ വെബ്സൈറ്റിൽ എ.സി.ജെ.എം. ആലോക് വർമ്മയുടെ ചിത്രം നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ചിത്രം നമുക്ക് താഴെ നൽകിയ സ്ക്രീൻഷോട്ടിൽ കാണാം.
സെൽഫിയിൽ നമ്മൾ കാണുന്നത് എ.സി.ജെ.എം. അലോക് വർമ്മയല്ല പകരം അഭിഭാഷകൻ മഹ്മൂദ് ഹസ്സനിനെയാണ്. രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തിൻ്റെ മാനനഷ്ടം ചെയ്തു എന്നാണ് കേസ്. 5 ഹിയറിങ്ങിൽ ഹാജരാകാത്ത രാഹുൽ ഗാന്ധി ഇന്നലെ ലക്നൗ എം.പി./എം.എൽ.എ കോടതിയിൽ ഹാജരായി. കോടതി 20000 രൂപയുടെ ബോണ്ടിന് പകരം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഈ കേസിൽ അടുത്ത ഹീയറിങ് ഓഗസ്റ്റ് 13നാണ്.
നിഗമനം
സൈന്യത്തെ അപമാനിച്ച കേസിൽ ഹാജരായ രാഹുൽ ഗാന്ധിയോടൊപ്പം ജഡ്ജ് എടുത്ത സെൽഫി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് രാഹുൽ ഗാന്ധിയോടൊപ്പം ലക്നൗവിലെ ഒരു അഭിഭാഷകൻ എടുത്ത സെൽഫിയാണ്.
.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ച ജഡ്ജ് അദ്ദേഹത്തിനോടൊപ്പം കോടതിയിൽ സെൽഫി എടുത്തു എന്ന് വ്യാജപ്രചരണം
Fact Check By: K. MukundanResult: False
