ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിൽ ആർഎസ്എസ് സംഘടനയെ കാനഡയിൽ നിരോധിച്ചതായി ഒരു വ്യക്തി വിവരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രചരണം

ആര്‍‌എസ്‌എസ് നിരോധിക്കണമെന്ന ആവശ്യം ഒരാള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, "ഡബ്ല്യുഎസ്ഒയുമായി ചേർന്ന്, ഞങ്ങൾ ഇന്ന് ആർഎസ്എസ് സംഘടനയെ ഉടൻ നിരോധിക്കണമെന്നും ക്രിമിനൽ പ്രോസിക്യൂഷന് വിധേയമായി കാനഡയിൽ നിന്ന് അതിന്‍റെ പ്രവര്‍ത്തകരെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു."

ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇന്ത്യ തിരയുന്ന ഭീകരനെ ഇന്ത്യ കൊലപ്പെടുത്തി എന്നാരോപിച്ച് സംഭവത്തിൽ ഇന്ത്യയ്‌ക്കെതിരെ കാനഡ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് ഇരു രാജ്യങ്ങളും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി. ഈ സാഹചര്യത്തിലാണ് കാനഡയിൽ ആർഎസ്എസ് സംഘടനയെ നിരോധിച്ചതായി ചിലർ വീഡിയോ പ്രചരിപ്പിക്കുന്നത്. കാനഡയില്‍ ആര്‍‌എസ്‌എസ് നിരോധിച്ചു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

archived linkFB post

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും കാനഡയില്‍ ആര്‍‌എസ്‌എസ് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോയിലുള്ള ആൾ ആരാണെന്നോ എന്തിനാണ് ആർഎസ്എസിനെ നിരോധിച്ചതെന്നോ യാതൊരു തെളിവും നൽകാതെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആർഎസ്എസ് സംവിധാനത്തെ ഉടൻ നിരോധിക്കണമെന്ന് വീഡിയോയിൽ സംസാരിക്കുന്ന വ്യക്തി ആവശ്യപ്പെടുന്നു.

ഞങ്ങൾ ഈ വീഡിയോയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചു. ആദ്യം തന്നെ കാനഡയിൽ ആർഎസ്എസ് സംഘടന നിരോധിച്ചിട്ടുണ്ടോയെന്നും അതിനെക്കുറിച്ച് എന്തെങ്കിലും വാർത്തയുണ്ടോയെന്നും ഗൂഗിളിൽ തിരഞ്ഞു. എന്നാല്‍ സംഘടന നിരോധിച്ചതായി വാര്‍ത്തകളില്ല. നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങളുണ്ട്. ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലീംസ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സോഷ്യൽ മീഡിയ പേജുകളിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അതിന്‍റെ അടിസ്ഥാനത്തിൽ, തിരഞ്ഞപ്പോള്‍ നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലീംസ് ഒരു കക്ഷിരഹിത, സ്വതന്ത്ര, ലാഭേച്ഛയില്ലാത്ത സന്നദ്ധ സംഘടനയാണെന്ന് കണ്ടെത്തി. കാനഡയിൽ താമസിക്കുന്ന മുസ്‌ലിങ്ങളുടെ ജീവിതവും മനുഷ്യാവകാശങ്ങളും മെച്ചപ്പെടുത്താൻ ശബ്ദമുയർത്തുന്ന സംഘടനയാണിതെന്നും അവർ പറഞ്ഞു. ഇതൊരു സർക്കാർ വകുപ്പല്ല, ഒരു സന്നദ്ധ സംഘടന മാത്രമാണ്.

തിരച്ചിൽ തുടർന്നപ്പോൾ, ഞങ്ങൾ പരിശോധനയ്ക്ക് എടുത്ത വീഡിയോയിലുള്ള ആളാണ് സ്ഥാപനത്തിന്‍റെ സിഇഒ എന്ന് മനസ്സിലായത്. നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലീങ്ങളുടെ (NCCM) സിഇഒ ആയ സ്റ്റീഫൻ ബ്രൗൺ ആണ് ആര്‍‌എസ്‌എസ് നിരോധനം ആവശ്യപ്പെടുന്ന വ്യക്തി.

സ്വകാര്യ മേഖലയിലും സംഘടിത തൊഴിലിലും മനുഷ്യാവകാശ വാദത്തിലും പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള അദ്ദേഹം അറിയപ്പെടുന്ന നേതാവും കമ്മ്യൂണിറ്റി സംഘാടകനുമാണ്.കൂടാതെ, ആർഎസ്എസിനെ നിരോധിക്കണമെന്ന് കനേഡിയൻ മാധ്യമത്തിന് അഭിമുഖം നൽകുകയും ചെയ്തു.

നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്‌ലിങ്ങളുടെ അഭ്യർത്ഥന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും തുടര്‍ന്ന് കനേഡിയൻ സർക്കാർ ആർഎസ്‌എസിനെ നിരോധിച്ചുവെന്ന തെറ്റായ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതാണെന്നും നവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

കാനഡയിൽ ആർഎസ്എസ് സംഘടന നിരോധിച്ചുവെന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കാനഡയിലെ ഒരു സന്നദ്ധ സംഘടന ആര്‍‌എസ്‌എസ് നിരോധിക്കണമെന്ന ആവശ്യമുന്നയിക്കുന്ന ദൃശ്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരണം നടത്തുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആർഎസ്എസ് സംഘടന കാനഡയിൽ നിരോധിച്ചോ... വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ...

Written By: Vasuki S

Result: False