വിവരണം

ഇന്ന് രാവിലെ കോട്ടയം റെയില്‍വേസ്റ്റേഷന് സമീപത്ത് നിന്ന് കിട്ടിയതാണ് ...ഈ കുട്ടിയെ ....online ൽ ഉള്ള എല്ലാവരും ഷെയർ ചെയ്തു സഹായിക്കുക.. എന്ന തലക്കെട്ട് നല്‍കി 2017 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഒരു വനിത പോലീസ് ഉദ്യോഗസ്ഥ ഒരു കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കുന്നതാണ് പോസ്റ്റിലെ ചിത്രം. 2017 ഒക്‌ടോബര്‍ 25ന് മണിയാറിന്റെ ശബ്ദം എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 315,000ല്‍ അധികം ഷെയറുകളും 4,400ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

രണ്ട് വര്‍ഷം മുന്‍പ് പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റ് ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍ യഥാര്‍ഥത്തില്‍ ചിത്രത്തില്‍ കാണുന്നത് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ തന്നെയാണോ? ചിത്രത്തില്‍ കാണുന്നത് കോട്ടയം പോലീസിലെ വനിത പോലീസ് ഉദ്യോഗസ്ഥയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത

രണ്ടു വര്‍ഷമായിട്ടും ഇപ്പോഴും ഈ പോസ്റ്റ് പ്രചരിക്കുന്നതിനാല്‍ പലരും ഇത് വ്യാജമാണെന്നും ആരും പങ്കുവയ്ക്കരുതെന്നും കമന്‍റ് ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ സത്യാവസ്ഥയറിയാന്‍ ഞ‌ങ്ങളുടെ പ്രതിനിധി കോട്ടയം ജില്ലാ പോലീസ് ഓഫിസില്‍ ഫോണില്‍ ബന്ധപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അത്തരത്തിലൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വ്യാജമായി പ്രചരിക്കുന്ന പോസ്റ്റാകാനെ വഴിയുള്ളു എന്നുമാണ് പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

മാത്രമല്ല ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ അര്‍ച്ചന ഡാല്‍മിയയുടെ ട്വിറ്ററില്‍ ഇതെ ചിത്രം പങ്കുവെച്ചിരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. 2016 നവംബര്‍ മൂന്നിനാണ് ആര്‍ച്ചന ഡാല്‍മിയ ചിത്രം പങ്കുവച്ചെരിക്കുന്നത്. ബര്‍ഗര്‍ഹ് (ഒടീഷ) റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ കുട്ടിയാണെന്ന പേരിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതും.

Archived Link

കൂടാതെ പോലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോം ശ്രദ്ധിച്ച് നിരീക്ഷിച്ചാല്‍ കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉദ്യോസ്ഥയാണെന്ന് മനസിലാക്കാന്‍ കഴിയും. കാരണം തോളില്‍ സ്റ്റാര്‍ ഒന്നും തന്നെയില്ല. പേര് ഹിന്ദിയിലാണ് കറുത്ത നെയിം പ്ലേറ്റില്‍ എഴുതിയിരിക്കുന്നതും. കേരള പോലീസിന്‍റെ പേര് ഇംഗ്ലിഷിലാണ് എഴുതുന്നത്. ചിത്രം കാണാം-

നിഗമനം

ഫെയ്‌സ്ബുക്കില്‍ ചിത്രം കോട്ടയത്ത് നിന്നും കണ്ടെത്തിയ കുട്ടി എന്ന പേരില്‍ പ്രചരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്നെ ഇതെ ചിത്രം ഒഡീഷയില്‍ നിന്നുമുള്ളതാണെന്ന പേരില്‍ ട്വറ്ററില്‍ പ്രചരിച്ചിരുന്നു. കൂടാതെ പോലീസും ഇത് വ്യാജമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ കാണുന്ന കുട്ടിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതാണോ?

Fact Check By: Dewin Carlos

Result: False