FACT CHECK: മുത്തശ്ശിയുടെയും അവരോട് സ്നേഹപ്രകടനം നടത്തുന്ന കുരങ്ങന്‍റെയും കഥയുടെ യാഥാർഥ്യമിതാണ്...
പ്രചരണം
മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മില്‍ ആഴത്തിലുള്ള സ്നേഹബന്ധത്തിന്‍റെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ പലരും അവരുടെ വളർത്തുമൃഗങ്ങളുമായുള്ള സ്നേഹബന്ധത്തിന്‍റെ കഥകൾ പങ്കുവയ്ക്കാറുണ്ട്. അപൂർവമായി വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന ഒരു കുരങ്ങനും ഒരു മുത്തശ്ശിയുമാണ് കഥാപാത്രങ്ങൾ. കുരങ്ങ് കിടക്കയില്‍ മുത്തശ്ശിയുടെ മുകളിൽ കയറിയിരുന്ന് സ്നേഹപ്രകടനങ്ങൾ നടത്തുന്ന ദൃശ്യങ്ങള്‍ ആരുടേയും മനസ്സ് കുളിർപ്പിക്കും.
വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ് . “ഈ കുരങ്ങന് വൃദ്ധ സ്ഥിരമായി ഭക്ഷണം കൊടുത്തിരുന്നു. വൃദ്ധ അസുഖം വന്ന് കിടപ്പിലായപ്പോൾ കുറച്ച് ദിവസങ്ങളായി ആ പതിവ് മുടങ്ങി. അന്നം തരുന്നയാളെ കാണാതായപ്പോൾ തിരക്കിയിറങ്ങിയതാണ് കുരങ്ങൻ എന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.”
അതായത് പതിവായി ഭക്ഷണം നൽകിയിരുന്ന എന്ന മുത്തശ്ശി കിടപ്പിലായപ്പോൾ അന്വേഷിച്ചെത്തിയ കുരങ്ങൻ അവൻ കിടപ്പിലായ മുത്തശ്ശിയുടെ സ്നേഹപ്രകടനങ്ങൾ നടത്തുന്നു കുറിച്ച് കൂടുതൽ അന്വേഷിച്ചു തെറ്റായ വിവരമാണ് ഇത് എന്ന് കണ്ടെത്തി.
ഇതേ വിവരണത്തോടെ മാതൃഭൂമി വാർത്ത നൽകിയിട്ടുണ്ട്./ Archived link
മറ്റു ചില ഓൺലൈൻ മാധ്യമങ്ങളും ഇതേ അവകാശവാദത്തോടെ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.
മുകളിലുള്ള പോസ്റ്റിലെ വാദത്തിന്‍റെ കൃത്യതക്കായി ഞങ്ങൾ അന്വേഷണം ആരംഭിച്ചു. വ്യത്യസ്ത കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിളില്‍ തിരഞ്ഞപ്പോൾ നിരവധി ഫലങ്ങൾ കണ്ടെത്തി. രാജസ്ഥാനിലെ ഫലാടി ഗ്രാമത്തിൽ നിന്നുള്ളതാണ് വീഡിയോ. ഈ വീഡിയോയെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ ഇന്ത്യ ഡോട്ട് കോം വെബ്‌സൈറ്റിലും നൽകിയിട്ടുണ്ട്. ജൂണ്‍ 24 മുതല്‍ പല മാധ്യമങ്ങളും ഇതേപ്പറ്റി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സീ മീഡിയ പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം "ഈ മുത്തശ്ശിയുടെ പേര് ഭൻവാരി ദേവി എന്നാണ്. ഭൻവാരി ദേവിയുടെ കുടുംബം പറയുന്നതനുസരിച്ച്, കുരങ്ങ് പെട്ടെന്ന് വീട്ടിൽ പ്രവേശിച്ച് മുത്തശ്ശിയുടെ അടുത്തുള്ള കട്ടിലിൽ വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറി. ഹനുമാന്‍ വര്‍ഗത്തില്‍ പെട്ട കുരങ്ങാണ് ഇതെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നതായി വാര്‍ത്തകള്‍ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കൂടുതൽ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ രാജസ്ഥാനിലെ ന്യൂസ് 24 പ്ലസ് എന്ന പ്രാദേശിക വെബ് പോർട്ടൽ വീഡിയോയെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു. ഭൻവാരി ദേവി എന്ന മുത്തശ്ശി രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഫലാടി എന്ന ഗ്രാമത്തില്‍ ഉള്ളതാണ്.
