
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ കെപിസിസി സംഘടിപ്പിച്ച വിശ്വാസ സരംക്ഷണ യാത്രയ്ക്കെതിരെ പ്രസ്താവന നടത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന പന്തല്‍ തകര്‍ന്നുവീണത് അയ്യപ്പകോപം മൂലമാണെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രസ്താവന നടത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോയില്‍ മാധ്യമങ്ങളുടെ മുന്നില്‍ കെ മുരളീധരന്‍, “ഈ വോട്ട് തട്ടാന്‍ നോക്കുന്ന ശ്രമത്തിനു അയ്യപ്പന്‍ തന്നെ ശക്തമായി അടികൊടുത്തു. അതാണിപ്പോള്‍ നടക്കുന്നത്..” എന്ന് പറയുന്നത് കാണാം.
മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിന്‍റെ വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടന പന്തല്‍ തകര്‍ന്നുവീണ ദൃശ്യങ്ങളും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “അയ്യപ്പന്റെ ഓരോരോ ലീലാവിലാസങ്ങൾ..🥰✌️ ഉടായിപ്പ് അയ്യപ്പന്റെ അടുത്ത് നടക്കില്ല കൊങ്ങികളെ..”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഇതെന്നും കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുമായി ബന്ധപ്പെട്ടല്ല കെ മുരളീധരന്‍ പ്രതികരിച്ചത് എന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2025 ഒക്ടോബര്‍ 11 ന് റിപ്പോര്‍ട്ടര്‍ ടിവി യൂട്യൂബ് പേജില്‍ നിന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ച അതേ വീഡിയോ ലഭിച്ചു. ദൈര്‍ഘ്യമേറിയ ഈ വീഡിയോയുടെ അഞ്ചാം മിനിറ്റിന് ശേഷം വൈറല്‍ വീഡിയോയിലെ ഭാഗങ്ങള്‍ കാണാം.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തെക്കുറിച്ചാണ് വീഡിയോയില്‍ കെ മുരളീധരന്‍ പറയുന്നത്. ദൃശ്യങ്ങളുടെ ആദ്യഭാഗം ഒഴിവാക്കി എഡിറ്റ് ചെയ്താണ് പ്രചരണം നടത്തുന്നത്. 2025 ഒക്ടോബര്‍ 11 ന് 24 ന്യൂസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഈ ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് കെ മുരളീധരന്‍ പ്രതികരിക്കുന്നത്.
വീഡിയോയിലെ പന്തല്‍ തകര്‍ന്ന സംഭവത്തെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2025 ഒക്ടോബര്‍ 15നായിരുന്നു സംഭവം.
കെ മുരളീധരന്‍ പ്രതികരണം നടത്തുന്നതായി പ്രചരിപ്പിക്കുന്ന വീഡിയോ ഒക്ടോബര്‍ 11 ലേതാണ്. അതായത് കെ മുരളീധരന്റെ പ്രസ്താവന പന്തല്‍ തകര്‍ന്നുവീണ സംഭവത്തിന് മുന്‍പായിരുന്നു.
നിഗമനം
കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ പന്തല്‍ തകര്‍ന്നു വേണ്ട സംഭവത്തിനെ പരിഹസിച്ച് കെ മുരളീധരന്‍ പ്രസ്താവന നടത്തിയെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡ് ആണ്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിനെ പരിഹസിച്ചാണ് മുരളീധരന്‍ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ്സിനെയല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയ്ക്കെതിരെ പ്രസ്താവനയുമായി കെ. മുരളീധരന്‍..? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ
Fact Check By: Vasuki SResult: Altered


