സ്കൂൾ സിലബസിൽ സൗദി അറേബ്യ "യോഗ" നിർബന്ധിത പാഠ്യവിഷമാക്കിയോ...?
വിവരണം
Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 11 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് 22 മണിക്കൂറുകൾ കൊണ്ട് 120 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. "സ്കൂൾ സിലബസിൽ "യോഗ" നിർബന്ധിത പാഠ്യവിഷമാക്കി സൗദി അറേബ്യ..!
മറ്റൊഒരു സംഘി.!!" എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.
archived link | FB post |
ശാരീരികവും, മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനായി പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന ഒരു വ്യായാമ സമ്പ്രദായമാണ് യോഗ. യോഗ അഭ്യസിക്കുന്നത് വഴി ശാരീരിക- മാനസിക- ആത്മീയ തലങ്ങളുടെ ഏകോപനം സാധ്യമാകുകയും വ്യക്തിക്ക് ഔന്നത്യം സാധ്യമാക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭാരതം ലോകത്തിനു നൽകിയ മഹത്തരമായ സംഭാവനകളിലൊന്നായ യോഗയുടെ മഹത്വം തിരിച്ചറിഞ്ഞു യുണൈറ്റഡ് നേഷൻസ് 2015 ൽ ജൂൺ 21 അന്തർദേശീയ യോഗാദിനമായി പ്രഖ്യാപിച്ചു. ഇപ്പോൾ ലോകം മുഴുവൻ യോഗ ദിനത്തിൽ യോഗ പ്രചരിപ്പിക്കാനും അഭ്യസിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ സൗദി അറേബ്യാ സ്‌കൂൾ സിലബസിൽ യോഗ നിര്‍ബന്ധമാക്കിയോ...? ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം.
വസ്തുതാ വിശകലനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ ഞങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ച ഏതാനും വെബ്‌സൈറ്റുകളുടെ ലിങ്കുകൾ ലഭ്യമായി. വാർത്ത പരിശോധിച്ചപ്പോൾ കാണാൻ കഴിയുന്നത് ഇങ്ങനെയാണ്.
“സൗദി അറേബ്യ വാണിജ്യ വ്യവസായ മന്ത്രാലയം യോഗ കായിക ഇനമായി അഭ്യസിക്കുന്നതിന് ഔദ്യോഗികമായി അംഗീകാരം നല്കി. അതിനാൽ, ഇപ്പോൾ യോഗ അഭ്യസിക്കാനോ പഠിപ്പിക്കാനോ ആഗ്രഹിക്കുന്ന ആർക്കും അതിനായി അപേക്ഷിക്കുകയും ലൈസൻസ് വാങ്ങുകയും ചെയ്യാം.
ഇസ്ലാമിക രാജ്യത്ത് ആയിരക്കണക്കിന് ആളുകളെ യോഗ പഠിപ്പിക്കുന്ന നൗഫ് മർവായ്ക്ക് ഈ തൊഴിൽ ഇനി മുതൽ ഔദ്യോഗികമാക്കാനുള്ള അവസരം ലഭിക്കും. 2005 ൽ അവർ അധികാരികളെ സമീപിക്കാൻ തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ റോയൽ കൗൺസിൽ അംഗം കൂടിയായ രാജകുമാരിയെ സമീപിച്ചു, സൗദി അറേബ്യയിലെ സ്ത്രീകൾക്കായി ബാസ്കറ്റ്ബോൾ ആരംഭിച്ചു, കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ ഉടൻ തന്നെ സ്ത്രീകൾക്കുള്ള കായിക വിനോദങ്ങൾക്ക് അംഗീകാരം നൽകുമെന്നും ഉറപ്പ് നൽകി.
