രാഹുല്‍ ഗാന്ധി ‘ഭാരത്‌ മാത’ അശ്ലീലപദമാണ് എന്ന് പറഞ്ഞു എന്ന ആരോപണം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഈ ആരോപണത്തിന്‍റെ അടിസ്ഥാനം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കുന്ന ഒരു ചെറിയ ക്ലിപ്പാണ്.

പക്ഷെ ഈ വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രാഹുല്‍ ഗാന്ധിയുടെ ഒരു ക്ലിപ്പ് കാണാം. ഈ കലിപ്പില്‍ രാഹുല്‍ ഗാന്ധിയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിക്കുന്നു, “സര്‍, നിങ്ങളുടെ പ്രസംഗത്തില്‍ നിന്ന് ചില വാക്കുകള്‍ മാറ്റിനീക്കി...” ചോദ്യം പകുതിക്കായപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി പ്രതികരിച്ചു, “ഇന്ത്യയില്‍ ഭാരത്‌ മാത എന്ന വാക്ക് അൺപാർലമെന്‍ററിയായി തോന്നുന്നു”. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഭാരത് മാത എന്നത് അവന് അശ്ലീലപദമാണത്രെ !

ഒരു ബാർ ജീവനക്കാരിയായ വിദേശ വനിതയിൽ,

ഇസ്ലാമിക പാരമ്പര്യമുള്ള വ്യാജ ഹിന്ദുവിൽ പിറവിയെടുത്ത രാജ്യ വിരുദ്ധനിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും തന്നെ പ്രതീക്ഷിയ്ക്കരുത്...”

എന്നാല്‍ ശരിക്കും രാഹുല്‍ ഗാന്ധി ഭാരത്‌ മാത എന്ന വാക്ക് അൺപാർലമെന്‍ററി എന്ന്പറഞ്ഞുവോ? നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് ഓണ്‍ലൈന്‍ തെരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയുടെ യഥാര്‍ത്ഥ സന്ദര്‍ഭം മനസിലായി.

ഓഗസ്റ്റ്‌ 9ന് ലോകസഭയില്‍ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നത്തിനിടെ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയുണ്ടായി. ഈ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷവും, രണ്ട് സ്ത്രികളെ നഗ്നരാക്കി അവരെ പീഡിപ്പിച്ച സംഭവത്തില്‍ അദ്ദേഹം കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള ബിജെപി സര്‍ക്കാരിനെ കര്‍ശനമായി വിമര്‍ശിച്ചു. അദ്ദേഹം പറഞ്ഞു, “ഭാരതത്തിന്‍റെ ഹൃദയത്തിന്‍റെ ശബ്ദത്തിനെ കൊല്ലുകയാണ് നിങ്ങള്‍ ചെയ്തത്. ഇതിന്‍റെ അര്‍ഥം ഭാരത്‌ മാതയുടെ കൊലപാതകമാണ് നിങ്ങള്‍ മണിപ്പൂരില്‍ നടത്തിയത്.” അദ്ദേഹത്തിന്‍റെ ഈ പ്രസംഗം നമുക്ക് താഴെ കേള്‍ക്കാം. 25 മിനിറ്റിന് ശേഷം അദ്ദേഹം ഈ പ്രസ്താവന നടത്തുന്നത്.

ഈ വിമര്‍ശനത്തിന് ശേഷം സഭയിലെ ബിജെപി എം.പിമാര്‍ ബഹളമുണ്ടാക്കി. ഈ പ്രസ്താവന റെക്കോര്‍ഡില്‍ നിന്ന് മാറ്റിനീക്കണം എന്ന ആവശ്യം ബിജെപി എം.പിമാര്‍ സ്പീക്കറിന്‍റെ മുന്നില്‍ ഉന്നയിച്ചു. ഇതിനെ തുടര്‍ന്ന് അടുത്ത ദിവസം ഈ പ്രസ്താവന റെക്കോര്‍ഡുകളില്‍ നിന്ന് മാറ്റിനീക്കി എന്ന റിപ്പോര്‍ട്ട്‌ വന്നു.

ഈ സംഭവത്തിനെ കുറിച്ചാണ് രാഹുല്‍ ഗാന്ധി വൈറല്‍ വീഡിയോയില്‍ പ്രതികരിച്ചത്. ‘ഭാരത്‌ മാതയെ മണിപ്പൂരില്‍ കൊന്നു’ എന്ന വാക്ക് മാറ്റിനീക്കിയപ്പോള്‍ “ഭാരത്‌ മാത ഇന്നി അൺപാർലമെന്‍ററിയായി തോന്നുന്നു” എന്ന് അദ്ദേഹം പരിഹസിച്ചതാണ്.

നിഗമനം

രാഹുല്‍ ഗാന്ധി ഭാരത്‌ മാത എന്ന വാക്ക് അശ്ലീലപദമാണ് എന്ന് പറഞ്ഞു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. ഭാരത്‌ മാത മണിപ്പൂരില്‍ കൊലപെട്ടു എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ ലോകസഭയുടെ റെക്കോര്‍ഡില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്ന് അദ്ദേഹം പ്രതികരിച്ചതാണ് നമ്മള്‍ വീഡിയോയില്‍ കാണുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ഭാരത്‌ മാത’ അശ്ലീലപദമാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ...

Written By: K. Mukundan

Result: False