മത്സ്യത്തിന്‍റെ വയറ്റില്‍ രാസ ഗുളികകള്‍ നിറച്ച് വിറ്റ വ്യാപാരികളെ പിടികൂടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കിഡ്നി തകരാറിലാകുന്ന രാസ ഗുളികകൾ മത്സ്യങ്ങളുടെ വയറ്റിൽ നിറച്ചു വെച്ച്…

ഹിന്ദു മേഖലകളിൽ കച്ചവടം നടത്തിയിരുന്ന മുസ്ലീം വ്യാപാരികളുടെ അറസ്റ്റ്*…!?

ഹിന്ദുക്കൾ സൂക്ഷിക്കുക..ഇതൊന്നും ചാനൽ ന്യൂസിലോ പത്രത്തിലോ വരുകയില്ല…

അന്തി ചർച്ചയിലോ വരില്ല… എല്ലാം മറച്ചുവെക്കുന്നതാണ് കേരളത്തിലെ അവസ്ഥ… നമ്മൾ സൂക്ഷിച്ചാൽ നമുക്ക് നല്ലത്. 🙏🏻 എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മീന്‍ വില്‍ക്കുന്ന കടയില്‍ നിന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയുടെ ഉള്ളടക്കം. രേഷ്മ ആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ റീല്‍ വീഡിയോ കാണാം –

Facebook PostArchived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാസ ഗുളികകള്‍ മത്സ്യങ്ങളുടെ വയറ്റില്‍ നിറച്ച് വില്‍ക്കുന്ന മുസ്ലീം വ്യാപാരികളെ പിടികൂടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളായി ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും യൂട്യൂബില്‍ നിന്നും വീഡിയോയുടെ ഉള്ളടക്കം കണ്ടെത്താന്‍ കഴിഞ്ഞു. ബ്രേവ് ഇന്ത്യാ ന്യൂസ് എന്ന യൂട്യൂബ് ചാനലില്‍ 2024 ജൂലൈ 25ന് പങ്കുവെച്ച വീഡിയോയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ദൈവമേ ഇതൊക്കെയാണ് നമ്മൾ അകത്താക്കുന്നത് || കൊച്ചിയിലെ വിവിധ മാർക്കറ്റുകളിൽ നിന്ന് പിടിച്ച പുഴുവരിച്ച മത്സ്യം || EXCLUSIVE എന്നതാണ് വാര്‍ത്തയ്ക്ക് നല്‍കിയിരിക്കുന്ന വിവരണം.

ഇതെ വീഡിയോ റീല്‍ ആയി അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലും പങ്കുവെച്ചിചട്ടുണ്ട്. ഇതെ റീല്‍ വീഡിയോയുടെ 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഭാഗമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയില്‍

യൂട്യൂബില്‍ ബ്രേവ് ഇന്ത്യാ ന്യൂസ് പങ്കുവെച്ച വാര്‍ത്ത വീഡിയോ –

യൂട്യൂബ്

റീല്‍ വീഡിയോ –

IG Reel 

എന്നാല്‍ വില്‍ക്കുന്ന മീനുകളില്‍ നിന്നും രാസ ഗുളികള്‍ കണ്ടെത്തെയിട്ടുണ്ടോ?

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കൊച്ചി കോര്‍പ്പൊറേഷന്‍ ഒന്‍പതാം ഹെല്‍ത്ത് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്‌ടര്‍ ആര്‍.എസ്.മധുവുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന വീഡിയോ സ്ഥിരീകരിക്കാനായി വാട്‌സാപ്പിലൂടെ വീഡിയോ അയച്ചു നല്‍കി. പരിശോധന നടത്തുന്ന പ്രദേശം 20-ാം സര്‍ക്കളായ സെമിത്തേരിമുക്കിന് കീഴില്‍ പച്ചാളമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ (ജെഎച്ച്ഐ) സി.വി.രഘു, സജു എന്നിവരാണ് പച്ചാളത്തെ ഈ മീന്‍ പരിശോധിന നടത്തിയത്. ഇവര്‍ തന്നെയാണ് ബ്രേവ് ഇന്ത്യയുടെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രരിക്കുന്ന വിഡിയോയിൽ കാണുന്ന കടയില്‍ പരിശോധന നടത്തിയത്.

പിന്നീട് ഞങ്ങള്‍ ജെഎച്ച്ഐ സി.വി.രഘുവായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരമാണ് –

സ്ഥിരമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായിട്ടാണ് ആരോഗ്യ വിഭാഗം പച്ചാളം മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയ്ക്കായി മൊബൈല്‍ ലാബ് സംവിധാനം ആരോഗ്യ വിഭാഗത്തിനൊപ്പം ഉണ്ടാകും. പഴക്കം തോന്നിക്കുന്ന മീനുകളില്‍ അമോണിയ പോലെയുള്ള രാസവസ്തുക്കള്‍ കേടുപാടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്നത് കണ്ടെത്താന്‍ നടത്തുന്ന പരിശോധന മാത്രമാണിത്. എന്നാല്‍ ഈ പരിശോധനയുടെ വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി വര്‍ഗീയമായി പ്രചരിപ്പിക്കുന്നത്. മീനുകളില്‍ നിന്നും രാസഗുളികളോ മറ്റ് വസ്തുക്കളോ കണ്ടെത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും” അദ്ദേഹം പറഞ്ഞു.

നിഗമനം

കൊച്ചിന്‍ കൊര്‍പ്പൊറേഷന്‍റെ ആരോഗ്യ വിഭാഗം ജൂലൈയില്‍ നടത്തിയ പരിശോധനയുടെ വീഡിയോയാണിത്. എന്നാല്‍ പച്ചാളം മാര്‍ക്കറ്റില്‍ നിന്നും പഴകിയതെന്ന് തോന്നിക്കുന്ന മീന്‍ പ്രാഥമിക പരിശോധന നടത്തുന്നതിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ വര്‍ഗീയ വേര്‍തിരുവുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മത്സ്യങ്ങളില്‍ നിന്നും രാസ ഗുളികകള്‍ കണ്ടെത്തിയിട്ടില്ലായെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം ജെഎച്ച്ഐ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് വ്യക്തമാകുന്നു.