റെയിൽവേ ട്രാക്കില്‍ എന്തെങ്കിലും വസ്തുക്കള്‍ നിക്ഷേപിച്ച് ട്രെയില്‍ പാളംതെറ്റിച്ച് അപകടങ്ങളുണ്ടാക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും ഏതാനും ആഴ്ചകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ട്രെയിൻ പാളം തെറ്റി അപകടമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മുസ്ലീം സമുദായത്തിൽപ്പെട്ടവര്‍ റെയിൽവേ ട്രാക്കിൽ ഒരു ഇരുമ്പ് ദണ്ഡ് കുറുകെ ഇട്ടിരിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

പ്രചരണം

റെയില്‍വേ ട്രാക്കിന് കുറുകെ നീളത്തിലുള്ള ഇരുമ്പ് ദണ്ഡ് കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ട്രെയിന്‍ അട്ടിമറി ശ്രമത്തിന്‍റെ ഭാഗമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രാംപൂരിൽ ഡൂൺ എക്സ്പ്രസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന ബിലാസ്പൂരിലെ ഉത്തരാഖണ്ഡ് അതിർത്തിയിൽ നിന്ന് സതി കോളനിക്ക് പിന്നിലൂടെ കടന്നുപോകുന്ന റെയിൽവേ ലൈനിലെ ട്രാക്കിൽ ഏഴ് മീറ്റർ നീളമുള്ള ടെലികോം പൈപ്പ് കൊണ്ട് വച്ചു. അതിനിടയിൽ ഡെറാഡൂൺ എക്സ്പ്രസ് കടന്നുപോയി അതിലൂടെ. ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടതിനാൽ വൻ അപകടം ഒഴിവായി. ഇപ്പോൾ, രാജ്യത്ത് ഒരു പ്രത്യേക വിഭാഗം ആളുകൾ രാവും പകലും ജോലി ചെയ്യുന്നു. അവരിൽ നിന്ന് ട്രെയിൽ യാത്രികരെ ആരു രക്ഷിക്കും?”

FB post | archived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ തിരഞ്ഞപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ 18 ന് ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ ബിലാസ്പൂർ പ്രദേശത്തെ ട്രാക്കിലാണ് ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. രുദ്രപൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നൈനി ജനശതാബ്ദിയുടെ ഡ്രൈവർ ദണ്ഡ് ട്രാക്കില്‍ കിടക്കുന്നതായി കണ്ട് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ദണ്ഡ് ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമായി റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചതല്ല. അതുപോലെ പ്രതികൾ മുസ്ലീങ്ങളല്ല. മദ്യലഹരിയിൽ തൂൺ മോഷ്ടിച്ച് പോകുകയായിരുന്ന സന്ദീപ്, വിജേന്ദ്ര എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ട്രെയിൻ വരുന്നത് കണ്ട് അവർ അത് അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ട്രാക്കിൽ തൂൺ സ്ഥാപിച്ചവർ മുസ്ലീങ്ങളാണെന്ന് ഒരു മാധ്യമ റിപ്പോർട്ടും പരാമർശിച്ചിട്ടില്ല. ഈ കേസിൽ സന്ദീപ്, വിജേന്ദ്ര എന്നീ രണ്ട് യുവാക്കളെ സെപ്റ്റംബർ 22 ന് പോലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്തകളുണ്ട്. രണ്ടുപേരും ഹിന്ദുക്കളാണെന്ന് പേരുകളിൽ നിന്ന് വ്യക്തമാണ്.

റാംപൂർ റെയിൽവേ പോലീസിലെ എസ്എച്ച്ഒ മുകേഷ് കുമാറുമായി ഞങ്ങള്‍ സംസാരിച്ചു,പ്രതികള്‍ മുസ്ലീങ്ങളല്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “സന്ദീപും വിജേന്ദറും ഹിന്ദുക്കളാണ്. അവർ മദ്യപിച്ചിരുന്നു. മാതമല്ല, വേറെ ക്രൈമുകളില്‍ പ്രതികളാണ്. ഇരുമ്പ് ദണ്ഡ് മോഷ്ടിച്ചു കൊണ്ടുപോകുമ്പോള്‍ അവിടെയുണ്ടായിരുന്ന കല്ലുകളില്‍ തട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ദൂരെനിന്നും വരുന്ന ട്രെയിന്‍റെ ലൈറ്റുകൾ കണ്ടപ്പോൾ അവർ ദണ്ഡ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു” സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവത്തെ കുറിച്ച് വര്‍ഗീയ പ്രചരണം ആരംഭിച്ചതോടെ കാര്യങ്ങള്‍ വിശദമാക്കി പോലീസ് സംഘം പത്ര പ്രസ്താവന ഇറക്കിയിരുന്നു

കേസിന്‍റെ പൂർണ്ണമായ വിശദാംശങ്ങൾ പല വാർത്താ റിപ്പോർട്ടുകളിലും നൽകിയിട്ടുണ്ട് . സന്ദീപും വിജേന്ദ്രയും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നും ഇരുവർക്കുമെതിരെ മറ്റുപല കേസുകലും മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുകേഷ് കുമാർ പറഞ്ഞു. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മൊറാദാബാദ് എസ്‌പി സംഭവത്തിന്‍റെ വസ്തുത വ്യക്തമാക്കി X ഹാന്‍റിലില്‍ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിഗമനം

രാംപൂരിലെ റെയിൽവേ ട്രാക്കിൽ കുറുകെ കിടന്ന ഇരുമ്പ് ദണ്ഡ് റെയില്‍വേ അട്ടിമറിക്കായി ഇട്ടതല്ല. പ്രതികള്‍ ഇരുമ്പ് ദണ്ഡ് മോഷ്ടിച്ചു കൊണ്ടുപോകുന്നതിനിടെ റെയില്‍വേ ട്രാക്കിലേയ്ക്ക് വീണുപോവുകയാണ് ഉണ്ടായത്. ഹിന്ദു സമുദായത്തിൽപ്പെട്ടവരാണ്, മുസ്ലിങ്ങളല്ല.

Claim Review :   രാംപൂരിലെ റെയിൽവേ ട്രാക്കിൽ ട്രെയിന്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഇരുമ്പ് ദണ്ഡ് നിക്ഷേപിച്ചിരിക്കുന്ന ചിത്രം
Claimed By :  Social Media Users
Fact Check :  FALSE