അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ ശേഷം ഹിന്ദു-മുസ്ലിം സ്പര്‍ദ്ധ സൃഷ്ടിക്കുന്ന രീതിയില്‍ ചില പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണ് നമ്മള്‍ ഇന്ന് പരിശോധിക്കുന്നത്.

പ്രചരണം

യൂണിഫോം ധരിച്ച നിരവധി പോലീസ് ഉദ്യോഗസ്ഥർ പൊതു നിരത്തില്‍ നിന്നും വീടുകളിൽ കയറി യുവാക്കളെ ബലം പ്രയോഗിച്ചും ഏതാനും യുവാക്കളെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. മുംബൈയില്‍ ശ്രീരാമ ഭക്തര്‍ക്ക് നേരെയുണ്ടായ ജിഹാദി ആക്രമണം നടത്തിയ ജിഹാദികളെ പോലീസ് പിടികൂടുന്നു എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മുംബയിൽ മീര റോഡിൽ വെച്ച് ജയ് ശ്രീറാം കൊടികൾ കെട്ടി പോയ വണ്ടികൾ തകർത്ത ശേഷം അതിലുണ്ടായ ഭക്തരെ ആക്രമിച്ച ജിഹാദികളെ 24 മണിക്കൂറിനുള്ളിൽ വീട്ടിൽ കയറി പൊക്കി കൊണ്ട് പോകുന്ന നയന മനോഹര കാഴ്ച്ച.....”

FB postarchived link

എന്നാല്‍ ഹൈദരാബാദില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഈ ദൃശ്യങ്ങൾ 2022 ഓഗസ്റ്റ് മുതല്‍ പ്രചരിക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ശേഷം സസ്പെൻഡ് ചെയ്യപ്പെട്ട ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് ടി രാജാ സിംഗിനെതിരെ പ്രതിഷേധിച്ചതിന് ഹൈദരാബാദ് പോലീസ് യുവാക്കളെ അവരുടെ വീടുകളിൽ നിന്ന് പിടികൂടിയ സന്ദര്‍ഭത്തിലെ ദൃശ്യങ്ങളാണിത്.

2022 ഓഗസ്റ്റ് 25-ന് ദി ന്യൂസ് മിനിറ്റ് അപ്‌ലോഡ് ചെയ്ത ഒരു യുട്യൂബ് വീഡിയോ റിപ്പോര്‍ട്ട് ഇതേ സംഭവത്തെ കുറിച്ചുള്ളതാണ്.

2022 ഓഗസ്റ്റ് 24 ന് രാത്രി, ഹൈദരാബാദ് പോലീസ് പഴയ നഗരത്തിലെ നിരവധി വീടുകളിൽ ആക്രമികളെ തേടി അതിക്രമിച്ച് കയറുകയും ചില പ്രദേശങ്ങളിൽ പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് യുവാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് വീഡിയോയുടെ വിവരണം പറയുന്നു.

ആഗസ്റ്റ് 22 ന് രാജാ സിംഗ് അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. എന്നിരുന്നാലും, ഓഗസ്റ്റ് 25 ന് തെലങ്കാന പോലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയുടെ ഇടപെടലിനെ തുടർന്ന് 90-ലധികം പേരെ പോലീസ് പിന്നീട് വിട്ടയച്ചു.

വൈറലായ വീഡിയോ ശ്രദ്ധാപൂർവ്വം പരിശോധിച്ചപ്പോൾ 'ഷഫാഫ്' എന്ന് എഴുതിയ ഒരു ബോർഡ് ഞങ്ങൾ കണ്ടെത്തി. ന്യൂസ് മിനിറ്റ് വാര്‍ത്തയില്‍ ഈ ബോര്‍ഡ് വ്യക്തമായി കാണാം.

ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോള്‍ ഹൈദരാബാദിലെ പഴയ നഗരത്തിലെ ഷാ അലി ബന്ദയാണ് ലൊക്കേഷൻ എന്ന് ഞങ്ങൾ കണ്ടെത്തി. തെരുവ് കാഴ്ചയുമായി വൈറൽ വീഡിയോ താരതമ്യം ചെയ്യുമ്പോൾ സമാനതകൾ കാണാം.

ഹൈദരാബാദിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണ് മുബൈയില്‍ ഈയിടെ ജിഹാദികളെ പോലീസ് പിടികൂടി എന്ന പേരില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. 2022 ഓഗസ്റ്റില്‍ ഹൈദരാബാദില്‍ ബി‌ജെ‌പി നേതാവിനെതിരെ പ്രതിഷേധിച്ച യുവാക്കളെ പിടികൂടാനെത്തിയ പോലീസിന് നേരെ കല്ലേറുണ്ടായപ്പോള്‍ ബലം പ്രയോഗിച്ച് പോലീസ് ആക്രമികളെ പിടികൂടുന്ന ദൃശ്യങ്ങളാണിത്. മുംബൈയില്‍ ജയ് ശ്രീറാം കൊടികള്‍ കൊണ്ടുപോയ വണ്ടികള്‍ തകര്‍ത്ത് അതിലുണ്ടായിരുന്ന ഭക്തരെ ആക്രമിച്ച ജിഹാദികളെ പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. 2022 ല്‍ ഹൈദരാബാദില്‍ ഉണ്ടായ ഈ സംഭവത്തിന് മുംബൈയുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘മുംബൈയില്‍ ശ്രീരാമ ഭക്തര്‍ക്ക് നേരെ ആക്രമണം നടത്തിയ ജിഹാദികളെ പോലീസ് പിടികൂടുന്നു’വെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്...

Written By: Vasuki S

Result: False