പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരാമർശം നടത്തിയോ…?

ദേശീയം | National രാഷ്ട്രീയം | Politics

വിവരണം 

Dharan Anchery എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 9 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. പാർലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. വാർത്തയോടൊപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി കഴിഞ്ഞ നവംബർ മാസം  ചുമതലയേറ്റ ശരദ് അരവിന്ദ് ബോബ്‌ഡെയുടെ ചിത്രവും പോസ്റ്റിലുണ്ട്. 

archived linkFB post

അടുത്ത കാലത്ത് പാർലമെന്‍റിന്‍റെ ഇരു സഭകളും പാസ്സാക്കി നിയമമായി മാറിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്ന വാര്‍ത്ത. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇങ്ങനെ ഒരു പരാമർശം നടത്തിയോ എന്ന് നമുക്ക് അന്വേഷിച്ച്  അറിയാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ പോസ്റ്റിലെ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ചില മാധ്യമങ്ങൾ 2020 ജനുവരി 9 നു പ്രസിദ്ധീകരിച്ച സുപ്രീംകോടതിയും ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട ചില വാർത്തകൾ ലഭിച്ചു. നിയമങ്ങളും കോടതിയും സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ലൈവ് ലോ എന്ന വെബ്‌സൈറ്റിൽ വാർത്ത നൽകിയിരിക്കുന്നത് ഇങ്ങനെയാണ് : 

archived linklivelaw

വാര്‍ത്തയുടെ പരിഭാഷ : 

“രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ 2019 ലെ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച അപേക്ഷകൾ കോടതി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. വിവാദ നിയമനിർമ്മാണത്തെ ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി അഭിഭാഷകൻ വിനീത് ധണ്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ പരാമർശിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ബി. ആർ. ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങുന്നതാണ് ബെഞ്ച്.

“പാർലമെന്‍റിന്‍റെ ഒരു നിയമം ഭരണഘടനാപരമാണെന്ന് പ്രാഥമികമായി പ്രഖ്യാപിക്കാനാകില്ല.  ഒരു ​​നിയമത്തിന്‍റെ സാധുത കോടതി നടപടി ക്രമങ്ങളിലൂടെ തീരുമാനിക്കേണ്ടതുണ്ട്, ഒരു നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കമെന്ന വാദം ആദ്യമായി കേള്‍ക്കുകയാണ്.” ബെഞ്ച് നിരീക്ഷിച്ചു. “രാഷ്ട്രം ദുഷ്‌കരമായ സമയത്തെയാണ്  അഭിമുഖീകരിക്കുന്നത്… സമാധാനം കൈവരിക്കാനുള്ള ശ്രമമുണ്ടാകണം..”, ബെഞ്ച് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പത്രങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ, മറ്റ് പരസ്യ മാർഗ്ഗങ്ങൾ എന്നിവ വഴി വ്യാപകമായി പ്രചരിപ്പിക്കണമെന്നും ഇത് ഇന്ത്യയുടെ ഭരണഘടനാ മനോഭാവത്തിന് വിരുദ്ധമല്ലെന്നും ഒരു പൗരനും എതിരല്ലെന്നും കാണിച്ച് പുനീത് കൌർ ധണ്ട സമർപ്പിച്ച ഹരജിയിന്മേലാണ് കോടതി പരാമര്‍ശം നടത്തിയത്.  നിയമത്തിന്‍റെ പേരിൽ രാജ്യത്ത് വ്യാജ കിംവദന്തികളും അക്രമങ്ങളും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകാനും നിവേദനം ആവശ്യപ്പെടുന്നു. അതത് സംസ്ഥാനങ്ങളിൽ പൌരത്വ നിയമം ബലമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകുന്ന മാര്‍ഗങ്ങളും  ഹര്‍ജി തേടുന്നു. സി‌എ‌എയ്‌ക്കെതിരായ മറ്റ് ഹരജികൾക്കൊപ്പം നിവേദനം സ്വീകരിക്കുമെന്നും ബെഞ്ച് പിന്നീട് വ്യക്തമാക്കി.”

ഇങ്ങനെയാണ് വാർത്തയുടെ വിവരണം. സമാനരീതിയിൽ തന്നെയാണ് ന്യൂസ് 18 വാർത്ത നൽകിയിട്ടുള്ളത്. 

വാർത്തകൾ പ്രകാരം രാജ്യത്ത് പൗരത്വ നിയമത്തിന്‍റെ പേരിൽ നടക്കുന്ന അക്രമങ്ങൾ അവസാനിച്ച ശേഷം പൗരത്വ ഭേദഗതിനിയമം സംബന്ധിച്ച അപേക്ഷകൾ സ്വീകരിക്കും എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചത്. കോടതിയുടെ നടപടിക്രമം പൂർത്തിയായ ശേഷം മാത്രമേ പൗരത്വ നിയമത്തെപ്പറ്റി കോടതി എന്തെങ്കിലും പരാമർശം നടത്തുകയുള്ളു എന്നാണ്  വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ പാർലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസോ ഭരണ ഘടനാ ബെഞ്ചോ യാതൊരു വിധ പരാമർശങ്ങളും നടത്തിയിട്ടില്ല. മുകളിലെ വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണ്. പാർലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇതുവരെ പരാമർശം നടത്തിയിട്ടില്ല. രാജ്യത്ത് പൗരത്വ നിയമത്തിന്‍റെ പേരിൽ നടക്കുന്ന അക്രമങ്ങൾ അവസാനിച്ച ശേഷം പൗരത്വ ഭേദഗതിനിയമം സംബന്ധിച്ച അപേക്ഷകൾ സ്വീകരിക്കും എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചത്. പോസ്റ്റിലെ വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. 

Avatar

Title:പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരാമർശം നടത്തിയോ…?

Fact Check By: Vasuki S 

Result: False