വീഡിയോയിൽ, മുത്തശ്ശി പറയുന്നു, “ഈ കുരങ്ങ് വീട്ടിൽ വന്ന് നടക്കാൻ തുടങ്ങി. പിന്നെ അവൻ കട്ടിലില്‍ എന്‍റെ അടുക്കൽ വന്നു ഇരുന്നു. എന്നെ സ്നേഹപൂര്‍വ്വം കെട്ടിപ്പിടിച്ചു, എന്റെ മുടിയിഴകളിലൂടെ കൈ ഓടിച്ചു. തക്കാളി, ബിസ്കറ്റ് തുടങ്ങി നിരവധി ഭക്ഷണങ്ങൾ ഞങ്ങൾ നൽകി, പക്ഷേ അവ കഴിക്കാൻ അവന്‍ വിസമ്മതിച്ചു. ഈ കുരങ്ങ് ഒരു അപകടവും വരുത്തിയില്ല, ആരെയും ഉപദ്രവിച്ചുമില്ല. തനിയെ വീടുവിട്ടു പോവുകയും ചെയ്തു.” മുത്തശ്ശിയും മരുമകളും ഇതേപ്പറ്റി പറയുന്നത് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൻവർദേവി എല്ലാ ദിവസവും ഈ കുരങ്ങിനെ പോറ്റുമായിരുന്നു എന്ന പ്രചരണം തെറ്റാണ്. ഒരു കുരങ്ങൻ തന്‍റെ വീട്ടിൽ വരുന്നത് ഇതാദ്യമാണെന്ന് മുത്തശ്ശിയുടെ മരുമകൾ അറിയിച്ചു. “ഇത്തരത്തിലുള്ള കുരങ്ങൻ ഒരിക്കലും അവരുടെ വീട്ടിലേക്കോ ഭൻവാരി ദേവിയുടെ അടുത്തേക്കോ വന്നിട്ടില്ല. ആദ്യമായാണ് ഞങ്ങളുടെ വീട്ടിൽ ഈ കുരങ്ങ് വരുന്നത്. ഞങ്ങൾ വീട്ടിൽ ഇരിക്കുമ്പോൾ ഈ കുരങ്ങ് പെട്ടെന്ന് വരികയായിരുന്നു. എവിടെ നിന്നാണ് വന്നതെന്ന് ആർക്കും അറിയില്ല.! അവനെ കണ്ടപ്പോൾ കുട്ടികൾ പരിഭ്രാന്തരായി കരയാൻ തുടങ്ങി. കുരങ്ങ് വീടിനകത്തേക്ക് കയറി വന്നു. പിന്നെ കട്ടിലിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശിയുടെ അടുത്തേക്ക് പോയി. ഞാൻ അവരോടു പറഞ്ഞു, ഭയപ്പെടേണ്ട. നിശബ്ദമായി ഇരിക്കുക. കുരങ്ങൻ മുത്തശ്ശിയെ വളരെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഈ രംഗം കണ്ട് ഞാൻ കൈകൂപ്പി.”
ഈ കുരങ്ങിനെ ഈ മുത്തശ്ശി ആദ്യമായി കണ്ടുമുട്ടിയതാണ്. മുത്തശ്ശി രോഗബാധിതയായി കിടപ്പിലായെന്നും എല്ലാ ദിവസവും കുരങ്ങിന് ഭക്ഷണം കൊടുക്കുമായിരുന്നുവെന്നും പറയുന്നത് തികച്ചും തെറ്റാണ്. ദൃശ്യങ്ങള്‍ കണ്ട ആരോ ഉണ്ടാക്കിയ ഒരു സാങ്കല്പിക കഥ മാത്രമാണ് വീഡിയോയുടെ ഒപ്പം പ്രചരിക്കുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. മുത്തശ്ശി കുരങ്ങിന് പതിവായി അന്നം നൽകുന്ന ആളായിരുന്നില്ല. ഒരുദിവസം ആകസ്മികമായി കുരങ്ങൻ അവരുടെ വീട് സന്ദർശിച്ചതാണ്. പതിവായി കണ്ട പരിചയം ഉള്ളതുപോലെ കുരങ്ങ് മുത്തശ്ശിയോട് സ്നേഹപ്രകടനം നടത്തുകയായിരുന്നു. മുത്തശ്ശി ആദ്യമായാണ് അന്ന് ആ കുരങ്ങനെ കാണുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:മുത്തശ്ശിയുടെയും അവരോട് സ്നേഹപ്രകടനം നടത്തുന്ന കുരങ്ങന്‍റെയും കഥയുടെ യാഥാർഥ്യമിതാണ്...
Fact Check By: Vasuki SResult: False