വാടകക്കാർക്ക് റേഷൻകാർഡ് ഏർപ്പാടാക്കിയത് പിണറായി സർക്കാരാണോ..?

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം

പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ പോസ്റ്റിന് ഇതുവരെ 900 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ പൊതുജനങ്ങൾക്കായി നടപ്പാക്കിയ ഒരു പദ്ധതിയെക്കുറിച്ചുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ” പിണറായി മാസ്സ് അല്ലേ മരണ മാസ്സ്.. വാടകക്കാർക്കും ഇനി മുതൽ റേഷൻ കാർഡ് ..വാടകക്കരാരോ അംഗീകൃത രേഖകളോ മതി. നമ്മുടെ സർക്കാർ ഇങ്ങനെയൊക്കെയാണ്.” ഇതാണ് പോസ്റ്റിൽ നൽകിയിട്ടുള്ള വാചകങ്ങൾ.

archived FB post

കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും സമാന പോസ്റ്റ് ജൂൺ 11 നു തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിലും  പിണറായി സർക്കാരാണ് ഈ നിയമം നടപ്പിലാക്കിയത് എന്നാണ് പറയുന്നത്  

archived FB post

കേരളത്തിൽ വാടകക്കാർക്ക് ഇതിനു മുമ്പ് റേഷൻ കാർഡ് ലഭിച്ചിരുന്നില്ലേ ..? ഈ ആശ്വാസ പദ്ധതി നടപ്പിലാക്കിയത് പിണറായി സർക്കാരാണോ..? നമുക്ക് വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം  

ഇതേ വാർത്തയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാണോ എന്നറിയാനായി ഞങ്ങൾ പ്രാദേശിക മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ ആദ്യം പരിശോധിച്ച് നോക്കി. എന്നാൽ ഇത്തരത്തിലൊരു വാർത്ത ആരും പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞില്ല.

പോസ്റ്റിനു ലഭിച്ചിരിക്കുന്ന കമന്റുകളിൽ ഈ പദ്ധതി നേരത്തെതന്നെ ഉള്ളതാണ് എന്ന സൂചനകൾ നൽകുന്ന  തരത്തിലുള്ള ചില കമന്റുകൾ ഉണ്ട്.

വാർത്തയുടെ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ തിരുവനന്തപുരത്തുള്ള റേഷനിങ് ഡയറക്ടറേറ്റ് ആസ്ഥാനവുമായി ബന്ധപ്പെട്ടു.  കൺട്രോളർ ഓഫ് റേഷനിംഗ് ആയ ഹരിപ്രസാദ് ഞങ്ങൾക്ക് നൽകിയ വിശദീകരണം ഇപ്രകാരമാണ്. “വാടകക്കാർക്ക് റേഷൻ കാർഡ് ലഭിക്കുന്ന സംവിധാനം വർഷങ്ങൾ പഴക്കമുള്ളതാണ്. ഏകദേശം 15 വർഷമെങ്കിലും ആയിട്ടുണ്ടാകും ഇത് നിലവിൽ വന്നിട്ട്. വാടകക്കരാറുണ്ടെങ്കിൽ വാടകക്കാരന് റേഷൻ കാർഡ് ലഭിക്കും. കാലാകാലങ്ങളിൽ സർക്കാരുകൾ നിയമങ്ങളിൽ ചില ഇളവുകൾ വരുത്താറുണ്ട്. വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമില്ല എന്ന ഒരു ഭേദഗതി ഈ സർക്കാർ പാസ്സാക്കിയിട്ടുണ്ട്. ഇതിനുമുൻപ്  വാടകക്കരാറിനൊപ്പം സമ്മതപത്രം കൂടി ഹാജരാക്കേണ്ടിയിരുന്നു.”

ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പോസ്റ്റിൽ ആരോപിക്കുന്ന പ്രധാന കാര്യം വസ്തുതാ വിരുദ്ധമാണ് എന്നാണ്. വാടകക്കാർക്ക് റേഷൻ കാർഡ് ലഭിക്കുന്ന സംവിധാനം കേരളത്തിൽ ഏറെക്കാലം മുമ്പു തന്നെ നിലവിലുണ്ട്. പിണറായി വിജയൻറെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ പ്രവേശിച്ചു കഴിഞ്ഞു നിയമത്തിൽ ഒരു ഇളവ് പ്രാബല്യത്തിൽ വരുത്തി എന്നുമാത്രം. വാടക കരാറിനൊപ്പം വീട്ടുടമസ്ഥന്റെ സമ്മതപത്രം കൂടി ആവശ്യമാണ് എന്ന വകുപ്പ് അതിൽ നിന്നും നീക്കം ചെയ്തു. ഇതല്ലാതെ പോസ്റ്റിൽ ഉന്നയിക്കുന്നതുപോലെ വാടകക്കാർക്ക് റേഷൻ കാർഡ് നൽകുന്ന സംവിധാനം നടപ്പിൽ  വരുത്തിയത് ഇപ്പോഴത്തെ സർക്കാരല്ല.

നിഗമനം

ഈ പോസ്റ്റിൽ പറയുന്ന കാര്യം പൂർണമായും ശരിയല്ല. വാടകക്കാർക്ക് റേഷൻ കാർഡ് ലഭിക്കുന്ന സംവിധാനം നടപ്പിൽ വരുത്തിയത് പിണറായി സർക്കാരല്ല.  വീട്ടുടമസ്ഥന്റെ സമ്മതപത്രം ഇനിമുതൽ ആവശ്യമില്ല എന്ന ഭേദഗതിയാണ് പിണറായി സർക്കാർ നടപ്പിൽ വരുത്തിയത്. അതിനാൽ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ  വസ്തുത പൂർണമായി മനസ്സിലാക്കാതെ ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:വാടകക്കാർക്ക് റേഷൻകാർഡ് ഏർപ്പാടാക്കിയത് പിണറായി സർക്കാരാണോ..?

Fact Check By: Deepa M 

Result: Mixture