
ബംഗ്ലാദേശിൽ ഒരു ഹിന്ദു വ്യക്തിയെ തല്ലി കൊല്ലുന്ന കാഴ്ച കാണിക്കുന്ന ചിത്രമാണിത് എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു വ്യക്തിയെ ചിലർ ക്രൂരമായി മർദിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ ബംഗ്ലാദേശിലെ ഹിന്ദു ഹിന്ദുവിന് ആരുമില്ല”.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ചിത്രത്തിൽ ക്രൂര മർദനത്തിന് ഇരയാകുന്ന ഈ വ്യക്തി ഹിന്ദുവാണെന്ന് തോന്നും. എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം ബംഗ്ലാദേശിൽ നടന്ന ഒരു സംഭവത്തിൻ്റെതാണെന്ന് കണ്ടെത്തി. ഈ ചിത്രം ബംഗ്ലാദേശിൽ പഴയെ ധാക്കയിൽ മിറ്റ്ഫോർഡ് ആശുപത്രിയുടെ മുന്നിൽ ഒരു സ്ക്രാപ്പ് മെറ്റൽ വ്യാപാരിയായ ലാൽ ചാന്ദ് ഏലിയാസ് സൊഹാഗിനെ ചില ഗുണ്ടകൾ തല്ലി കൊല്ലുകയുണ്ടായി. ഈ സംഭവത്തിൻ്റെ ചിത്രമാണ് നാം കാണുന്നത്. 12 ജൂലൈ 2025ന് ബംഗ്ലാദേശ് മാധ്യമ വെബ്സൈറ്റ് പ്രഥം ആളോ ഈ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാർത്ത വായിക്കാൻ – Pratham Alo | Archived Link
കൊള്ളയടിക്കല്‍ ഉദ്ദേശ്യത്തോടെയാണ് ജൂബോ ഛാത്ര ദല്‍, സ്വെച്ചാസെബക് ദല്‍ എന്നി സംഘടനയുടെ അംഗങ്ങള്‍ ലാല്‍ ചന്ദ് ഏലിയാസ് സോഹാഗിനെ തള്ളികൊന്നത്. സോഹാഗ് ഒരു സ്ക്രാപ്പ് മെറ്റല്‍ വ്യാപാരിയായിരുന്നു. ഇയാളെ ഇവര്‍ നഗ്നരാക്കി ക്രൂരമായി മർദിച്ച് തല്ലി കൊന്നു. റിപ്പോർട്ട് പ്രകാരം മുൻപ് ലാൽ ചന്ദും ജൂബോ ദലിൻ്റെ അംഗമായിരുന്നു. ലാൽ ചന്ദിൻ്റെ സഹോദരി മഞ്ജുവാര ബീഗം നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്തിട്ടുണ്ട് എന്നും റിപ്പോർട്ട് പറയുന്നു.
കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ബംഗ്ലാദേശ് സർക്കാറിൻ്റെ ഫാക്ട് ചെക്ക് അക്കൗണ്ട് ഈ സംഭവവുമായി ബന്ധപ്പെട്ട വ്യാജ പ്രചരണത്തെ കുറിച്ച് പ്രസിദ്ധികരിച്ച ഒരു പോസ്റ്റ് കണ്ടെത്തി. മരിച്ച ലാൽ ചന്ദ് ഹിന്ദുവല്ല മുസ്ലിമാണെന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു. ലാൽ ചന്ദ് എന്ന പേര് കേട്ട് ഇന്ത്യൻ മാധ്യമങ്ങൾ ഇയാൾ ഹിന്ദുവാണെന്ന് റിപ്പോർട്ട് ചെയ്തു എന്ന് പോസ്റ്റിൽ പറയുന്നു. ലാൽ ചന്ദ് ഏലിയാസ് സൊഹാഗിനെ മുസ്ലിം ആചാരം പ്രകാരം അടക്കം ചെയ്തത് എന്നും പോസ്റ്റ് വ്യക്തമാക്കുന്നു. ഈ പോസ്റ്റ് നമുക്ക് താഴെ കാണാം.
പോസ്റ്റ് കാണാൻ – CA Press Wing Facts | Archived
ലാൽ ചന്ദിൻ്റെ പിതാവിൻ്റെ പേര് മുഹമ്മദ് അയ്യൂബും അമ്മയുടെ പേര് ആലിയ ബീഗം എന്നാണ്. ലാൽ ചന്ദിനെ അദ്ദേഹത്തിൻ്റെ അമ്മയുടെ ഖബറിൻ്റെ അടുത്താണ് അടക്കം ചെയ്തത് എന്നും പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്. ഈ കാര്യം ആലോകിതോ ബംഗ്ലാദേശ് എന്ന മാധ്യമ വെബ്സൈറ്റ് അവരുടെ വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. ലാൽ ചന്ദിനെ അടക്കം ചെയ്ത വാർത്തയുടെ വീഡിയോ നമുക്ക് താഴെ കാണാം.
നിഗമനം
ബംഗ്ലാദേശിൽ ഒരു ഹിന്ദു വ്യക്തിയെ തല്ലി കൊല്ലുന്ന സംഭവത്തിൻ്റെ ചിത്രം എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.ഈ സംഭവത്തിൽ ഇരയായ സ്ക്രാപ്പ് മെറ്റൽ വ്യാപാരി മുസ്ലിമാണ് ഹിന്ദുവല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിൽ ഒരു സ്ക്രാപ്പ് ഡീലറിനെ തല്ലികൊല്ലുന്ന സംഭവത്തിൻ്റെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
