
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലിലൂടെയുള്ള ബോട്ടിങ്ങ് ആസ്വദിക്കാതെ മടങ്ങാറില്ല. കടല്‍ക്കാറ്റേറ്റ് തീരത്തിന്‍റെ സൌന്ദര്യം ആസ്വദിച്ച് കടലിലൂടെയുള്ള യാത്ര ഓരോ സഞ്ചാരിക്കും നിറമുള്ള ഓര്‍മകള്‍ സമ്മാനിക്കും. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബോട്ടിംഗ് വലിയ അപകടമായി മാറാന്‍ സാധ്യതയേറെയാണ്. ഗോവയില്‍ അനേകം പേരുടെ ജീവനെടുത്ത ഒരു ബോട്ടപകടം കഴിഞ്ഞ ദിവസം ഉണ്ടായി എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു ബോട്ട് വലിയ ജലശേഖരത്തിലൂടെ പോകുന്നതും ഏതാനും നിമിഷങ്ങള്‍ക്കുളില്‍ മുങ്ങുന്നതും വെള്ളത്തിൽ മുങ്ങുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗോവയില്‍ ഇക്കഴിഞ്ഞ ദിവസം ഉണ്ടായ അപകടമാണെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എല്ലാവരിലും സ്വയം ബോധം ഉണ്ടാകാൻ ഉപകാരപ്പെടും ഷെയർ 👍
ഓർക്കുക അറിയുക നിങ്ങൾ സന്തോഷകരമായ നിമിഷത്തിലൂടെയാണ് പോകുന്നത് എന്ന ധാരണ വെക്കേണ്ട ഇതുപോലെ തൊട്ട് പിന്നിൽ ഉണ്ട് നിങ്ങളുടെ വിഷമകരമായ അവസ്ഥ ആരെയും വിഷമിപ്പിക്കാതെ സങ്കടപെടുത്താതെ ജീവിക്കണം എന്നൊക്കെ ഞാനുള്പെടുന്ന ആളുകൾ പറയുന്നതിന്റെ കാര്യം ഇതാണ് നിങ്ങൾ കണക്ക് കുട്ടിയ കണക്ക് ശരിയാണ് എന്ന ധാരണയിൽ പോകുമ്പോൾ
ദൈവം വിചാരിച്ചാൽ ആ കണക്ക് തെറ്റിക്കാനും അറിയും
ഇന്ന് ഗോവയിൽ നടന്ന അപകടത്തിൽ
23 മൃതദേഹങ്ങൾ കണ്ടെടുത്തു 40 പേരെ രക്ഷപ്പെടുത്തി
64 പേരെ കാണാതായി”
https://archive.org/details/screencast-www_facebook_com-2024_10_06-21_34_22
എന്നാല്‍ ഈ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
വസ്തുത ഇതാണ്
സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ പലരും പല ഭാഷകളിലും ഇതേ വീഡിയോ ഗോവയിലെ അപകടമാണെന്ന് അവകാശപ്പെട്ട് പങ്കിടുന്നുണ്ട്. എന്നാല്‍ ഗോവയില്‍ ഇങ്ങനെയൊരു അപകടം നടന്നിട്ടില്ല എന്നതാണ് വാസ്തവം.
ഗോവയുടെ പേരില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് വീഡിയോ ഗോവയിലെതല്ലെന്ന് വ്യക്തമാക്കി ഗോവ പോലീസ് X പ്ലാറ്റ്ഫോമില്‍ ഒക്ടോബർ 5 ശനിയാഴ്ച വിശദീകരണ കുറിപ്പ് പോസ്റ്റു ചെയ്തിട്ടുണ്ട്.

“ഈ സംഭവം നടന്നത് ആഫ്രിക്കയിലെ ഗോമ, കോംഗോയിലാണ്. സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടുന്നത് ഒഴിവാക്കുക,”
അതേസമയം, ക്വാംഗോ നദിയിൽ കഴിഞ്ഞ ദിവസം ബോട്ട് മറിഞ്ഞ സംഭവത്തെക്കുറിച്ച് വാര്‍ത്തകളുണ്ട്. അപകടങ്ങൾക്ക് ഉത്തരവാദികളായവര്‍ക്ക് എതിരെ അന്വേഷണങ്ങൾ നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചതായി വാര്‍ത്തകള്‍ പറയുന്നു.
സൗത്ത് കിവു ഗവർണർ പറയുന്നതനുസരിച്ച്, സ്ഥിരീകരിച്ച മരണസംഖ്യ 78 ആണ്, 278 പേർ ബോട്ടിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എണ്ണം ഉയർന്നേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “മുഴുവന്‍ മൃതദേഹങ്ങളും ഇതുവരെ കണ്ടെടുത്തിട്ടില്ലാത്തതിനാൽ കൃത്യമായ എണ്ണം നിർണ്ണയിക്കാൻ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും എടുക്കും,” ഗവർണർ ജീൻ ജാക്ക് പുരിസി അറിയിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസോസിയേറ്റഡ് പ്രസ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇതേ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം.

നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന ബോട്ട് അപകടം ഗോവയില്‍ നടന്നതല്ല. ആഫ്രിക്കയിലെ കോംഗോയിലുള്ള ഗാമ എന്ന സ്ഥലത്തു നടന്ന ബോട്ടപകടത്തിന്റെ ദൃശ്യങ്ങളാണിത്. ഗോവയില്‍ ഈയിടെയൊന്നും ബോട്ടപകടം ഉണ്ടായിട്ടില്ല.
