2019ൽഹൈദരാബാദിൽഒരുമാൾസ്ഥാപിച്ചഹോർഡിങ്തെറ്റായവിവരണത്തോടെപ്രചരിപ്പിക്കുന്നു…

Communal

സമൂഹ മാധ്യമങ്ങളിൽ ഒരു ഹോർഡിങിന്‍റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ഹോർഡിങ്‌ പ്രകാരം ഹൈദരാബാദിലെ CMR മാളിൽ മുസ്ലിം യുവാവ് ഹിന്ദു യുവതിയോടൊപ്പം വസ്ത്രം വാങ്ങാൻ വന്ന വലിയ ഡിസ്‌കൗണ്ട് ലഭിക്കും എന്നാണ് പ്രചരണം.

പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു മാളിന്‍റെ പരസ്യം ചെയ്യുന്ന ഹോർഡിങിന്‍റെ ചിത്രം കാണാം. ഈ ഹോർഡിങിനെ കുറിച്ച് ചിത്രത്തിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “ഡിസ്കൗണ്ട് ജിഹാദ്. ഹൈദരാബാദ് മാളിലെ പരസ്യം. ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്ലിം യുവാക്കൾക്ക് 50% വരെ ഡിസ്കൗണ്ട്.

എന്നാൽ ശരിക്കും ഹൈദരാബാദിലെ ഈ മാളിൽ ഹിന്ദു പെൺകുട്ടികളോടൊപ്പം വരുന്ന മുസ്ലിം യുവാക്കൾക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചോ? എന്താണ് ഈ പരസ്യത്തിന്‍റെ സത്യാവസ്ഥയെന്ന് നമുക്ക് അന്വേഷിക്കാം.

 വസ്തുത അന്വേഷണം 

ഈ ചിത്രത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് താഴെ നൽകിയ ഈ ട്വീറ്റ് ലഭിച്ചു.

Archived

ഈ ട്വീറ്റ് 2019ൽ പ്രസിദ്ധികരിച്ചതാണ്. അങ്ങനെ ഈ പരസ്യം ഈ അടുത്ത കാലത്ത് തെലുങ്കാനയിൽ പ്രത്യക്ഷപെട്ടതല്ല എന്ന് വ്യക്തമാണ്. കോൺഗ്രസ് അന്ന് തെലുങ്കാന ഭരിച്ചിരുന്നില്ല. കോൺഗ്രസ് അധികാരത്തിൽ വന്നത് 2023ലാണ്. ഞങ്ങൾ ഈ ഹോർഡിംഗ് പരിശോധിച്ചപ്പോൾ തെലുഗിൽ ഈ പരസ്യത്തിൽ എവിടെയും ഹിന്ദു പെൺകുട്ടികളെ കൂട്ടികൊണ്ട് വരുന്ന മുസ്ലിം യുവാക്കൾക്ക് വൻ ഡിസ്‌കൗണ്ട് ലഭിക്കും എന്ന തരത്തിൽ ഒന്നും എഴുതിയിട്ടില്ല. റംസാൻ സംബന്ധിച്ച് 10% മുതൽ 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും എന്നാണ് പറയുന്നത്. 

ഈ സംഭവത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് CMR ഷോപ്പിങ് മാൾ അവരുടെ ഫേസ്‌ബുക്ക് പേജിൽ ഈ ഹോർഡിങിനെ കുറിച്ച് ക്ഷമ യാചന നടത്തിയ ഈ പോസ്റ്റ് ലഭിച്ചു. 

ഈ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ വലിയ തെറ്റിന് CMR തെലുങ്കാന ഗ്രൂപ്പ് ക്ഷമാപണം. മുഴുവൻ CMR തെലങ്കാന ഗ്രൂപ്പിൽ നിന്നുള്ള തെറ്റിന് ക്ഷമാപണം. ഏതെങ്കിലും മതവികാരം വ്രണപ്പെടുത്താനോ വേർതിരിവ് സൃഷ്ടിക്കാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ എല്ലാ മതങ്ങളെയും പിന്തുണയ്ക്കുകയും പക്ഷപാതമില്ലാതെ എല്ലാ സമുദായങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നു. എല്ലാ ഹോർഡിംഗുകളും നീക്കം ചെയ്തു, ഭാവിയിൽ ഇത്തരത്തിലുള്ള ഒന്നും ആവർത്തിക്കില്ലെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു.

സിഎംആർ ഷോപ്പിംഗ് മാൾ ആന്ധ്രാപ്രദേശ് ഇതുമായി ഒരു തരത്തിലും ബന്ധമില്ല.” 

നിഗമനം  

കോൺഗ്രസ് ഭരിക്കുന്ന തെലുങ്കാനയിലെ മാളിലെ പരസ്യം പ്രകാരം ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്ലിം യുവാക്കൾക്ക് 50% വരെ ഡിസ്‌കൗണ്ട് എന്ന തരത്തിൽ നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 2019ൽ ഹൈദരാബാദിലെ ഒരു മാൾ റമസാൻ സേലിന്‍റെ പരസ്യത്തിൽ മുസ്ലിം യുവാവും ഹിന്ദു പെൺകുട്ടിയുടെ പടങ്ങൾ ഉപയോഗിച്ചിരുന്നു. വിവാദം ആയതിനെ ശേഷം മാൾ ഈ ഹോർഡിങ് നീക്കം ചെയ്ത് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. പരസ്യത്തിൽ എവിടെയും മുസ്ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികൾക്കൊപ്പം വന്ന അവർക്ക് ഡിസ്‌കൗണ്ട് നൽകും എന്ന് പറഞ്ഞിരുന്നില്ല.