വിവരണം

കൊറോണ വൈറസ് ബാധയുടെ സാമൂഹിക വ്യാപനം എന്ന അടുത്ത ഘട്ടത്തിലേക്ക് സ്ഥിതികൾ നീങ്ങിയേക്കാം എന്ന ആശങ്ക അഭിമുഖീകരിക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള നിർണ്ണായക ഉപാധിയായി മാർച്ച് 24 അർദ്ധരാത്രി മുതൽ ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപന ആഹ്വാനം പ്രധാനമന്ത്രി നടത്തിയിരുന്നു. എന്നാൽ ഇതിനു മുമ്പായി സംസ്ഥാനത്ത് മാർച്ച് 31 വരെ സംസ്ഥാന സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 ദുരന്തത്തിനു ശേഷം ലോകമിനി അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത സാമ്പത്തിക അരക്ഷിതത്വമായിരിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടയിൽ സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ ഒരു പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സാമ്പത്തിക സഹായം തന്നില്ലെങ്കിൽ ലോക്ക്ഡൌൺ കാര്യമാക്കില്ല. പ്രക്ഷോഭങ്ങൾ നടത്തും. കേന്ദ്രത്തിന് ഐസക്കിന്‍റെ മുന്നറിയിപ്പ് എന്ന വാചകങ്ങളാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനയായി പ്രചരിപ്പിക്കുന്നത്.

archived linkFB post

അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ വാസ്തവമെന്താണ്...? നമുക്ക് അറിയാൻ ശ്രമിക്കാം

വസ്തുതാ വിശകലനം

ഈ വാർത്തയുടെ യാഥാർഥ്യമറിയാൻ ഞങ്ങൾ ആദ്യം ഡോ. തോമസ് ഐസക്കിന്‍റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചു നോക്കി. അദ്ദേഹം അഭിപ്രായങ്ങളും നിലപാടുകളും വാർത്തകളുമെല്ലാം ഫേസ്‌ബുക്ക് പേജിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. അതിനാൽ ഞങ്ങൾ ഇത്തരത്തിൽ എന്തെങ്കിലും പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ടോ എന്നറിയാനായി ഫേസ്‌ബുക്ക് പേജ് പരിശോധിച്ചു നോക്കി. സംസ്ഥാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ച വാർത്ത അദ്ദേഹം നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ രാജ്യവ്യാപകമായ ലോക്ക് ഡൌൺ ആഹ്വാനത്തിന് ശേഷം അദ്ദേഹം നൽകിയ പോസ്റ്റിൽ നിലപാടായി ലോക്ക് ഡൌൺ നടപടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

archived link

രാജ്യം അഭിമുഖീകരിക്കുന്ന മഹാമാരിയെ തുരത്താൻ ഇതല്ലാതെ മറ്റൊരു പോംവഴിയില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ കാര്യത്തിൽ കൃത്യമായ തീരുമാനങ്ങളൊന്നും കേന്ദ്ര ധനമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ നയപ്രഖ്യാപന പ്രസംഗങ്ങളിൽ ഉണ്ടായിരുന്നില്ല എന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അല്ലാതെ പോസ്റ്റിൽ നൽകിയിരിക്കുന്ന പോലെ സാമ്പത്തിക സഹായം തന്നില്ലെങ്കിൽ ലോക്ക്ഡൌൺ കാര്യമാക്കില്ല. പ്രക്ഷോഭങ്ങൾ നടത്തുമെന്ന് തോമസ് ഐസക് കേന്ദ്രത്തിനു മുന്നറിയിപ്പ് നൽകിയെന്നോ അല്ലെങ്കിൽ അതിനോട് സാമ്യതയുള്ള എന്തെങ്കിലും പ്രസ്താവനകളോ കാണാൻ കഴിഞ്ഞില്ല.

അതിനാൽ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ഡോ. തോമസ് ഐസക്കിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഭിലാഷിനോട് ഈ പ്രസ്താവനയെ പറ്റി ചോദിച്ചു. ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വ്യാജമായ വാർത്തയാണ്. ധനമന്ത്രി ഇന്നലെ മീഡിയ വൺ ചാനലിന് ഒരു ബൈറ്റ് നൽകിയിരുന്നു അതിൽ പ്രധാനമന്ത്രിയുടെ ലോക്ക് ഡൌൺ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ മതിയായ നടപടികൾ കൂടി പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. അല്ലാതെ ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നോ ലോക്ക് ഡൌൺ കാര്യമാക്കില്ലെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ധനമന്ത്രിയുടെ ബൈറ്റ് വളച്ചൊടിച്ച് മറ്റൊന്നാക്കി പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതാണ് അഭിലാഷ് നല്കിയ മറുപടി.

ലോക്ക് ഡൌൺ കാര്യമാക്കില്ലെന്നും സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ പ്രക്ഷോഭമുണ്ടാക്കുമെന്നും പോസ്റ്റിൽ നൽകിയിരിക്കുന്നതുപോലെ ഡോ.തോമസ് ഐസക് പറഞ്ഞിട്ടില്ല. ഇത് പൂർണ്ണമായും തെറ്റായ പ്രചരണമാണ്.

നിഗമനം

ഈപോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണ്. ലോക്ക് ഡൌൺ കാര്യമാക്കില്ലെന്നും സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ പ്രക്ഷോഭമുണ്ടാക്കുമെന്നും ഡോ. തോമസ് ഐസക് ഒരിടത്തും പറഞ്ഞിട്ടില്ല. ലോക്ക് ഡൗണിനെ പറ്റിയുള്ള അദ്ദേഹത്തിൻറെ വാക്കുകൾ വളച്ചൊടിച്ച് മറ്റൊന്നാക്കി പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

Avatar

Title:ലോക്ക് ഡൗണിനെ പറ്റി ഡോ.തോമസ് ഐസക്ക് പ്രസ്താവിച്ചത് വളച്ചൊടിച്ച് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S

Result: False