
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റ് സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. “1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണെന്നും സംസ്ഥാനത്തിന്റെ ഭാവി സംബന്ധിച്ചുള്ള നിർണായകമായ പദ്ധതികളും പരിപാടിയും ഉൾക്കൊള്ളിച്ചുകൊണ്ട് നാടിന്റെ വികസനവും ക്ഷേമവും മുൻപോട്ടു കൊണ്ടുപോകുന്നതിനായുള്ള ബജറ്റാണെന്നും” എന്നാണ് ധനമന്ത്രി തന്നെ ബജറ്റിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
ബജറ്റില്‍ കേരള സദസ്സ് നടത്തിപ്പിനായി തുക വകയിരുത്തി എന്നവകാശപ്പെടുന്ന ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്.
പ്രചരണം
24 ന്യൂസിന്‍റെ ന്യൂസ് കാര്‍ഡിലെ വാചകങ്ങള്‍ ഇങ്ങനെയാണ്: കേരള ബജറ്റ് 2024 നവകേരള സദസ്സിന് 1000 കോടി” നവകേരള സദസ്സിന്‍റെ ചെലവിനായാണ് ഈ തുക വകയിരിത്തിയിട്ടുള്ളത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നവകേരള സദസ്സിന് 1000 കോടി. ..ദാരിദ്രനിർമ്മാർജ്ജനത്തിന് 50 കോടി. ..അടിപൊളി!!!”

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
24 ന്യൂസിന്‍റെ ന്യൂസ് കാര്‍ഡില്‍ ‘നവകേരള സദസ്സിന് 1000 കോടി’ എന്ന് ചുരുക്കി എഴുതിയതാണ് സന്ദേഹത്തിന് ഇടയാക്കിയത്. നവകേരള സദസ്സില്‍ വന്ന വികസന പദ്ധതികള്‍ക്കായി 1000 കോടി എന്നാണ് മന്ത്രി യഥാര്‍ഥത്തില്‍ പറഞ്ഞത്. ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ സംസ്ഥാന ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ നിന്നും നവകേരള പദ്ധതികള്‍ക്കായി തുക വകകൊള്ളിച്ചിരിക്കുന്നതിനെ കുറിച്ചു പറയുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റിന്‍റെ യുട്യൂബ് ചാനലില്‍ നിന്നും ലഭിച്ചു.
നവകേരള സദസ്സില്‍ വന്ന വികസന പദ്ധതികള്‍ക്കായി 1000 കോടി വകയിരുത്തി എന്നാണ് വ്യക്തമായി മന്ത്രി പരാമര്‍ശിക്കുന്നത്. ഇതേ ദൃശ്യങ്ങള്‍ മറ്റ് യുട്യൂബ് ചാനലുകളിലും കാണാം.
കൈരളി ഓണ്‍ലൈന്‍ പതിപ്പില്‍ നവകേരള സദസ്സ് വികസന പദ്ധതികള്‍ക്കായി കേരള ബജറ്റ് 2024 ല്‍ 1000 കോടി വകയിരുത്തിയതായി വാര്‍ത്ത നല്കിയിട്ടുണ്ട്. ബജറ്റിന്‍റെ വിശദാംശങ്ങള്‍ ധനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്കിയിട്ടുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ബജറ്റിലെ കേരള സദസ്സ് തുക വകയിരുത്തലുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നവകേരള സദസ്സ് നടത്തിപ്പ് ചിലവിലേയ്ക്കായി 1000 കോടി രൂപ സംസ്ഥാന ബജറ്റ് 2024 ല്‍ വകയിരുത്തി എന്നല്ല ധനമന്ത്രി എന്‍ ബാലഗോപാല്‍ പറഞ്ഞത്. നവകേരള സദസ്സ് വികസന പദ്ധതികള്‍ക്കായി കേരള ബജറ്റ് 2024 ല്‍ 1000 കോടി വകയിരുത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:‘കേരള ബജറ്റ് 2024 നവകേരള സദസ്സിന് 1000 കോടി’ എന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യമിതാണ്…
Written By: Vasuki SResult: Misleading