സൗദി അറേബ്യയിലെ ഭരണാധികാരികളായ , സൽമാൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരാണ് സൗദി അറേബ്യയുടെ ചരിത്രം മാറ്റുന്നത്. എംബിഎസ് എന്നറിയപ്പെടുന്ന സൌദി കിരീടാവകാശി യുവജന വികസനം, നിക്ഷേപം എന്നിവയിൽ ശ്രദ്ധ പതിപ്പിക്കാൻ പുതിയ 'വിഷൻ 2030' എന്ന പദ്ധതിയ്ക്ക് രൂപം നൽകി.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ രാജ്യത്തിലെ ജനങ്ങളുടെ ആരോഗ്യത്തിലും അഭിവൃദ്ധിയിലും ഊന്നൽ നൽകുന്ന പദ്ധതികളാണ് വേണ്ടത്. ഈ വർഷം സൗദി അറേബ്യ സ്ത്രീകളെ വാഹനമോടിക്കാൻ അനുവദിച്ചു. സ്ത്രീകളോടുള്ള യാഥാസ്ഥിതിക മനോഭാവത്തെത്തുടർന്ന് രാജ്യം വർഷങ്ങളായി പരക്കെ വിമർശിക്കപ്പെട്ടിരുന്നു.
ഇന്ത്യയിൽ അടുത്തിടെ ഒരു മുസ്ലീം പെൺകുട്ടിയായ റാഫിയ നാസിനെ . യോഗ പഠിപ്പിച്ചതിന് വീട് ആക്രമിക്കുകയും അവർക്ക് ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തപ്പോൾ പോലും, യോഗയെ ഒരു sports ദ്യോഗിക കായിക വിനോദമാക്കി മാറ്റാനുള്ള ഒരു ഇസ്ലാമിക രാഷ്ട്രത്തിന്‍റെ തീരുമാനം സ്വാഗതാർഹമാണ് .
2015 ൽ, ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സൗദി അറേബ്യയിലെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾ ഇസ്ലാമിക രാജ്യത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ കന്നി യോഗ സെഷനുകൾ സംഘടിപ്പിച്ചിരുന്നു."
archived link | indiatoday |
ഇത്രയും വിവരങ്ങളാണ് ഇന്ത്യടുഡേ 2017 നവംബർ 14 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സമാന വാർത്തകളാണ് സൗദിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും നൽകിയിട്ടുള്ളത്. വാര്‍ത്ത പ്രസിദ്ധീകരിച്ച ഏതാനും ഇന്‍ഡ്യന്‍ അറബ് മാധ്യമങ്ങളുടെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
archived link | zee news |
archived link | economic times |
archived link | gulf news |
archived link | al arabiya |
archived link | saudi gazette |
ഞങ്ങൾ പരക്കെ അന്വേഷിച്ചിട്ടും സൗദി സ്‌കൂളുകളിൽ സിലബസ്സിൽ യോഗ ഒരു നിർബന്ധിത പാഠ്യ വിഷയമാക്കി എന്ന വാർത്ത ലഭിച്ചിട്ടില്ല. ഭാരതത്തിലെ തനത് ആരോഗ്യ പരിപാലന സമ്പ്രദായം മറ്റൊരു രാജ്യം പാഠ്യ വിഷയമായി ഉൾപ്പെടുത്തിയാൽ ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങൾ തീർച്ചയായും അത് വാർത്തയാക്കും. സൗദി അറേബിയയിൽ 2017 ൽ യോഗ ഒരു കായിക ഇനമായി അഭ്യസിക്കുന്നതിനു ഭരണകൂടം അംഗീകരിച്ചു എന്നതാണ് വാർത്ത. അത് പ്രകാരം യോഗ പഠിപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും അവിടെ നിയമ തടസങ്ങളൊന്നുമില്ല. ഇതല്ലാതെ അവിടെ യോഗ പാഠ്യ വിഷയമായി ഉൾപ്പെടുത്തിയതല്ല
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. സൗദിയിൽ യോഗ സിലബസ്സിൽ നിർബന്ധിത പാഠ്യ വിഷയമാക്കിയിട്ടില്ല. സൗദി ഭരണകൂടം യോഗയെ കായിക ഇനമായി അഭ്യസിക്കുന്നത് അംഗീകരിക്കുകയാണ് ചെയ്തത്, 2017 നവംബറിലാണ് അംഗീകാരം നൽകിയത്. ഇപ്പോഴല്ല. അതിനാൽ പ്രീയ വായനക്കാർ വസ്തുതയറിയാതെ ഈ വ്യാജ വാർത്ത ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു
Title:സ്കൂൾ സിലബസിൽ സൗദി അറേബ്യ "യോഗ" നിർബന്ധിത പാഠ്യവിഷമാക്കിയോ...?
Fact Check By: Vasuki SResult: False