വീഡിയോയിലെ പാട്ടുകാരി ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളല്ല, സത്യമിതാണ്…

സാമൂഹികം കൌതുകം

മനോഹരിയായ ഒരു ഗായിക മനോഹരമായി ഗാനങ്ങൾ ആരംഭിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് 

പ്രചരണം

മുഖാമുഖം നടത്തുന്ന പെൺകുട്ടി ആവശ്യപ്പെടുന്നതനുസരിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ അനായാസമായി ശ്രുതിലയ മികവോടെ ഗാനങ്ങൾ ആലപിക്കുന്ന മനോഹരിയായ ഗായികയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് ഗായിക പ്രിയങ്ക ഗാന്ധി മതേരയുടെ മകളാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….*

*പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ” ജോനിറ്റ ഗാന്ധി “യുടെ മനോഹര ഗാനങ്ങൾ !*”

FB postarchived link

എന്നാൽ ഈ പ്രചരണം പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി ഗാനങ്ങൾ ആലപിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ മകളല്ല 

വസ്തുത ഇതാണ്

പ്രതികരിക്കുന്ന വീഡിയോയുടെ മുകൾഭാഗത്ത് BehindwoodsCold  എന്നൊരു ലോഗോ കാണുന്നുണ്ട്. യൂട്യൂബിൽ ഞങ്ങൾ തിരഞ്ഞപ്പോൾ ഇതേ ചാനൽ ലഭ്യമായി. 

പ്രചരിക്കുന്ന വീഡിയോയുടെ ദൈർഘമേറിയ പതിപ്പ് അതിൽ നൽകിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ ജോനിത ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പേജ് ലഭിച്ചു. അവരുടെ വിവിധ ചിത്രങ്ങളും വീഡിയോകളും അതിലുണ്ട്. ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ ഗാനങ്ങൾ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോകൾ ഇവർ നടത്തുന്നുണ്ടെന്ന് ഇൻസ്റ്റഗ്രാം പേജ് പരിശോധിച്ചാൽ വ്യക്തമാകും.  തുടർന്ന് വിക്കിപീഡിയയിൽ ജോനിതയെക്കുറിച്ച് തിരഞ്ഞപ്പോൾ കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജയാണ് ഇവരെന്ന് വിശദമാക്കിയിരിക്കുന്നത് കണ്ടു. 

ജോനിത ഗാന്ധി ഇന്ത്യൻ വംശജയായ കനേഡിയൻ പിന്നണി ഗായികയാണ്.  പഞ്ചാബി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ അവർ ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. ദി ബ്രേക്കപ്പ് സോംഗ്, മെന്‍റൽ മനതിൽ, ചെല്ലമ, അറബിക് കുത്ത് എന്നിവ ജോനിതയുടെ പ്രശസ്തമായ ചില ഗാനങ്ങളാണ്. യൂട്യൂബ് സാന്നിധ്യത്തിനും അവൾ പ്രശസ്തയാണ്. 2013ൽ ചെന്നൈ എക്‌സ്പ്രസ് ടൈറ്റിൽ ട്രാക്കിലൂടെ ജോനിത അരങ്ങേറ്റം കുറിച്ചു

ഡൽഹിയിൽ നിന്നുള്ള ഒരു പഞ്ചാബി കുടുംബത്തിലാണ് ഗാന്ധി ജനിച്ചത്. ജോനിതക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോൾ അവളുടെ കുടുംബം കാനഡയിലെ ബ്രാംപ്ടണിലേക്ക് കുടിയേറി. 

അച്ഛനും സഹോദരനും പാർട്ട് ടൈം സംഗീതജ്ഞരായതിനാൽ സംഗീതത്തിന്‍റെ വഴി തന്നെ ജോനിതയും തെരെഞ്ഞെടുത്തു. സോനു നിഗമിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തിലാണ് പിന്നണി ഗാനരംഗത്തേക്ക് കാല്‍വയ്പ്പ് നടത്തിയത്. എ.ആർ.റഹ്മാൻ, പ്രീതം എന്നിവരുൾപ്പെടെയുള്ള സംഗീത സംവിധായകർക്കൊപ്പം ഗാന്ധി പിന്നണി ഗായികയായി. 2021-ല്‍, വിഘ്നേഷ് ശിവന്റെ തമിഴ് ചിത്രമായ വാക്കിംഗ്/ടോക്കിംഗ് സ്ട്രോബെറി ഐസ്ക്രീമിലൂടെയാണ് ഗാന്ധി സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎൽ 2023 സമാപന ചടങ്ങില്‍, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ജോനിത സംഗീത പ്രകടനം നടത്തി. 

ജോനിതയെ കുറിച്ച് ലഭ്യമായ വിവരങ്ങളിൽ ഒന്നും അവർക്ക് നെഹ്റു കുടുംബവുമായി എന്തെങ്കിലും തരത്തിൽ ബന്ധമുള്ളതായി പറയുന്നില്ല.  ജോനിതയും താൻ നെഹ്റു കുടുംബത്തിലേതാണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് അനുമാനിക്കാം. 

തുടര്‍ന്ന് ഞങ്ങൾ പ്രിയങ്ക ഗാന്ധിയുടെ മകളെക്കുറിച്ച് തിരഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ മകളുടെ പേര് മിറായ വദ്ര എന്നാണ് മിറായയുടെ നിരവധി ചിത്രങ്ങൾ ഓൺലൈനിൽ ലഭ്യമാണ്.  മിറായയ്ക്ക് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒന്നിലും സജീവമല്ല. 

താരതമ്യ ചിത്രം ശ്രദ്ധിക്കുക: 

പ്രചരിക്കുന്ന ചിത്രം ജോണിത ഗാന്ധി എന്ന കനേഡിയൻ ഗായികയുടേതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രത്തിൽ കാണുന്ന ജോനിതാ ഗാന്ധി ഇന്ത്യൻ വംശജയായ കനേഡിയൻ ഗായികയാണ്.  നെഹ്റു കുടുംബവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. പ്രിയങ്ക ഗാന്ധിയുടെ മകളുടെ പേര് മിറായ വദ്ര എന്നാണ് ഇവരുടെ ചിത്രങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വീഡിയോയിലെ പാട്ടുകാരി ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളല്ല, സത്യമിതാണ്…

Written By: Vasuki S 

Result: False