കാലഭേദമില്ലാതെ പ്രകൃതി ദുരന്തങ്ങൾ ലോകമെമ്പാടും തുടർക്കഥയാവുകയാണ്. മൊറോക്കോയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏതാണ്ട് 3000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൊറോക്കോ ദുരന്തത്തിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഫിലിപ്പീൻസില്‍ വീശി അടിക്കുന്ന ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

അതിഭയാനകമായി ചുഴലിക്കാറ്റ് വീശിയടിക്കുന്ന ദൃശ്യങ്ങളാണ് 3:14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. “ഫിലിപ്പൈൻസ് ചുഴലിക്കാറ്റ് കരകയറിയപ്പോൾ” എന്ന അടിക്കുറിപ്പുമായാണ് പ്രചരണം നടത്തുന്നത്.

FB postarchived link

വീഡിയോ വിശദമായി പരിശോധിച്ചപ്പോൾ ഇത് വ്യത്യസ്തമായ പല ദൃശ്യങ്ങൾ കൊരുത്ത് ഒന്നിച്ചു ചേർത്ത വീഡിയോ ആണെന്ന് വ്യക്തമായി.

വസ്തുത അന്വേഷണം

ചുഴലിക്കാറ്റ് കെട്ടിടത്തിന്‍റെ പിന്നിൽ നിന്നും വീശി അടിക്കുന്ന, തുടക്കത്തിൽ കാണുന്ന ദൃശ്യങ്ങൾ നമുക്ക് ആദ്യം പരിശോധിച്ചു നോക്കാം.

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഗ്രാഫിക് വീഡിയോകൾ നിർമ്മിക്കുന്ന എന്ന rtsarovvideo ടിക് ടോക് പേജ് ലഭ്യമായി. ഇതേ വീഡിയോ ചാനലിൽ ലഭ്യമാണ്. യഥാര്‍ത്ഥവും എഡിറ്റഡുമായ വീഡിയോകള്‍ എന്നാണ് പേജിന്‍റെ ഡിസ്ക്രിപ്ഷനില്‍ കാണുന്നത്.

മാത്രമല്ല സി ജി ഐ ഉപയോഗിച്ച് നിർമ്മിച്ച ഭയാനകമായ ചുഴലിക്കാറ്റുകളുടെയും കൊടുങ്കാറ്റുകളുടെയും ഇടിമിന്നലിന്‍റെയും മറ്റു ഗ്രാഫിക് വീഡിയോകളും ചാനലിൽ ലഭ്യമാണ്.

ഇവരുടെ യുട്യൂബ് ചാനലിലും ഇതേ വീഡിയോ നല്‍കിയിട്ടുണ്ട്.

വിശദാംശങ്ങള്‍ക്കായി വീഡിയോയുടെ സൃഷ്ടാവിന് ഞങ്ങള്‍ സന്ദേശം അയച്ചിട്ടുണ്ട്. മറുപടി കിട്ടിയാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

കനത്ത ചുഴലിക്കാറ്റില്‍ കനമുള്ള വസ്തുക്കള്‍ പറന്നു പോകുന്ന ദൃശ്യങ്ങള്‍ ഓഗസ്റ്റ് 26 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

ശക്തമായ കാറ്റിനിടയില്‍ വാഹനങ്ങള്‍ കടന്നു പോകുന്നതും റോഡിനരുകില്‍ കാറ്റിലും മഴയിലും നിസ്സഹായതയോടെ കുറേപ്പേര്‍ നില്‍ക്കുന്നതും കാണുന്ന അടുത്ത ദൃശ്യങ്ങള്‍ മലേഷ്യയിലെതാണ് എന്നു അനുമാനിക്കുന്നു. ദൃശ്യങ്ങള്‍ ഓഗസ്റ്റ് 29 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

https://www.instagram.com/p/CwfxNX7qKIn/

പല പഴയ വ്യത്യസ്ത ദൃശ്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണ് വീഡിയോ. ഫിലിപ്പീന്‍സില്‍ അടുത്തിടെ എങ്ങാനും കൊടുങ്കാറ്റ്, പേമാരി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ വന്നിട്ടുണ്ടോ എന്നു തിരഞ്ഞപ്പോള്‍ ജൂലൈ മാസം ഒടുവില്‍ അവിടെ ചുഴലിക്കാറ്റ് വീശിയടിക്കുകയും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തതായി വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. എന്നാല്‍ പിന്നീട് ഇതുവരെ പ്രകൃതി ദുരന്തങ്ങള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രകൃതി ദൂരന്തത്തിന്‍റെ കമ്പ്യൂട്ടര്‍ നിര്‍മ്മിത ദൃശ്യങ്ങളും പഴയ ചില ദൃശ്യങ്ങളും കൂട്ടിച്ചേര്‍ത്ത് ഫിലിപ്പീന്‍സിന്‍റെ പേരില്‍ പ്രചരിപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ക്ക് ഫിലിപ്പീന്‍സുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫിലിപ്പീന്‍സില്‍ കരകയറിയ ചുഴലിക്കാറ്റ് എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്...

Written By: Vasuki S

Result: MISLEADING