FACT CHECK: ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയ രാജ്യമായോ...? സത്യാവസ്ഥ അറിയൂ...
ഇന്ത്യ ഏറ്റവും കൂടുതല്‍ കോവിഡ് വാക്സിന്‍ നല്‍കിയ രാജ്യം എന്ന നേട്ടത്തിന് അര്‍ഹത നേടി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഈ അവകാശവാദം സത്യമാണോ എന്ന് അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
BJP Keralam ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ച പോസ്റ്റര്‍ നമുക്ക് മുകളില്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത്, “വാക്സിന്‍ നല്‍കുന്നതില്‍ മറ്റൊരു ചരിത്ര നേട്ടവുമായി മോദി സര്‍ക്കാര്‍...ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയ രാജ്യം എന്ന നേട്ടം ഇനി ഭാരതത്തിനു സ്വന്തം.”
ഈ അവകാശവാദത്തിനോടൊപ്പം ഒരു ഗ്രാഫും താഴെ നല്‍കിയിട്ടുണ്ട്. ഗ്രാഫില്‍ ഇന്ത്യയും, അമേരിക്കയും, ബ്രിട്ടനും, ജര്‍മ്മനിയും, ഫ്രാന്‍സും, ഇറ്റലിയും തുടങ്ങിയ രാജ്യങ്ങള്‍ ഇത് വരെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ കണക്കാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും അധികം ഇന്ത്യ (32.366 കോടി) തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത് 32.333 കോടി ഡോസുകള്‍ തന്‍റെ പൌരന്മാര്‍ക്ക് നല്‍കിയ അമേരിക്കയാണ് പോസ്റ്ററില്‍ കാണിക്കുന്നത്.
ഈ പോസ്റ്റര്‍ സംസ്ഥാന ബിജെപി നേതാക്കള്‍ അടക്കം പലരും ഫെസ്ബൂക്കില്‍ പങ്ക് വെച്ചിട്ടുണ്ട്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഇത്തരം ചില പോസ്റ്റുകള്‍ നമുക്ക് കാണാം.
എന്നാല്‍ ഏത് രാജ്യമാണ് ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയത് എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഔര്‍ വേള്‍ഡ് ഇന്‍ ഡാറ്റാ എന്ന വെബ്സൈറ്റില്‍ എല്ലാം രാജ്യങ്ങള്‍ ഇത് വരെ എത്ര വാക്സിന്‍റെ ഡോസുകള്‍ നല്‍കിയിട്ടുണ്ട് എന്ന വിവരങ്ങള്‍ ലഭ്യമാണ്. വെബ്സൈറ്റ് പ്രകാരം ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയ രാജ്യം ചൈനയാണ്. ചൈന ഇത് വരെ 1.24 ബില്യന്‍ ഡോസുകളാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ലോകത്തില്‍ ഇത് വരെ നല്‍കിയ 3 ബില്യന്‍ വാക്സിന്‍ ഡോസുകളില്‍ മുന്നില്‍ ഒരു ഭാഗം ചൈനയാണ് നല്‍കിയിരിക്കുന്നത്. 1 ബില്യന്‍ ഡോസുകള്‍ നല്‍കിയ ആദ്യത്തെ രാജ്യമാണ് ചൈന.
ലേഖനം വായിക്കാന്‍-Global Times | Archived Link
ഇന്ത്യ ഇത് വരെ മൊത്തത്തില്‍ നല്‍കിയത് 33.57 കോടി ജനങ്ങള്‍ക്കാണ്.
ഇന്ത്യയോടൊപ്പം തരാതമ്യം ചെയ്ത് മറ്റു രാജ്യങ്ങളില്‍ ജനസംഖ്യ ഇന്ത്യയെക്കാള്‍ കുറവാണ് എന്ന കാര്യം കൂടി കണക്കില്‍ എടുക്കേണ്ടി വരും. സാമുഹിക പ്രതിരോധം അഥവ ഹെര്‍ഡ് ഇമ്മ്യുണിറ്റിയുണ്ടാവാന്‍ ഒരു രാജ്യത്തിന്‍റെ ചുരുക്കിയത് 60-70% ജനസംഖ്യ വാക്സിന്‍ കുത്തിവെക്കണം.
ലേഖനം വായിക്കാന്‍-Nature | Archived Link
ജനസംഖ്യയുടെ ശതമാനം പ്രകാരം ഇന്ത്യ വളരെ പിന്നിലാണ് തല്കാലം നില്‍ക്കുനത്. ഏറ്റവും മുന്നില്‍ ഈ കാര്യത്തില്‍ യു.എ.ഇ., മാള്‍ട്ട, ബഹറിന്‍ പോലെയുള്ള ചെറിയ രാജ്യങ്ങളാണ്. ജനസംഖ്യയിലും വിസ്തീര്‍ണ്ണത്തില്‍ ഇന്ത്യയോട് സാമ്യമുള്ളത് ചൈനയാണ്. ചൈനയില്‍ ഇത് വരെ 45% ജനങ്ങള്‍ക്ക് ഒരു ഡോസും 16% ജനങ്ങള്‍ക്ക് രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്. അതേസമയം അമേരിക്ക ഇത് വരെ 47% ജനങ്ങള്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്. ഇന്ത്യ 4.2% ജനസംഖ്യയെയാണ് രണ്ട് ഡോസുകള്‍ നല്‍കിയത്. 20% ജനസംഖ്യക്കാണ് ഇന്ത്യയില്‍ വാക്സിന്‍റെ ഒരു ഡോസ് ലഭിച്ചത്.
വാക്സിന്‍ സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍ താഴെ നല്‍കിയ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്.
- Our World In Data
- Mohfw
- NYT COVID-19 Vaccine Tracker
- Reuters COVID-19 Vaccine Tracker
- CNN Health COVID-19 Vaccine Tracker
നിഗമനം
ഇന്ത്യയല്ല ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 പ്രതിരോധ വാക്സിനുകള്‍ നല്‍കിയ രാജ്യം എന്ന് അന്വേഷണത്തില്‍ നിന്ന് വ്യകതമാകുന്നു. ചൈനയാണ് ഏറ്റവും കൂടുതല്‍ വാക്സിനുകള്‍ നല്‍കിയ രാജ്യം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയ രാജ്യമായോ...? സത്യാവസ്ഥ അറിയൂ...
Fact Check By: Mukundan KResult: False