ചെങ്കുത്തായ മലനിരകള്‍ ചെത്തിമിനുക്കി ചെറിയ ഭൂകമ്പങ്ങളെ പോലും അതിജീവിക്കുന്ന രീതിയിലാണ് ജമ്മു കശ്മീരിലെ ചെനാബ് നദിയുടെ കുറുകെ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ട്രെയിൻ കടന്നുപോകുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലാകുന്നുണ്ട്

പ്രചരണം

ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈനില്‍ ട്രയൽ റൺ നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു നദിക്ക് കുറുകെയുള്ള ഉയരത്തിലുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് നല്കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് മോദിയുടെ പുതിയ ഭാരതം.. 🇮🇳 ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ട്രാക്കായ ഉദംപൂർ - ശ്രീനഗർ - ചിനാബ് നദിക്ക് മുകളിലൂടെയുള്ള ട്രാക്കിലൂടെ വിജയകരമായി ട്രയൽ റൺ നടത്തുന്ന ഇന്ത്യൻ റെയിൽവേ.🚩ജയ് നമോ..”

FB postarchived link

എന്നാല്‍ ഈ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ചൈനയില്‍ നിന്നുള്ളതാണ് വീഡിയോ.

വസ്തുത ഇതാണ്

ഞങ്ങള്‍ ഗൂഗിളില്‍ കീവേഡ്സ് ഉപയോഗിച്ച് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞപ്പോള്‍ പാലത്തിന്‍റെ നിർമ്മാണ പുരോഗതിയെക്കുറിച്ചുള്ള കുറച്ച് റിപ്പോർട്ടുകളും ട്വീറ്റുകളും കാണാനിടയായി. എഎൻഐ റിപ്പോർട്ട് അനുസരിച്ച്, ജമ്മു കശ്മീരിലെ ചെനാബ് താഴ്‌വരയിൽ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ ട്രാക്കിലൂടെ ഒരു ചെറിയ ട്രെയിൻ കടന്നുപോയി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ബ്രിഡ്ജ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാലത്തിൽ ട്രാക്ക് സ്ഥാപിക്കുന്ന ജോലി ഫെബ്രുവരി പകുതിയോടെ ആരംഭിച്ചു എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചെനാബ് പാലത്തിന്‍റെ നിർമ്മാണ വീഡിയോ റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്:

ഇത് സൂചിപ്പിക്കുന്നത് ചെനാബ് താഴ്‌വരയിലെ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പാലം ഇപ്പോഴും നിര്‍മ്മാണ ഘട്ടത്തിലാണെന്നും ഇനിയും പ്രവർത്തനക്ഷമമായിട്ടില്ലെന്നുമാണ്. നേരെമറിച്ച്, വൈറൽ വീഡിയോയിൽ കാണുന്ന പാലം പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് അനുമാനിക്കുന്നു.

വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയിലെ ബെയ്‌പാൻ നദിക്ക് മുകളിലൂടെയുള്ള ഷുബായ് റെയിൽവേ പാലമാണിത് എന്നുള്ള സൂചനകള്‍ ലഭിച്ചു.

വൈറല്‍ വീഡിയോയിൽ പാലത്തിലൂടെ കടന്നുപോകുന്ന ട്രെയിൻ നീലമുള്ളതാണ്. ഒമ്പത് കോച്ചുകളും ഒരു എഞ്ചിനുമുള്ള താരതമ്യേന വലിയ ട്രെയിനാണത്. വൈറലായ വീഡിയോയിലെ പാലത്തിന്‍റെ കമാനത്തിന് ചുവപ്പ് നിറമാണ്. റെയിൽവേ പങ്കുവച്ച വീഡിയോയില്‍ കമാനത്തിന്‍റെ നിറം കടും പച്ചയാണ്.

ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയിലെ ബെയ്‌പാൻ നദിയുടെ കുറുകെയുള്ള ഷുബൈ റെയിൽവേ പാലമാണ് വീഡിയോയില്‍ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയില്‍വേ ലൈനിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്. പ്രവർത്തന സമാരംഭ സമയത്ത് ഷുബൈ റെയിൽവേ പാലത്തിന് ഏറ്റവും ഉയർന്ന ആർച്ച് പാലമെന്ന റെക്കോർഡ് ഉണ്ടായിരുന്നു. ഏറ്റവും ഉയർന്ന പാലങ്ങൾ എന്ന വെബ്‌സൈറ്റിൽ ബേപ്പാൻ നദി പാലത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾ കണ്ടെത്തി. അതിൽ ഈ പാലത്തിന്‍റെ നിരവധി ഫോട്ടോകളുണ്ട്.

താരതമ്യ ചിത്രം ശ്രദ്ധിക്കുക:

“ഉപരിതലത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ ചെനാബ് നദിക്ക് മുകളിലൂടെ നീങ്ങുന്ന ചെനാബ് പാലം ഈഫൽ ടവറിനേക്കാൾ ഉയർന്നതാണ്. “ എന്ന വിവരണത്തോടെ നാഷണൽ ജിയോഗ്രാഫിക് ചാനല്‍ 2023 ഫെബ്രുവരി 17-ന് ഒരു വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞങ്ങള്‍ ജിയോ ലൊക്കേഷന്‍ നോക്കിയപ്പോള്‍ ചൈനയിലെ ഷുബൈ റെയിൽവേ പാലമാണ് വീഡിയോയില്‍ നല്‍കിയിരിക്കുന്നതെന്ന് ഉറപ്പിക്കാനായി.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ദൃശ്യങ്ങളിലുള്ളത് ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയിലെ ബെയ്‌പാൻ നദിയുടെ കുറുകെയുള്ള ഷുബൈ റെയിൽവേ പാലമാണ്. അല്ലാതെ ചെനാബ് താഴ്‌വരയിലെ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പാലമല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കശ്മീരിലെ ചെനാബ് നദിയുടെ മുകളിലൂടെയുള്ള റെയില്‍ പാലം – പ്രചരിപ്പിക്കുന്നത് ചൈനയില്‍ നിന്നുള്ള റെയില്‍വേയുടെ ദൃശ്യങ്ങള്‍

Fact Check By: Vasuki S

Result: False