യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന പിരിവുകാരുടെ ദൃശ്യങ്ങൾ സ്ക്രിപ്റ്റഡ് ആണ്…

പ്രാദേശികം | Local സാമൂഹികം

പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി എന്ന് പരിതപിക്കാതെ മലയാളിയുടെ ഒരു ദിവസം പോലും ഇക്കാലത്ത് കടന്നു പോകുന്നില്ല. പലയിടത്തും നിർബന്ധിത പിരിവ് പോലെയാണ് കാര്യങ്ങളുടെ പോക്ക്.  ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് പിരിവുകാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്.

പ്രചരണം 

കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലമായി പിരിവ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം, പണം നല്കാന്‍ തയ്യാറാകാത്ത യാത്രക്കാരനെ കാറില്‍ നിന്നും വലിച്ചിറക്കി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും എന്തുതന്നെ വന്നാലും പിരിവ് നല്കാന്‍ തയ്യാറല്ലെന്ന് യാത്രികന്‍ പറയുന്നതും കാണാം. ആളുകള്‍ ചുറ്റും കൂടുന്നുണ്ട്. 

ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് റോഡിൽ നടത്തുന്ന നിർബന്ധിത പിരിവ് ദൃശ്യങ്ങൾ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നാല് സ്റ്റാർ കെട്ടിയതിന് പിരിവ് കൊടുക്കാത്തതിന് അടി കൊടുക്കുന്ന അവസ്ഥ വരെ ആയി”

FB postarchived link

എന്നാൽ സക്രിപ്റ്റഡ് വീഡിയോ ആണിതെന്നും യഥാർത്ഥമല്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഈ വീഡിയോ കഴിഞ്ഞ വർഷം മുതൽ പ്രചരിക്കുന്നതാണ്. ഡിവൈഎഫ്ഐ പ്രവർത്തകരാണിത് എന്നവകാശപ്പെട്ട് ആണ് പ്രചരണം നടന്നത്. പ്രചരണത്തിന് മുകളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

ദൃശ്യങ്ങളെ കുറിച്ച് കൂടുതലറിയാന്‍ ഞങ്ങള്‍ ആദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ തിരഞ്ഞു. ഇത് സ്ക്രിപ്റ്റ് ചെയ്ത വീഡിയോ ആണെന്ന് പലരും കമന്‍റ് ചെയ്തിട്ടുണ്ട്.

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സുജിത്ത് രാമചന്ദ്രന്‍ എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റു ചെയ്ത ഇതേ വീഡിയോ ലഭ്യമായി. വിനോദത്തിനും അവബോധത്തിനുമായി ദൃശ്യങ്ങള്‍ പ്രത്യേകം ചിത്രീകരിച്ചതാണെന്നുള്ള ഡിസ്ക്ലൈമര്‍ വിവരണത്തോടൊപ്പം കൊടുത്തിട്ടുണ്ട്.

കൂടാതെ ഞങ്ങള്‍ സുജിത്ത് രാമചന്ദ്രനുമായി സംസാരിച്ചു. സുജിത്ത് പറഞ്ഞതിങ്ങനെ: “ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ചേര്‍ന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. ഇപ്പോള്‍ എവിടെ ചെന്നാലും പിരിവ് നാട്ടുനടപ്പായി മാറിയിട്ടുണ്ട്. അതിനെതിരെ ഞങ്ങളുടെ രീതിയില്‍ ഒരു ചെറിയ വീഡിയോ ഉണ്ടാക്കിയതാണ്. അത് ഇങ്ങനെ വൈറല്‍ ആകുമെന്നോ ഇതുപോലെ തെറ്റായ വിവരണങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുമെന്നോ കരുതിയില്ല. ഇതിലെ അഭിനേതാക്കളില്‍ വിവിധ രാഷ്ട്രീയ ചിന്താഗതി ഉള്ളവരും  വിവിധ മതവിഭാഗത്തില്‍ പ്പെട്ടവരുമുണ്ട്. ഞങ്ങളുടെ വീഡിയോയില്‍ മതമോ രാഷ്ട്രീയമോ കലര്‍ന്നിട്ടില്ല. ഏതെങ്കിലും സംഘടനയുടെ പേരില്‍ പ്രചരിക്കുന്നതിന് ഞങ്ങള്‍ ഉത്തരവാദിയല്ല. വീഡിയോയുടെ ഒപ്പം വ്യക്തമായി ഡിസ്ക്ലൈമര്‍ നല്‍കിയിരുന്നു.”

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല. വിനോദത്തിനും അവബോധത്തിനുമായി പ്രത്യേകം ചിത്രീകരിച്ച വീഡിയോ ആണിത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന പിരിവുകാരുടെ ദൃശ്യങ്ങൾ സ്ക്രിപ്റ്റഡ് ആണ്…

Fact Check By: Vasuki S 

Result: MISLEADING